Sunday October 22, 2017
Latest Updates

മരമുത്തശ്ശിമാരുടെ കടയ്ക്കല്‍ കത്തിവെയ്ക്കാനുള്ള നീക്കത്തിനെതിരെ ഡബ്ലിനില്‍ നാട്ടുകാരുടെ കൂട്ടായ്മയും ചെറുനില്‍പ്പും

മരമുത്തശ്ശിമാരുടെ കടയ്ക്കല്‍ കത്തിവെയ്ക്കാനുള്ള നീക്കത്തിനെതിരെ ഡബ്ലിനില്‍ നാട്ടുകാരുടെ കൂട്ടായ്മയും ചെറുനില്‍പ്പും

ഡബ്ലിന്‍:സൈക്കിള്‍ പാതയ്ക്കായി മരമുത്തശ്ശിമാരുടെ കടയ്ക്കല്‍ കത്തിവെയ്ക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ നാട്ടുകാരുടെ കൂട്ടായ്മയും ചെറുനില്‍പ്പും.സൈക്കിള്‍ പാത നിര്‍മ്മിക്കുന്നതിനായി നൂറിലേറെ വര്‍ഷം പ്രായമുള്ള 62 മരങ്ങളെ ‘കൊന്നൊ’ടുക്കാനാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ തീരുമാനം.ഇതിനെതിരെ 2300ഓളം ആളുകളൊപ്പിട്ട പരാതി നല്‍കിയിട്ടുണ്ട്.
ഫെയര്‍വ്യു പാര്‍ക്കിനു പുറത്ത് സൈക്കിള്‍ പാത ഒരുക്കുന്നതിനാണ് കൗണ്‍സില്‍ തീരുമാനിച്ചത്.
മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് പകരം മരങ്ങള്‍ നടുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസിസി പറഞ്ഞിരുന്നു.എന്നാല്‍ അതുണ്ടായിട്ടില്ല.

സട്ടണില്‍ നിന്നും സിറ്റി സെന്ററിലേക്ക് രണ്ടരക്കിലോമീറ്റര്‍ ദൂരത്തില്‍ ക്ലോണ്ടാര്‍ഫില്‍ നിന്നും ആമീന്‍ സ്ട്രീറ്റിലേക്കാണ് സൈക്കിള്‍പാത നിര്‍മ്മിക്കുക.

മരങ്ങളുടെ ചരിത്ര പ്രാധാന്യം ആഗ്രഹിക്കുന്ന പ്രദേശവാസികള്‍ ഇക്കാര്യക്കില്‍ ഉറച്ച നിലപാടിലാണ്.ഇക്കാര്യത്തില്‍ പിന്നോട്ടുപോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നു ഫെയര്‍വ്യു നിവാസി ഏഡല്‍ ലീഹി പറഞ്ഞു.ഇദ്ദേഹമാണ് പരാതി നല്‍കുന്നതിന് നേതൃത്വം നല്‍കിയത്. ഫേസ്ബുക്കിലും ഇതിനെതിരെ പ്രചാരണം സംഘടിപ്പിച്ചിരുന്നു.

നമ്മള്‍ ഓരോരുത്തരേക്കാളും ഇവിടെ കഴിയുന്നവരാണ് ഈ മരങ്ങള്‍.അവയെ കൊല്ലാക്കൊലയ്ക്ക് വിട്ടുകൊടുക്കില്ലെന്നു ലീഹി പറഞ്ഞു.ഇവിടെ ആദ്യം നില്‍ക്കുന്ന ആറ് മരങ്ങള്‍ 1908ല്‍ ഐറീഷ് ഫോറസ്റ്റ് സൊസൈറ്റി നട്ടുപിടിപ്പിച്ചതാണ്.ഡബ്ലിന്‍,കോര്‍ക്ക്,ലിമറിക്ക്,ഡെറി,ബെല്‍ഫാസ്റ്റ്,വാട്ടര്‍ഫോര്‍ഡ് എന്നിങ്ങെയാണ് അവയ്ക്ക് പേര്‍ നല്‍കിയിരിക്കുന്നത്.നാട്ടുകാരുടെ ഈ പ്രതിഷേധത്തിനു ചുക്കാന്‍ പിടിക്കുന്നത് സ്വതന്ത്ര കൗണ്‍സിലര്‍ നിയാല്‍ റിനാണ്.

കൗണ്‍സിലിനെ ഈ പ്രകൃതി-ജനവിരുദ്ധ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കുമെന്നു റിന്‍ പറഞ്ഞു. നിലവില്‍ ഇവിടെയൊരു സൈക്കിള്‍ പാതയുണ്ട്.കൂടുതല്‍ സൈക്കിള്‍ പാതകളും വേണം.പക്ഷേ അത് ഇവയെ നശിപ്പിച്ചുകൊണ്ടാകരുത്-റിന്‍ പറഞ്ഞു.

ജനശക്തിയുടെ അധികാരത്തില്‍ ഈ മരമുത്തശ്ശിമാരെ സംരക്ഷിക്കുമെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി. അതേസമയം,നടപ്പാതയോടു ചേര്‍ന്നു നില്‍ക്കുന്ന ഈ മരങ്ങള്‍ വല്ലാത്ത ഞെരുക്കമുണ്ടാക്കുന്നുണ്ടെന്ന് ഡിസിസി പറഞ്ഞു.

Scroll To Top