Saturday February 25, 2017
Latest Updates

‘അതിജീവനം’ മനശാസ്ത്ര പംക്തി

‘അതിജീവനം’ മനശാസ്ത്ര പംക്തി

athijeevanamഞാന്‍ അയര്‍ലണ്ടില്‍ 2003 ല്‍ എത്തുമ്പോള്‍ എന്റെ പ്രതീക്ഷകളെ തെറ്റിച്ചത് ഞാനെത്തിച്ചേര്‍ന്ന ക്ലോണ്‍മല്‍ ടൌണില്‍ ഒരു മലയാളിയെപ്പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല എന്നതാണ്. ചന്ദ്രനില്‍പോലും മലയാളിയുടെ തട്ടുകട കാണാന്‍ കഴിയും എന്നുള്ളപ്പോഴാണ് മരുന്നിനുപോലും ഒരു മലയാളിയെ കാണാന്‍ കഴിയാത്തത് എന്നെ കുഴക്കിയത്. എങ്കിലും ഏറെ താമസിയാതെ കുറെ മലയാളി കുടുംബങ്ങള്‍ ഇവിടെ എത്തിയത് ചെറിയൊരു മലയാളി കമ്മ്യൂണിറ്റിയുടെ സ്വാഭാവികമായ ഉരുത്തിരിയലിനു കാരണമായി. ഇത് മറ്റു പ്രദേശങ്ങളിലെ മലയാളികളുമായി പരിചയപ്പെടാനും സഹായിച്ചു.

അതിജീവനം എന്ന ടൈറ്റില്‍ കണ്ടെത്താന്‍ എനിക്കേറെ ആലോചിക്കേണ്ടിവന്നില്ല. ഇതു വായിക്കുന്ന ഏതു മലയാളി സുഹൃത്തിനും മനസ്സിലാകും നാട്ടില്‍നിന്നും ഇവിടെ വന്നുകഴിയുംപോള്‍ അതിജീവനം തന്നെയാണ് ആദ്യത്തെ വെല്ലുവിളി എന്നത്. തീര്‍ത്തും പുതിയ സാഹചര്യത്തില്‍ പുതിയൊരു ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ ഏതൊരു വ്യക്തിയും അല്‍പം ഒന്നു വിയര്‍ക്കും. എന്തു ചെയ്യണം, എവിടെ പോകണം, എന്ത് ചെയ്താല്‍ ശരിയാകും, ആരോട് ചോദിക്കും, തുടങ്ങി ആകെ മൊത്തം കണ്‍ഫ്യൂഷന്‍!

തുടക്കത്തിലെ പ്രശ്‌നങ്ങള്‍ ചില സാമ്പത്തിക കണക്കുകൂട്ടലുകള്‍ കാരണമാകും; പ്രത്യേകം താമസിക്കണോ കൂട്ടായി താമസിക്കണോ? കുടുംബത്തെ ഇപ്പോള്‍ കൊണ്ടുവരണൊ പിന്നെ മതിയോ? ഏതു കാര്‍ വാങ്ങണം, െ്രെഡവിംഗ് ലൈസെന്‍സിനു ക്ലാസ്സില്‍ പോകണൊ കൂട്ടുകാരന്റെ ട്രെയിനിംഗ് മതിയാകുമോ? ചോദ്യങ്ങള്‍ നിരവധി, ഉത്തരങ്ങളും.

എങ്ങനെയോ, ആരുടെയൊക്കെയോ സഹായംകൊണ്ടും ഒരു സഹായം ഇല്ലാതെയും സെറ്റില്‍ ചെയ്തു. അപ്പോഴാണ് പുതിയ പ്രശ്‌നങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. ഈ പ്രശ്‌നങ്ങള്‍ പലപ്പോഴും സുഹൃത്തുക്കളുടെ ഇടപെടലുകള്‍ കൊണ്ടും പ്രൊഫഷണല്‍ ഹെല്‍പ് കൊണ്ടും പരിഹരിച്ചു മുന്നോട്ടു പോകാന്‍ സാധിക്കാറുണ്ടുതാനും. എങ്കിലും, വളരെ സെന്‍സിറ്റിവ് ആയ പല പ്രശ്‌നങ്ങളും കുടുംബത്തില്‍ ഒതുക്കേണ്ടിവരും, പലര്‍ക്കും, പലപ്പോഴും. നമ്മുടെ കുടുംബ സംസ്‌കാരത്തെക്കുറിച് ഇവിടത്തെ പ്രൊഫഷണല്‍ കൌണ്‌സലേഴ്‌സിനു (Counsellors) വലിയ പിടിപാടില്ലാത്തതുകൊണ്ടും നമ്മുടെ പ്രശ്‌നങ്ങള്‍ അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ നമുക്ക് പറഞ്ഞുകൊടുക്കാനുള്ള ഭാഷാപരവും സാംസ്‌കാരികവുമായ തടസ്സങ്ങള്‍കൊണ്ടുംതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രൊഫഷണല്‍ ഹെല്‍പ് പലപ്പോഴും പരിഹാരമാവാറില്ല.

ഇന്നത്തെ സുഹൃത്ത് നാളത്തെ എതിരാളിയാകാം എന്ന സ്വാഭാവിക സിദ്ധാന്തം ചിന്തിക്കുന്ന ഏതൊരാള്‍ക്കും അറിയാവുന്നതുകൊണ്ട് ഇത്തരം കുടുംബ പ്രശ്‌നങ്ങള്‍ പലപ്പോഴും സുഹൃത്തുക്കളോടുപോലും പങ്കുവക്കാനാവില്ല. അങ്ങനെ പ്രശ്‌നങ്ങള്‍ പരിഹാരാമില്ലാതെ പ്രശ്‌നങ്ങളായിത്തന്നെ തുടരുന്നു, പലപ്പോഴും കുടുംബത്തിന്റെ തകര്‍ച്ചയിലെത്തിക്കുന്നു! ഒന്നായി അയര്‍ലണ്ടില്‍ വന്നിട്ടു രണ്ടായും മൂന്നായും തിരികെ നാട്ടിലെത്തിയ പല കുടുംബങ്ങളും ഉദാഹരണമായി നമ്മുടെ പലരുടെയും കണ്മുന്പിലുണ്ട്.

എവിടയാണ് പ്രശ്‌നം എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ എവിടെയും ആകാം! എങ്ങനെയാ പരിഹരിക്കുക എന്നു ചോദിച്ചാലും ഉത്തരം ഒന്നേ ഉള്ളൂ എങ്ങനെയും ആകാം! വ്യക്തികള്‍ വ്യത്യസ്തമായിരിക്കുന്നതുപോലെ പ്രശ്‌നങ്ങളും വ്യത്യസ്തമായിരിക്കും. അതിനാല്‍ത്തന്നെ, ഒരു പ്രശ്‌നത്തിനും ഒരു റെഡി മേഡ് ഉത്തരം പ്രതീക്ഷിക്കുക അപക്വമായിരിക്കും. എങ്കിലും, പരിഹാരത്തിനുതകാവുന്ന ചില നിര്‍ദേശങ്ങളും ചില കൈചൂണ്ടികളും (sign posts) നല്‍കുക എന്നതാണ് ഈ കോളത്തിലൂടെ ഉദ്ദേശിക്കുന്നത്.

ചോദ്യങ്ങള്‍ എങ്ങനെ?

നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍, എന്നാല്‍ എനിക്കു മനസ്സിലാകാന്‍ സാധിക്കുന്നത്ര വിശദമായി എഴുതുക. പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുക്കുന്ന കത്തിലെ വ്യക്തിയുടെ പേര് മാറ്റിയായിരിക്കും പ്രസിദ്ധീകരിക്കുക കാരണം മനസ്സിലാകുമല്ലോ? ചോദ്യങ്ങള്‍ താഴെപ്പറയുന്ന ഏതു പ്രശ്‌നത്തെക്കുറിച്ചുമാകാം:

1. ദാമ്പത്യ പ്രശ്‌നങ്ങള്‍ (Marital/Relationship)

2. മാനസിക പ്രശ്‌നങ്ങള്‍ (Psyhological/Psychiatric/Mental Illness)

3. വ്യക്തി ബന്ധങ്ങള്‍ (Inter-personality problems)

4. വ്യക്തിത്വ പ്രശ്‌നങ്ങള്‍ (Personality Problems)

5. കുട്ടികളെ വളര്‍ത്തല്‍ (Parenting)

6. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ (Career/Occupational)

ആഴ്ച്ചയില്‍ ഒരിക്കല്‍ തിരഞ്ഞെടുക്കുന്ന ഒന്നോ രണ്ടോ കത്തുകള്‍ക്ക് ഈ കോളത്തിലൂടെ മറുപടി പ്രതീക്ഷിക്കാം. എന്തു തിരക്കുണ്ടായാലും ആഴ്ച്ചയില്‍ ഒരിക്കല്‍ ഈ കോളം അപ്‌ഡേറ്റ് ചെയ്യാന്‍ തീര്‍ച്ചയായും ഞാന്‍ ശ്രമിക്കാം.

വളരെ സ്വകാര്യമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പംക്തി എന്നനിലയില്‍ ഇവിടെ ഫേസ് ബുക്ക് പോലുള്ള കമന്റ്‌സ് അനുവദിക്കുന്നതല്ല. കാരണം മനസ്സിലാകുമല്ലോ?

നല്ല നാളുകളാണ് നമ്മുടെ മുന്‍പിലുള്ളത്. നമ്മള്‍ അത് കാണുന്നില്ലങ്കില്‍, ഒന്നുകില്‍ നല്ലത് കാണാനുള്ള നമ്മുടെ കഴിവില്ലായ്മയാകാം പ്രശ്‌നം (inability)അല്ലെങ്കില്‍ നല്ലതു കാണാന്‍ നമുക്ക് മനസ്സില്ല(psychological defence) എന്നതാകാം പ്രശ്‌നം. രണ്ടായാലും നമുക്ക് നന്നായിത്തന്നെ ജീവിക്കണ്ടേ? അതിനു നല്ലതിനെ നല്ലതായി കണ്ടേപറ്റൂ.

ഈ കോളത്തെകുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും counselor@proventherapy.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്താല്‍ അത് തുടര്‍ ലക്കങ്ങള്‍ക്ക് പ്രയോജനമാകും.

നല്ല നാളയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ക്ക് നിറങ്ങളും ചിറകുകളും നല്‍കാമെന്ന തീരുമാനമാകട്ടെ ഇന്നത്തെ തുടക്കം.

നന്ദി!

( അതിജീവനം എന്ന മനശാസ്ത്ര പംക്തിയിലേയ്ക്കുള്ള ചോദ്യങ്ങള്‍ മലയാളത്തിലോ ,ഇംഗ്ലീഷിലോ റ്റൈപ്പുചെയ്‌തൊ ,എഴുതി സ്‌കാന്‍ ചെയ്‌തോ infoirshmalayali@gmail.com എന്ന വിലാസത്തില്‍ അയക്കുക.തിരഞ്ഞെടുക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് ഡോ.എം ജി .ലാസറസ് മറുപടി നല്‍കുന്നതാണ് .)

www.proventherapy.com

Scroll To Top