Saturday November 18, 2017
Latest Updates

മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ  ‘പൂട്ടാന്‍’ അയര്‍ലണ്ടില്‍ നിയമം ഒരുങ്ങുന്നു

മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ  ‘പൂട്ടാന്‍’ അയര്‍ലണ്ടില്‍ നിയമം ഒരുങ്ങുന്നു

ഡബ്ലിന്‍:മദ്യപിച്ചു വാഹനമോടിക്കുന്നവരെ നിയമപ്പൂട്ടിട്ടു തളയ്ക്കാന്‍ സര്‍ക്കാര്‍. മദ്യപിച്ചു വാഹനമോടിക്കുന്നതിനെതിരെ നിയമം കൊണ്ടുവരാനുള്ള തീരുമാനത്തെ ഭരണകക്ഷിയായ ഹിനഗേലും പിന്തുണച്ചു. ഗതാഗത മന്ത്രി ഷെയിന്‍ റോസ് കൊണ്ടുവരുന്ന ബില്ലില്‍ ഗ്രാമീണ മേഖലയില്‍നിന്നുള്ള ചില സെനറ്റര്‍മാരും ടിഡികളും വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന ആശങ്ക പാര്‍ട്ടിയിലുണ്ട്. പക്ഷേ, ഫിനഗേലിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ പിന്താങ്ങുകയായിരുന്നു.

രക്തത്തില്‍ 50-80 മില്ലിഗ്രാമില്‍ അധികം ആല്‍ക്കഹോള്‍ അംശം കണ്ടെത്തിയാല്‍ അവരെ ഡ്രൈവിങ്ങില്‍നിന്നു മൂന്നുമാസത്തേക്കു വിലക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടാകും. ഈവര്‍ഷം ആദ്യംചേര്‍ന്ന കാബിനറ്റ് ബില്ലിനെ പിന്തുണച്ചെങ്കിലും ബില്ലിലെ വ്യവസ്ഥകളില്‍ ചില മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗ്രാമീണ ജനതയെ വ്യവസ്ഥകള്‍ ദോഷകരമായി ബാധിക്കുമെന്നായിരുന്നു അവരുടെ വാദം. സെപ്റ്റംബറില്‍ ബില്ലില്‍ വിശദമായ ചര്‍ച്ച നടത്താമെന്ന് ഫിനഗേല്‍ പാര്‍ലമെന്ററി പാര്‍ട്ടി മുന്‍പ് തീരുമാനിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ ബില്ലിന് അംഗങ്ങളുടെ പിന്‍തുണ അഭ്യര്‍ഥിച്ചു. ബില്‍ ഡെയിലില്‍ എത്തുമ്പോള്‍ വോട്ടിങ് വേണമെന്ന് ആരും ആവശ്യപ്പെട്ടതായി അറിവില്ല.

ബില്ല് ഗ്രാമീണ മേഖലയുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.ഗ്രാമീണ മേഖലയുടെ നിലപാടറിയാന്‍ മന്ത്രി റോസ് മേഖല സന്ദര്‍ശിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു.ബില്ല് നടപ്പാക്കുമ്പോള്‍ ഗ്രാമീണ മേഖലയിലെ പൊതുഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുകകൂടി വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ഹെയ്ഡന്‍ ഇന്ന് പ്രസ്താവന ഇറക്കിയേക്കും.

പ്രധാന പ്രതിപക്ഷമായ ഫിയാന ഫെയില്‍ ബില്ലിനെ എതിര്‍ക്കുകയാണ്. പിഴത്തുക, പെനല്‍റ്റി പോയിന്റ് എന്നിവ കൂട്ടുക എന്ന നിര്‍ദേശമാണ് അവര്‍ മുന്‍പോട്ടുവയ്ക്കുന്നത്. ഇന്‍ഡിപെന്‍ഡന്റ് അലയന്‍സ് ടിഡി സീന്‍ കാനി ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സിന്‍ ഫെയിനിന്റെയും ഫിനഗേയിലിന്റെയും പിന്‍തുണ ലഭിക്കുന്നതോടെ ബില്ല് ഡെയിലില്‍ പാസാകുമെന്നാണ് കരുതുന്നത്.

Scroll To Top