Monday February 20, 2017
Latest Updates

മദര്‍ തെരേസയെ പുറത്താക്കിയതില്‍ അയര്‍ലണ്ട് ഇപ്പോള്‍ ഖേദിക്കുന്നു :പാവങ്ങളുടെ അമ്മയെ ഡബ്ലിന്‍ നഗരം അനുസ്മരിച്ചു

മദര്‍ തെരേസയെ പുറത്താക്കിയതില്‍ അയര്‍ലണ്ട് ഇപ്പോള്‍ ഖേദിക്കുന്നു :പാവങ്ങളുടെ അമ്മയെ ഡബ്ലിന്‍ നഗരം അനുസ്മരിച്ചു

ഡബ്ലിന്‍ : പാവങ്ങളുടെ അമ്മയായി ലോകം വാഴ്ത്തിയ മദര്‍ തെരേസ ഈ ലോകം വിട്ട് പോയിട്ട് ഇന്നേക്ക് 17 വര്‍ഷങ്ങള്‍ തികയുകയാണ്. ‘അല്‍ബേനിയക്കാരിയായി ജനിച്ച്, ഇന്ത്യക്കാരിയായി മാറി, ലോകാരാധ്യയായ സന്യാസിനിയായി’ മാറിയ അമ്മ.

ലോകം അവരെ അംഗീകരിക്കുകയും അറിയുകയും ചെയ്യുന്നതിന് മുന്‍പ് അയര്‍ലണ്ടിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള ലോറെറ്റ സന്യാസിനിമാരില്‍ ഒരാളായിരുന്നു അവര്‍. നാല്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അയര്‍ലണ്ടില്‍ നിന്നും രണ്ടാമതും ഇന്ത്യയിലേക്ക് കൂടുമാറ്റം നടത്തിയ ദൈവത്തിന്റെ മണവാട്ടിയുടെ യാത്രയ്ക്കു പിന്നില്‍ പക്ഷേ വേദനിപ്പിക്കുന്ന ഒരു കഥ ഒളിഞ്ഞിരിപ്പുണ്ടോ?

പഠനത്തിനായി ഡബ്ലിനില്‍ ആഗ്‌നസ് എന്ന ആദ്യ പേരില്‍ രാത്ഫര്‍നാമിലെ ലോറെറ്റ കോണ്‍വന്റില്‍ ആദ്യമെത്തിയപ്പോഴും ,രണ്ടാമത് 1973 ല്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ഒരു ഗ്രാമത്തില്‍ സേവന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ മഠം സ്ഥാപിച്ചു മദര്‍ തെരേസയായി എത്തിയപ്പോഴും അമ്മയെ കാത്തിരുന്നത് ദൗര്‍ഭാഗ്യങ്ങള്‍ ആയിരുന്നു .

ലോറെറ്റ സന്യാസിനി സമൂഹവുമായി ആഗ്‌നസിന് ഒത്തുപോകാന്‍ പറ്റാത്ത നിരവധി സംഭവങ്ങള്‍ രണ്ടു വര്‍ഷത്തെ ഡബ്ലിന്‍ ജീവിതത്തിനിടയില്‍ ഉണ്ടായി .സന്യാസിനിയാവാന്‍ ആഗ്‌നസ് യോഗ്യയല്ലെന്നായിരുന്നു ഡബ്ലിനിലെ അധികാരികള്‍ നല്‍കിയ സര്‍ട്ടിഫിക്കേറ്റ് .

മദർ തെരേസ താമസിച്ചിരുന്ന ഡബ്ലിൻ രാത്ഫർനാമിലെ ലോറെറ്റ ആബേ

മദർ തെരേസ താമസിച്ചിരുന്ന ഡബ്ലിൻ രാത്ഫർനാമിലെ ലോറെറ്റ ആബേ

പാവങ്ങളോട് പക്ഷം ചേരാനും പീഡിതരോട് സഹവസികണമെന്നും ഒരു പഠിതാര്‍ഥിക്ക് പറയാന്‍ അവകാശമില്ല എന്നായിരുന്നു അവരുടെ തീരുമാനം .എന്തായാലും ഡബ്ലിനിലെ പഠനകാലം പൂര്‍ത്തിയാക്കാന്‍ ആഗ്‌നസിനായില്ല .അതിനു മുന്‍പ് തന്നെ ലോറെറ്റ സന്യാസിനിസഭയുടെ
തന്നെ ഇന്ത്യയിലെ കേന്ദ്രത്തിലേക്ക് ആഗ്‌നസിനെ സ്ഥലം മാറ്റി .

ബാക്കി പഠനം അവിടെ നടത്തിയ ആഗ്‌നസ് നോവിഷേറ്റ് പൂര്‍ത്തിയാക്കി .ടീച്ചറായി ജോലി ചെയ്യുമ്പോഴും ആഗ്‌നസിന്റെയുള്ളില്‍ പാവപ്പെട്ടവന് വേണ്ടി ജീവിതം ത്യജിക്കാനുള്ള കനലായിരുന്നു .സന്യാസിനി സമൂഹമാവട്ടെ അധ്യാപന ജോലിയില്‍ ഉറച്ചു നിന്ന്’ അനുസരണം ‘കാട്ടാന്‍ ആഗ്‌നസിനോട് ആവര്‍ത്തിച്ചു കൊണ്ടിരുന്നു .സഭയ്ക്ക് പ്രഗത്ഭയായ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ആവശ്യമുണ്ടായിരുന്നു !

തന്റെ വിളി തിരിച്ചറിഞ്ഞ ആഗ്‌നസ് ബിഷപ്പിന്റെ അനുവാദം വാങ്ങി ഇന്ത്യയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ചത് അനന്തരകഥ ..

പിന്നീട് മദര്‍ വീണ്ടും ദീര്‍ഘ കാലത്തേയ്ക്ക് ഇന്ത്യ വിട്ടു നിന്നപ്പോഴും വന്നത് അയര്‍ലണ്ടിലെക്ക് തന്നെയായിരുന്നു .ഇത്തവണ നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ഒരു ഗ്രാമത്തില്‍ മഠം സ്ഥാപിച്ചു സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരു കൂട്ടം സുമനസുകളുടെ ക്ഷണം സ്വീകരിച്ചെത്തിയ മദര്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തന്നെ ചിലയാളുകളുടെ നോട്ടപ്പുള്ളിയായി .ഏതാനം നാളുകള്‍ക്കകം തന്റെ കൂടെയുണ്ടായിരുന്ന നാല് സഹോദരിമാരെയും കൂട്ടി അമ്മയ്ക്ക് അയര്‍ലണ്ട് വിടേണ്ടി വന്നു .
അയര്‍ലണ്ടിലെ മാധ്യമങ്ങള്‍ ഏറ്റുപിടിച്ച ഒരു കത്തു വിവാദം മദര്‍ തെരേസയുടെ പാലായനവുമായി ബന്ധപ്പെട്ട ഒരു രേഖയാണെന്ന വാദം വന്നിരുന്നു. നാല്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദര്‍ രണ്ടാമതും ഇന്ത്യയിലേക്ക് വന്നത് ഒരു പുറത്താക്കപ്പെടലിന്റെ പരിണിതഫലമായിട്ടാണ് എന്നാണ് കത്തിലെ ഉള്ളടക്കം സൂചിപ്പിച്ചിരിക്കുന്നത്.

1973ല്‍ മദര്‍ അയര്‍ലന്റില്‍ നിന്നും പോയ ശേഷം അവിടെത്തിയ സിസ്റ്റര്‍ എയ്‌ലീന്‍ സ്വീനിയാണ് കത്തിന്റെ പരാമര്‍ശവുമായി മുന്നോട്ട് വന്നത്. മദര്‍ അയര്‍ലണ്ടില്‍ നിന്നും പുറത്തുപോയത് സഭയുടെ നിര്‍ബന്ധപ്രകാരമാണെന്ന് സൂചിപ്പിക്കുന്ന കത്ത് തനിക്ക് ലഭിച്ചുവെന്നും പിന്നീടത് കീറിനശിപ്പിച്ചുവെന്നും സിസ്റ്റര്‍ സ്വീനി പറഞ്ഞിരുന്നു.

ഈ വിവാദ പരാമര്‍ശം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. നാല്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് പാരിഷ് വികാരിയായിരുന്ന കാനന്‍ പാഡ്രിയാഗ് മര്‍ഫിയുടെ വിരോധത്തിന് പാത്രമാവുകയായിരുന്നു മദര്‍ എന്ന് വിശ്വസിക്കുന്നതായി സ്വീനി പറഞ്ഞു.

പുറത്താക്കപ്പെടുന്ന സന്യാസിനിമാരോട് സഭയ്ക്ക് തോന്നുന്ന യാതൊരു വിരോധവും ബാക്കിയായിട്ടില്ലെന്ന് വിശ്വസിക്കുന്നതായി മദര്‍ കത്തില്‍ എഴുതിയിരുന്നുവെന്ന് സിസ്റ്റര്‍ സ്വീനി പറഞ്ഞു.

പിന്നീട് ബല്ലിമൂര്‍ഫിയി എന്ന ഗ്രാമത്തിലേക്ക് മദര്‍ തെരേസയെ ക്ഷണിച്ച് കൊണ്ടുവന്നപ്പോള്‍ ഫാ . കാനന്‍ പാഡ്രിയാഗ് മുര്‍ഫി ചടങ്ങ് ബഹിഷ്‌കരിച്ചതായി അന്ന് മദറിനെ അവിടെ കൊണ്ടുവരാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഫാദര്‍ ദേസ് വില്‍സണ്‍ പറഞ്ഞു.

പല വിവാദങ്ങളും നിലനിന്നിരുന്നുവെങ്കിലും അമ്മയെ ലോകം ഇന്നും ആരാധിക്കുകയും ഓര്‍ക്കുകയും ചെയ്യുന്നു. വിവാദങ്ങള്‍ അമ്മയുടെ പേരിന് കളങ്കമേല്‍പ്പിക്കുകയും ചെയ്യില്ല. പക്ഷേ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ എന്തിനുവേണ്ടിയാണ് എന്നതാണ് സംശയം. അമ്മയുടെ സ്വന്തം ഇഷ്ട പ്രകാരമാണ് അവര്‍ ബെല്ലിമോര്‍ഫി വിട്ടതെന്നു തെളിയിക്കുന്നചില കത്തുകള്‍ അധികാരികള്‍ക്ക് ഇതിനു മുന്‍പ് തന്നെ ലഭിച്ചിരുന്നു.

ആര്‍ക്കും പക്ഷെ അമ്മയെ മറക്കാനാവില്ല .മദര്‍ തെരേസയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചു ഡബ്ലിന്‍ നഗരത്തിലും ഇന്ന് അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നുണ്ട് .രാവിലെ ഡബ്ലിന്‍ നോര്‍ത്ത് സര്‍ക്കുലര്‍ റോഡിലുള്ള സെന്റ് തെരേസാസ് പള്ളിയില്‍ ചടന്ന ദിവ്യബലിയില്‍ വിവിധ ദേശക്കാരായ ആള്‍ക്കാര്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു . വാഴ്ത്തപെട്ട പദവിയില്‍ എത്തിയ മദര്‍ തെരേസയുടെ ചരമദിനം കത്തോലിക്കാ സഭ തിരുനാളായാണ് ആചരിക്കുന്നത്‌

 

Scroll To Top