Tuesday September 25, 2018
Latest Updates

മഞ്ഞുമഴ പെയ്യുമ്പോഴും ജോലി ചെയ്യാനെത്തിയ നഴ്സുമാര്‍ക്ക് അവഗണനയെന്ന് പരാതി ,ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്നത് സുസ്ത്യര്‍ഹ സേവനമെന്ന് എച്ച് എസ് ഇ 

മഞ്ഞുമഴ പെയ്യുമ്പോഴും ജോലി ചെയ്യാനെത്തിയ നഴ്സുമാര്‍ക്ക് അവഗണനയെന്ന് പരാതി ,ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്നത് സുസ്ത്യര്‍ഹ സേവനമെന്ന് എച്ച് എസ് ഇ 

ഡബ്ലിന്‍:സ്റ്റോം എമ്മ സൃഷ്ട്ടിക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ രാജ്യം മുഴുവന്‍ പ്രതിസന്ധിയിലാഴ്ത്തുമ്പോഴും സേവനസന്നദ്ധതയുമായി കര്‍മ്മരംഗത്ത് തുടരുന്ന അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് കനത്ത അവഗണനയെന്ന് റിപ്പോര്‍ട്ടുകള്‍.

ഡബ്ലിന്‍ മേഖലയിലെ ചില ഹോസ്പിറ്റലുകളില്‍ ഡ്യൂട്ടി ചെയ്യാനായും യാത്രചെയ്യാന്‍ കഴിയാതെയും താമസിച്ച നഴ്സുമാര്‍ക്ക് പരിമിതമായ സൗകര്യമാണ് അധികൃതര്‍ നല്കിയതെന്നാണ് പരാതി ഉയരുന്നത്.

താല ഹോസ്പിറ്റലിലെ എഡ്യുക്കേഷന്‍ കേന്ദ്രത്തിലെ ഒരു മുറിയില്‍ 14 ബെഡുകളൊരുക്കിയാണ് നഴ്സുമാരെ അധികൃതര്‍ സംരക്ഷിച്ചത്. വെള്ളം ഉള്‍പ്പെടെ അത്യാവശ്യ സൗകര്യങ്ങള്‍ പോലും ലഭിക്കാതെയാണ് നഴ്‌സുമാര്‍ കഴിയുന്നതെന്ന് ചില റിപോര്‍ട്ടുകള്‍ പറയുന്നു.കാന്റീന്‍ തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ ചൂടുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്.

ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ശരിയായ താമസസൗകര്യങ്ങള്‍ നല്‍കാതിരിക്കുന്നത് തെറ്റായ നടപടി ആണെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം വിശദീകരണവുമായി താലാ ആശുപത്രി അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. സമീപത്തെ ഹോട്ടലുകളിലും താമസ സൗകര്യം ഒരുക്കിയിരുന്നത്രെ.

സെന്റ് ജെയിംസസിലും സമാനമായ പരാതി നഴ്സുമാര്‍ ഒരുക്കിയിട്ടുണ്ട്.ഹോട്ടലില്‍ താമസം തേടി എത്തിയവര്‍ക്ക് റൂം കിട്ടാതെ മടങ്ങേണ്ടി വന്നു.പിന്നീട് ഹോസ്പിറ്റല്‍ അധികൃതര്‍ തന്നെ വാര്‍ഡുകളോട് ചേര്‍ന്ന് അവര്‍ക്ക് ഉറക്കറയൊരുക്കി.

എന്നാല്‍ മാറ്റര്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കിടക്കാനുള്ള സൗകര്യങ്ങള്‍ കാണിക്കുന്ന ഒരു വീഡിയോ പ്രചാരത്തിലുള്ളത് കിട്ടിയ സൗകര്യത്തില്‍ അവര്‍ സംതൃപ്തരാണ് എന്ന് വെളിവാക്കുന്നതാണ്.സ്റ്റോം എമ്മ മൂലം ക്ലേശിക്കുന്ന രോഗികളെ പരിപാലിക്കുന്നതിനായി അഹോരാത്രം ക്ലേശിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

രാജ്യത്താകമാനം ആശുപത്രി ജീവനക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കേണ്ടതായിട്ടുണ്ടെന്ന് എച്ച് എസ് ഇ വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയില്‍ തടസ്സങ്ങളൊന്നുമില്ലാതെ സേവനം നല്‍കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി അടുത്തുള്ള ഹോട്ടലുകളിലും സ്റ്റാഫ് അംഗങ്ങള്‍ക്കു സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും അധികൃതര്‍ പറയുന്നു.

ബ്രെക്ക് ഫാസ്റ്റും,ലഞ്ചുമുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികള്‍ പ്രത്യേക സാഹചര്യത്തില്‍ ജോലി ചെയ്യുന്ന സ്റ്റാഫിനായി ഒരുക്കിയിരുന്നത്.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനായി എല്ലാ ഹോസ്പിറ്റലുകളിലും സുസ്ത്യര്‍ഹമായ രീതിയില്‍ മെഡിക്കല്‍ സ്റ്റാഫ് കരുതലോടെ കാത്തിരുന്നതായി എച്ച് എസ് ഇ അറിയിച്ചു.

നഴ്സുമാര്‍ക്ക് ചില മേഖലകളില്‍ നേരിടേണ്ടി വന്ന ക്ലേശങ്ങളില്‍ ഐഎന്‍എം ഓയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.പ്രൈവറ്റ് ഹോസ്പിറ്റലുകളും,നഴ്സിംഗ് ഹോമുകളും നഴ്സുമാര്‍ക്ക് താമസസൗകര്യം നല്‍കാന്‍ തയാറാവാത്തതിനെ കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐഎന്‍എം ഓ ഭാരവാഹികള്‍ പറഞ്ഞു.

റെഡ് വാണിംഗ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top