Saturday February 25, 2017
Latest Updates

മഞ്ഞപ്രയിലെ എന്റെ ക്രിസ്തുമസ് നിറവുകള്‍ …

മഞ്ഞപ്രയിലെ എന്റെ ക്രിസ്തുമസ് നിറവുകള്‍ …

എന്റെ നാട് മഞ്ഞപ്ര.

മലരണി കാടുകളും മരതകപച്ചകളുമണിഞ്ഞ് മനോഹരമായ ഒരു കൊച്ചു ഗ്രാമം. ആദിശങ്കരന്റെ ജന്മദേശമായ കാലടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ വടക്കും വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ് പുണ്യപ്പെട്ട മലയാറ്റൂരില്‍ നിന്ന് ആറ് കിലോമീറ്റര്‍ പടിഞ്ഞാറും ആദിമ െ്രെകസ്തവ സഭയുടെ ആശാകേന്ദ്രമായ അങ്കമാലിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ തെക്കുമായി സ്ഥിതി ചെയ്യുന്നു. എല്ലാവര്‍ക്കും എന്ന പോലെ എനിക്കും എന്റെ നാട് അമ്മയെന്ന പോല്‍ പ്രിയപ്പെട്ടതാണ്.
ഇല്ലായ്മയില്‍ ആണെങ്കില്‍ പോലും ക്രിസ്തുമസ് ബാല്യത്തില്‍ എനിക്ക് നിറവിന്റെ,സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ, സന്തോഷത്തിന്റെ, സമാധാനത്തിന്റെ (ഇല്ല, അന്ന് അച്ഛന്‍ കുടിച്ച് വന്ന് വീട്ടില്‍ അങ്കം ഉറപ്പാ !) ദിനങ്ങള്‍ ആയിരുന്നു.
ഞങ്ങളുടെ നാട്ടില്‍ ക്രിസ്തുമസ് ക്രിസ്ത്യാനികളുടെ മാത്രം ആഘോഷമായിരുന്നില്ല. കാരണം ഇതര മതവിശ്വാസികള്‍ അവരുടെ വീടുകളില്‍ നക്ഷത്രം തൂക്കുകയും കരോളിനെ വരവേല്‍ക്കുകയും ചെയ്തിരുന്നു. കരിമരുന്നു പ്രയോഗത്തിലും അവരായിരുന്നു ക്രിസ്ത്യാനികളേക്കാള്‍ ഒരു പടി മുന്നില്‍. അതു കൊണ്ട് തന്നെ ക്രിസ്തുമസ് ക്രിസ്ത്യാനികളുടെ മാത്രം ആഘോഷമായി എനിക്ക് തോന്നിയിരുന്നില്ല.
ക്രിസ്തുമസിന് ഇരുപത്തിനാലാം തിയ്യതി പുല്‍ക്കൂട് ഒരുക്കുന്ന സമയത്ത് എന്റെ ഭാവങ്ങള്‍ ചിറക് വിരിക്കുമായിരുന്നു. ബത്‌ലഹേം തെരുവീഥികളെ എന്റെ പുല്‍ക്കൂട്ടില്‍ പുനരാവിഷ്‌കരിക്കാന്‍ ഞാന്‍ കാണിച്ചിരുന്ന വിക്രിയകള്‍ കുറച്ചൊന്നുമായിരുന്നില്ല.
അതിരാവിലെ മറ്റുള്ളവര്‍ എത്തുന്നതിനു മുന്നിലായി മഞ്ഞുതുള്ളികളാല്‍ ആവൃതമായിരുന്ന നെല്‍കതിരുകളെ വകഞ്ഞുമാറ്റി പാടനിരകളില്‍ നിന്ന് പുല്‍തകിടുകള്‍ വെട്ടി തലച്ചുമടായി കൊണ്ടുവരുന്നതും തൊടിയിലെ മാവില്‍ വലിഞ്ഞു കയറി അതിന്റെ ഏറ്റവും ഇലത്തുടിപ്പുള്ള ചില്ലവെട്ടി അതില്‍ വര്‍ണ്ണ കടലാസുകളും തോരണങ്ങളും തൂക്കി ക്രിസ്തുമസ് ട്രീ ഉണ്ടാക്കുന്നതും ഒരു ആവേശം ആയിരുന്നു.
മുകളില്‍ പറഞ്ഞതിലെല്ലാം ഒരു മത്സരബുദ്ധി തന്നെയുണ്ടായിരുന്നു. കാരണം, തൊട്ടടുത്ത വീട്ടിലേതിനേക്കാള്‍ മികച്ചതാകണം എന്റേത് എന്നത് തന്നെ. പിന്നെ മുളകൊണ്ട് ഉണ്ടാക്കിയ നക്ഷത്രത്തില്‍ ചായപ്പേപ്പര്‍ ഒട്ടിക്കുന്നതും ചിരട്ടയില്‍ തിരി കത്തിച്ചുവെച്ച് വളരെ ശ്രദ്ധയോടുകൂടി നക്ഷത്രത്തിനുള്ളില്‍ വെക്കുന്നതും ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. പൂത്തിരി, മഞ്ഞപ്പൂ ചക്രം എന്നിവ വളരെ കുറഞ്ഞ അളവിലാണെങ്കിലും വാങ്ങാനുള്ള പണം ഞാന്‍ സൂക്ഷിച്ചു വെക്കാറുണ്ടായിരുന്നു. അപ്പനോട് പണം ചോദിക്കാന്‍ മാത്രം ധൈര്യം എനിക്കില്ലായിരുന്നു.
സന്ധ്യ മയങ്ങുന്നതിന് മുന്നെതന്നെ കത്തിച്ചു വെച്ച വിളക്കില്‍ നിന്ന് പടക്കങ്ങള്‍ കത്തിച്ചെറിയുന്നതും ചുറ്റുവട്ടത്തെ വീടുകളില്‍നിന്നുള്ള പടക്കത്തിന്റെ ശബ്ദവും മത്താപ്പൂവിന്റെ ശീല്‍ക്കാരങ്ങളും എന്നില്‍ ഉത്സവ പ്രതീതി ഉളവാക്കിയിരുന്നു. പിന്നെ രാത്രിയില്‍ വരുന്ന കരോള്‍ ആണ് മറ്റൊരു ഹരം.man carol റാന്തല്‍ വിളക്കും ഏന്തി നമ്മുടെ നാടന്‍ ക്രിസ്മസ് ശീലുകളുമായി ക്രിസ്മസ് പപ്പയും കുട്ടരും വീട്ടിലേക്ക് വരുന്ന നേരം എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ക്രിസ്തുമസ് പപ്പക്ക് ഷൈക്ക്ഹാന്റ് കൊടുക്കുവാന്‍ വീട്ടില്‍ മത്സരമായിരുന്നു. കാരണം ആദ്യം കൈ കൊടുക്കുന്ന ആള്‍ക്കേ മിഠായി കിട്ടുമായിരുന്നുള്ളൂ.
അങ്ങനെ വീട്ടില്‍ വരുന്ന കരോളുകാരോടൊപ്പം ഞാനും കൂടും. എന്റെ കൂട്ടുകാരും ഉണ്ടാവും. അങ്ങനെ ഞാന്‍ കഴുത്തില്‍ മഫ്‌ലറും ചുറ്റി കൈയില്‍ ഒരു കൊച്ചു ടോര്‍ച്ചും പിടിച്ച് കരോള്‍ ടീമിനൊപ്പം പള്ളിയിലേക്ക് പാതിരാ കുര്‍ബാനക്കായി പോകും.
കുര്‍ബാനക്കു മുന്നെ പള്ളിക്കടുത്തുള്ള ചായക്കടയില്‍ നിന്ന് ഒരു കട്ടന്‍ചായ നിര്‍ബന്ധമാണ്. ഇടക്ക് വരുന്ന ഉറക്കത്തെ അടിച്ചോടിക്കാന്‍ ചായ വളരെ നല്ലതാണ്. ചായക്കുള്ള പണവും കരുതാറുണ്ടായിരുന്നു.manjapra
ഉറക്ക ക്ഷീണം ആണെങ്കിലും അതിനെയെല്ലാം കവച്ചുവെക്കുന്ന ഒരു ഉണര്‍വ്വാണ് പള്ളിയിലെ ആ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നിന്ന് എനിക്ക് ലഭിച്ചിരുന്നത്. പാതിരാ കുര്‍ബാനയില്‍ ഞാന്‍ അനുഭവിച്ചിരുന്ന ആ ചൈതന്യം വിവരണാതീതമാണ്.
പിന്നെ ക്രിസ്മസ്ദിനം..
രണ്ട് കൂട്ടം ഇറച്ചിയും മാങ്ങാകറിയും കൂട്ടിയുള്ള ഉച്ചഭക്ഷണം. കിട്ടാക്കനിയാണെങ്കിലും ഞങ്ങള്‍ മക്കള്‍ക്കു വേണ്ടി അമ്മ ഏതു വിധേനയും അത് ഒരുക്കുമായിരുന്നു. ഇല്ലായ്മയാണെങ്കിലും ഞങ്ങള്‍ക്ക്‌ ക്രിസ്മസ് എന്നും സമൃദ്ധിയുടേതായിരുന്നു. ബാല്യത്തിലേ നമ്മുടെ മനസ്സില്‍ കുടിയേറിയിരിക്കുന്ന ക്രിസ്മസ് കരോളും പള്ളിപെരുന്നാളും ഉത്സവാന്തരീക്ഷങ്ങളും നാടന്‍ശീലുകളും നാം ഏതു ഹൈടെക് യുഗത്തില്‍ ജീവിച്ചാലും നമ്മുടെ മനസ്സില്‍നിന്ന് മാഞ്ഞു പോകില്ല.
വീണ്ടും ഗതകാല സ്മരണകളെ തൊട്ടുണര്‍ത്തി കൊണ്ട് മറ്റൊരു ക്രിസ്മസ് കൂടി വന്നണയുന്ന സമയത്ത് ഹൃദയത്തില്‍ എവിടെയോ ഒരു നോവ് ബാക്കിനില്‍ക്കുന്നു. ഞാന്‍ ബാല്യത്തില്‍ അനുഭവിച്ച ആ നന്മ നിറഞ്ഞ ആഘോഷങ്ങളും ആചാരങ്ങളും അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ എന്റെ മക്കള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ലല്ലോ. ഇന്ന് അതെല്ലാം കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. എന്റെ വര്‍ണശബളമായ ബാല്യത്തെ കുറിച്ച് അവരോട് പറഞ്ഞാല്‍ അവര്‍ക്കത് മനസ്സിലാകുമോ എന്തോ.
തലമുറകളുടെ കാലാനുസൃതമായ മാറ്റം എന്നെ ഭയപ്പെടുത്തുന്നു. നന്മകള്‍ക്ക് നിറം മങ്ങി തുടങ്ങുകയും തിന്മകള്‍ക്ക് മഴവില്ലിന്റെ വര്‍ണം ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
ക്രിസ്തുമസ് എന്ന ആഘോഷത്തിന്റെ അര്‍ത്ഥമേ മാറിയിരിക്കുന്നു. പണ്ട് ക്രിസ്തുമസിന് വ്രതമെടുക്കുന്നതും ജപമാല കൊണ്ട് ഉണ്ണയേശുവിന് കുപ്പായം തയ്പ്പിക്കുന്നതും പാതിരാ കുര്‍ബാനക്ക് പള്ളിയില്‍ പോകുന്നതും എല്ലാം ഇന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നു. ക്രിസ്തുമസിന് ഉണ്ണിയേശുവിനേക്കാള്‍ പ്രാധാന്യം ഉണ്ട് സാന്റാക്ലോസിനും സാന്റാ കൊണ്ടുവരുന്ന സമ്മാനത്തിനും.

എന്താണ് ക്രിസ്തുമസ് എന്നും അതില്‍ ഉണ്ണിയേശുവിന്റെ പ്രാധാന്യം എന്താണെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ഉള്‍പ്പെടെയുള്ള മാതാപിതാക്കള്‍ തയ്യാറാകുന്നില്ല. നമ്മളും ഈ കാര്യത്തില്‍ യൂറോപ്യന്‍ സംസ്‌കാരത്തെ അന്ധമായി പിന്തുടരുന്നു. ക്രിസ്തുമസിന്റെ ചൈതന്യവും ആത്മീയതയും പതിയെ കൈമോശം വന്നുകൊണ്ടിരിക്കുന്നു.palatty

ഒരിക്കല്‍ കൂടി നന്മ നിറഞ്ഞ എന്റെ ബാല്യം എനിക്ക് തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ഒരു വേള ആശിച്ചു പോകുന്നു…
ഏവര്‍ക്കും എന്റെ സ്‌നേഹം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകള്‍….

സെബി പാലാട്ടി

Scroll To Top