Thursday November 23, 2017
Latest Updates

മകളെ സ്‌കൂളില്‍ വിടാതിരുന്ന ലെറ്റര്‍ കെന്നിയിലെ പിതാവിന് തടവുശിക്ഷ;അമ്മയ്ക്ക് പിഴ

മകളെ സ്‌കൂളില്‍ വിടാതിരുന്ന ലെറ്റര്‍ കെന്നിയിലെ പിതാവിന് തടവുശിക്ഷ;അമ്മയ്ക്ക് പിഴ

ലെറ്റര്‍ കെന്നി:മക്കളെ കൃത്യമായി സ്‌കൂളില്‍ വിടാതിരിക്കുന്ന രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് …അയര്‍ലണ്ടിലെ നിയമമനുസരിച്ച് വേണ്ടത്ര കാരണമില്ലാതെ മക്കളെ സ്‌കൂളില്‍ വിട്ടില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരും!മുതിര്‍ന്ന കുട്ടികള്‍ ആണെങ്കിലും അവര്‍ മടി പിടിച്ചിരുന്നാലും മാതാപിതാക്കള്‍ സംഭവത്തില്‍ കുറ്റക്കാരാവും.

ഇതേ കുറ്റത്തിന്റെ പേരില്‍ മകളെ സ്‌കൂളില്‍ വിടാതിരുന്ന പിതാവിന് 14 ദിവസത്തെ തടവുശിക്ഷയും പങ്കാളിക്ക് 500യൂറോ പിഴയുമാണ് ലെറ്റര്‍ കെന്നി കോടതി വിധിച്ചത്.മകളുടെ 167ല്‍ 164 സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടപ്പെടുത്തിയതിനാണ് ശിക്ഷ.

പെണ്‍കുട്ടിയെ സ്‌കൂളില്‍ കൃത്യമായി വിടാത്തതിനാണ് വിദ്യാഭ്യാസ നിയമപ്രകാരം കൗണ്ടി ഡോണെഗലിലെ ലെറ്റര്‍ കെന്നി ജില്ലാ കോടതിയില്‍ രക്ഷിതാക്കളെ ഹാജരാക്കിയത്.ഈസ്റ്റ് ഡോണേഗലില്‍ നിന്നുള്ള പെണ്‍കുട്ടിയെ സ്‌കൂള്‍ ഹാജര്‍ നിലയില്‍ എന്തെങ്കിലും മാറ്റം വരുമോയെന്നറിയാന്‍ വീണ്ടുമൊരവസരം കൂടി കോടതി രക്ഷിതാക്കള്‍ക്ക് അനുവദിച്ചു. വ്യക്തമായ മെഡിക്കല്‍ കാരണങ്ങളാലല്ലാതെ പെണ്‍കുട്ടി സ്‌കൂളില്‍ ഹാജരാകാതിരുന്നാല്‍ പിതാവിനെ ജയിലില്‍ വിടുമെന്ന മുന്നറിയിപ്പും ജഡ്ജി പോള്‍ കെല്ലി നല്‍കി.

ക്ലാസില്‍ പോകാത്തത് ആരോഗ്യപരമായ കാരണങ്ങളാലാണെങ്കില്‍ കൃത്യമായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.എന്നിട്ടും പെണ്‍കുട്ടി മൂന്നു ദിവസം ക്ലാസിലെത്തിയില്ല.കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുട്ടിക്ക് ആസ്ത്മ സംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണ് സ്‌കൂളില്‍ പോകാന്‍ കഴിയാഞ്ഞതെന്ന് പെണ്‍കുട്ടിയുടെ സോളിസിറ്റര്‍ അറിയിച്ചു.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലെന്നും പറഞ്ഞു.ജൂനിയര്‍ സര്‍ട്ടിഫിക്കറ്റു വരെ പഠിച്ച നല്ല മിടുക്കിയായ കുട്ടിയാണെന്നും ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ആ്ഗ്രഹിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.

കുട്ടിയുടെ രക്ഷിതാക്കളും കോടതിയില്‍ ഹാജരുണ്ടായിരുന്നു.കുട്ടിയെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്നു ഓര്‍മ്മിപ്പിച്ച കോടതി പിതാവിനെയും മാതാവിനെയും ശിക്ഷിക്കുകയായിരുന്നു.അടുത്ത ഒക്ടോബറില്‍ കുട്ടിയുടെ ‘സ്‌കൂള്‍ പഠന പുരോഗതി’ കോടതി വീണ്ടും വിലയിരുത്തും.ജയില്‍ ശിക്ഷയും പിഴ ശിക്ഷയും കൊണ്ട് മാതാപിതാക്കള്‍’ശരിയാകുമെന്നാണ് കോടതിയുടെ പ്രതീക്ഷ…

Scroll To Top