Tuesday May 22, 2018
Latest Updates

ഭൂരിപക്ഷമില്ലാത്ത ബി ജെ പി യെ കോടതി തുണച്ചു,ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്യാതെ സുപ്രീം കോടതി,ജനാധിപത്യത്തിന്റെ പരാജയത്തില്‍ ഇന്ത്യ ദുഖിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ഭൂരിപക്ഷമില്ലാത്ത ബി ജെ പി യെ കോടതി തുണച്ചു,ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്യാതെ സുപ്രീം കോടതി,ജനാധിപത്യത്തിന്റെ പരാജയത്തില്‍ ഇന്ത്യ ദുഖിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ബംഗളൂരൂ: പുലര്‍ച്ചെ വരെ നീണ്ട നടപടികള്‍ക്കൊടുവില്‍ സുപ്രീം കോടതി നല്‍കിയ ദയാവായ്‌പിന്റെ തണലില്‍ കര്‍ണാടകയുടെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. യെദിയൂരപ്പ മാത്രമാണ് ഇന്ന് അധികാരമേറ്റത്. 104 എം.എല്‍.എമാരുടെ പിന്തുണയോടെ മാത്രമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായ യെദിയൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.  15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ യെദിയൂരപ്പയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാവിലെ ക്ഷേത്ര ദര്‍‌ശനം നടത്തിയ ശേഷം തൂവെള്ള പാന്റ്‌സും ഷര്‍ട്ടും അണിഞ്ഞാണ് യെദിയൂരപ്പ രാജ്ഭവനിലെത്തിയത്. കര്‍‌ഷകര്‍ക്കൊപ്പമാണെന്ന്  വ്യക്തമാക്കുന്ന തന്റെ പതിവ് പച്ച ഷാളും യെദിയൂരപ്പ തോളില്‍ അണിഞ്ഞിരുന്നു. യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ബി.ജെ.പി നേതാക്കളുടെ മുഖത്ത് വലിയ പ്രസന്നതയൊന്നും കാണാനുണ്ടായിരുന്നില്ല. രാജ്ഭവനിലേക്കുള്ള വഴിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പാട്ടും തനത് കലാരൂപങ്ങളുമായി ആഘോഷിക്കുന്നുണ്ടായിരുന്നു.

സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് കൈമാറിയ കത്ത് നാളെ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് ബി.ജെ.പിയെ സംബന്ധിച്ചടത്തോളം വലിയ തിരിച്ചടിയാണ്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതായുള്ള സഖ്യകക്ഷികളുടെ കത്ത് ഇല്ലാത്തതാണ് അവരെ അലട്ടുന്നത്. എന്നാല്‍, ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കിയത് അവര്‍ക്ക് ആശ്വാസമേകുന്നുണ്ട്. ഇക്കാര്യം അവര്‍ കോടതിയെ അറിയിക്കും.

ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് യെദിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. സത്യപ്രതിജ്ഞ മാറ്റിവയ്‌ക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. യെദിയൂരപ്പയ്‌ക്ക് എം.എല്‍.എമാര്‍ പിന്തുണ നല്‍കുന്ന കത്ത് വെള്ളിയാഴ്ച രാവിലെ 10.30നകം ഹാജരാക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെ കേസില്‍ വീണ്ടും വാദം തുടരും.

പുലര്‍ച്ചെ 2.30ന് ആരംഭിച്ച കേസിലെ വാദപ്രതിവാദങ്ങള്‍ അവസാനിച്ച് 5.30നാണ് കോടതി വിധി പറഞ്ഞത്. സത്യപ്രതിജ്ഞ ഭരണഘടനയുടെ ലംഘനമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. അതിനാല്‍ ഗവര്‍ണര്‍ക്ക് നോട്ടീസയയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും  കോടതി അത് തള്ളി. ഗവര്‍ണര്‍ എന്നത് ഭരണഘടനാ പദവിയാണ്. അങ്ങനെയൊരാള്‍ക്ക് നോട്ടീസയക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസ് എ.കെ.സിക്രി, അശോക് ഭൂഷണ്‍, എസ്.എസ്.ബോബ്‌ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആദ്യം സത്യപ്രതിജ്ഞ നടക്കട്ടെ. എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസയയ്ക്കുന്നുണ്ട്. അതിന് ശേഷം എല്ലാവരുടെയും വാദങ്ങള്‍ വിശദമായി കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.

ഭൂരിപക്ഷം ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തെളിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്‌തഗിയും കോടതിയെ അറിയിച്ചിരുന്നു.

Scroll To Top