Tuesday October 16, 2018
Latest Updates

ഭീതിയുണര്‍ത്തി എലേനോര്‍ കൊടുങ്കാറ്റ്, ഗോള്‍വേയില്‍ വെള്ളപ്പൊക്കം ,വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി,കാറ്റും മഴയും തുടരുമെന്ന് മെറ്റ് എറാന്‍ 

ഭീതിയുണര്‍ത്തി എലേനോര്‍ കൊടുങ്കാറ്റ്, ഗോള്‍വേയില്‍ വെള്ളപ്പൊക്കം ,വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി,കാറ്റും മഴയും തുടരുമെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍:രാജ്യമാസകലം ഭീതിയുണര്‍ത്തി എലേനോര്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞടിക്കുന്നു. പ്രവചനങ്ങളെ തെറ്റിച്ച് 150 കിലോമീറ്റര്‍ സ്പീഡിലാണ് ചില കൗണ്ടികളില്‍ കൊടുങ്കാറ്റത്തെത്തിയത്.ഇന്നലെ വൈകിട്ട് അയര്‍ലണ്ടില്‍ പ്രവേശിച്ച കാറ്റ് സംഹാരതാണ്ഡവം തുടങ്ങിയതോടെ സ്ലൈഗോ,ലിട്രിം,മോണഗന്‍,കാവന്‍,ഗോള്‍വേ എന്നി കൗണ്ടികളില്‍ മാത്രമായി അറുപതിനായിരത്തോളം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും രാത്രി എട്ടുമണിക്ക് ശേഷം മാത്രം 30 വിമാനങ്ങള്‍ സര്‍വീസ് റദ്ധാക്കി.ഐറിഷ് ഫെറിയും സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.ഇന്ന് രാവിലെ ഡബ്ലിന്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ ട്രാഫിക്ക് തടസപ്പെട്ടു.ഏഴുമണിയോടെ സാന്‍ട്രി സ്ലിപ് എക്‌സീറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തോടെ നോര്‍ത്ത് ഡബ്ലിനിലുടനീളം ഗതാഗതകുരുക്കുണ്ടായത്

ആള്‍ഡന്‍,ലാന്‍ഡ്‌സ് ഡൌണ്‍ റോഡ് എന്നിവിടങ്ങളില്‍ വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.നഗരത്തില്‍ ഉടനീളം ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്.

കെറി,മേയോ,ഡോണഗേല്‍ മേഖലകളെയാണ് കൊടുങ്കാറ്റ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്.

സ്ലൈഗോ,ലിട്രിം,മോണഗന്‍,കാവന്‍,ഗോള്‍വേ,കെറി,മേയോ,ഡോണഗേല്‍,ലീമെറിക്ക്,ക്ലെയര്‍ കൗണ്ടികളില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിവരെ ഓറഞ്ച് അലേര്‍ട്ട് തുടരും,

രാജ്യത്ത് എല്ലായിടത്തും,മഴയും,കാറ്റും ഇന്ന് ശക്തമായി തുടരുമെന്നും മെറ്റ് ഏറാന്‍ അറിയിച്ചു.

പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഗോള്‍വേ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.ഒരണ്‍മോറില്‍ റോഡിലേയ്ക്ക് വെള്ളം കുതിച്ചു കയറിയതോടെ ഗാര്‍ഡയുടെയും ജനങ്ങളുടെയും സഹായത്തോടെ വാഹനങ്ങള്‍ ആ മേഖലയില്‍ നിന്നും മാറ്റി.സാള്‍ട്ട് ഹില്‍,ഡോക്ക് റോഡ്,സ്പാനിഷ് ആര്‍ച്ച്,ഡൊമിനിക്ക് സ്ട്രീറ്റ്,അറ്റാലിയ റോഡ്,എന്നിവടങ്ങളിലെല്ലാം വെള്ളം കുതിച്ചുയരുന്നത് നിമിഷനേരം കൊണ്ടായിരുന്നു.

കോര്‍ക്കില്‍ ബാന്‍ട്രി മേഖലയെയാണ് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചത്.മെഡില്‍ടണിലെ ബൈലിക്ക് റോഡിലും വൈകുന്നേരത്തോടെ ട്രാഫിക്ക് തടസപ്പെടും വിധം ജലനിരപ്പ് ഉയര്‍ന്നു.

ക്ലെയര്‍ കൗണ്ടിയിലെ തീരമേഖലകളില്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന ജലനിരപ്പ് ലാഹിന്ച് ,കില്‍റഷ്,കില്‍ക്കീ,കില്‍മീര്‍ റോഡ് എന്നിവിടങ്ങളില്‍ വാഹനഗതാഗതത്തെ ബാധിച്ചു.

ലീമെറിക്കില്‍ മെര്‍ച്ചന്റ് ക്വേ അടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളപൊക്കം ബാധിച്ചിട്ടുണ്ട്.

കൗണ്ടി കെറിയിലെ ട്രേലി ഡിംഗില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ മുന്നറിയിപ്പില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഭവിഷ്യത്തുകള്‍ ഇത്തവണത്തെ കൊടുങ്കാറ്റ് വഴി ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ദര്‍ പറയുന്നു.താപനില വര്‍ദ്ധിക്കുമെങ്കിലും,കോസ്റ്റല്‍ മേഖലയില്‍ ഒട്ടാകെ വെള്ളപ്പൊക്കത്തിന് ഇത്തവണത്തെ കൊടുങ്കാറ്റ് കാരണമാവുമെന്ന് ഉറപ്പാണ്.ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Scroll To Top