Monday October 15, 2018
Latest Updates

ഭീകരവാദത്തിനെതിരെ പുതിയ നിയമവുമായി അയര്‍ലണ്ടും : വിമാന യാത്രക്കാരുടെ വിവര ശേഖരണത്തിന് അനുമതി 

ഭീകരവാദത്തിനെതിരെ പുതിയ നിയമവുമായി അയര്‍ലണ്ടും : വിമാന യാത്രക്കാരുടെ വിവര ശേഖരണത്തിന് അനുമതി 

ഡബ്ലിന്‍:ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര ഇന്റലിജന്‍സ് ശ്രംഖലയുടെ ഭാഗമായി പുതിയ ഭീകരവാദവിരുദ്ധ നിയമവുമായി അയര്‍ലണ്ടും. മേയ് 25 മുതല്‍ പ്രാബല്യത്തില്‍ ആകുന്ന നിയമപ്രകാരം അയര്‍ലണ്ടിന് അകത്തേക്കും പുറത്തേക്കും ഉള്ള യൂറോപ്യന്‍ യൂണിയനു പുറമെനിന്നുള്ള വിമാനങ്ങളിലെ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.

അയര്‍ലണ്ടിലെയും യൂറോപ്യന്‍ യൂണിയനിലെയും ഭീകരവാദ വിരുദ്ധ നടപടിക്രമങ്ങള്‍ അനുസരിച്ചു ഇത്തരത്തില്‍ വിവരശേഖരണം നടത്തേണ്ടത് അനിവാര്യമാണെന്ന് നീതിവകുപ്പു മന്ത്രി ചാള്‍സ് ഫ്‌ളാനഗന്‍ വ്യക്തമാക്കി.പാസഞ്ചര്‍ നമ്പര്‍ റിക്കോര്‍ഡിന്റെ(പിഎന്‍ ആര്‍)അടിസ്ഥാനത്തില്‍ ഓരോ യാത്രക്കാരന്റെയും വിവര ശേഖരണം നടത്തുകയാണ് ചെയ്യുക.യാത്രക്കാരന്റെ ട്രാവല്‍ ഏജന്റിന്റെയും,പണം അടയ്ക്കുന്ന മാര്‍ഗവും അടക്കുമുള്ള വിവരങ്ങള്‍ ശേഖരിക്കപ്പെടും.

യാത്രക്കാരില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് നിയമനിര്‍മ്മാണം നടത്തിയിട്ടുള്ളത്, അതനുസരിച്ചു ഭീകരവാദമോ മറ്റേതെങ്കിലും തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളോ കൈകാര്യം ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുകയുള്ളു.
വിവരസംരക്ഷണ നിയമം അനുസരിച്ചു, വ്യക്തികളുടെ ജാതി, മതം, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, എന്നിവ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ പാടില്ല. അഞ്ചു വര്‍ഷത്തിന് ശേഷം ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ നശിപ്പിക്കേണ്ടതാണ് എന്നും നിയമത്തില്‍ പറയുന്നു.

നീതിവകുപ്പിന്റെ കീഴില്‍ ഡബ്ലിനില്‍ സ്ഥാപിക്കുന്ന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ യൂണിറ്റില്‍ വിവര സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസറും ഉണ്ടായിരിക്കും. നിലവിലുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവരശേഖരണത്തിനായി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും.

Scroll To Top