Saturday October 20, 2018
Latest Updates

ഭവന വില പത്തു വര്‍ഷത്തേയ്ക്ക് കുറയില്ലെന്ന വ്യാജ പ്രചാരണവുമായി ഭവന മാഫിയ….കൂട്ടുനില്‍ക്കാന്‍ രാഷ്ട്രീയ മാധ്യമ ലോബികള്‍ 

ഭവന വില പത്തു വര്‍ഷത്തേയ്ക്ക് കുറയില്ലെന്ന വ്യാജ പ്രചാരണവുമായി ഭവന മാഫിയ….കൂട്ടുനില്‍ക്കാന്‍ രാഷ്ട്രീയ മാധ്യമ ലോബികള്‍ 

ഡബ്ലിന്‍ : ഭവനനിര്‍മ്മാണ ലോബിക്കെതിരായ സര്‍ക്കാര്‍ നീക്കം മുന്നില്‍ക്കണ്ട് അതിന് തടയിടാന്‍ വ്യാജ പ്രചാരണം.അയര്‍ലണ്ടിലെ ഭവനരംഗത്തെ ചൂഷണം, വിവാദവും വാര്‍ത്തയുമായിട്ട് കാലാകാലങ്ങളായെങ്കിലും ഭവന നിര്‍മ്മാതാക്കളുടെയും ഭൂ ഉടമകളുടെയും ആധിപത്യം ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.ഇതിനെതിരെ ഫലപ്രദമായ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നുമില്ല.

ഇതിനിടെയാണ് യൂറോപ്പിലെ ഭവന നിര്‍മ്മാണച്ചെലവിനെക്കുറിച്ച് പഠിച്ച് റിപോര്‍ട് തരാന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ നിര്‍ദേശിച്ചത്. ഇതിനുപിന്നാലെയാണ് അടുത്ത അഞ്ച് – പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ ഭവനവില കുറയില്ലെന്ന വ്യാജപ്രചാരണവുമായി ഭവനമാഫിയ രംഗത്ത് വന്നത്. ഫലപ്രദമായ നടപടികളുണ്ടായില്ലെങ്കില്‍ വീടുകളുടെ വില കുടുന്നത് തടയാനാവില്ലെന്ന മുന്നറിയിപ്പാണ് ഡാഫ്ട് വെബ്സൈറ്റ് നല്‍കിയത്.

സര്‍ക്കാരില്‍ നിന്നും വീണ്ടും സാമ്പത്തികാനുകൂല്യങ്ങള്‍ കൈപ്പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം വിലയിരുത്തലുകള്‍ എന്നാണ് എതിര്‍പക്ഷത്തിന്റെ നിലപാട്..ഭവനനിര്‍മാണരംഗത്ത് കൂടുതല്‍ സാമ്പത്തിക സഹായവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയാല്‍ മാത്രമേ വില പിടിച്ചുനിര്‍ത്താനാവൂ എന്ന സന്ദേശമാണ് ഭവനമാഫിയ സര്‍ക്കാരിലേക്ക് നല്‍കുന്നത്. അതിന് ഇക്കൂട്ടരെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെ സഹായവുമുണ്ട്.എന്നാല്‍ ഈ നിലപാടിനോട് യോജിക്കാന്‍ ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണോഹൂ തയ്യാറായില്ല.അദ്ദേഹം സഹപ്രവര്‍ത്തകരുമായി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.

അയര്‍ലണ്ടിലെ വീടുകളുടെ വില 2017ന്റെ ആദ്യ പകുതിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വന്‍തോതില്‍ ഉയര്‍ന്നുവെന്നും ഡിസംബറിലേതിനേക്കാള്‍ 8.8% വില ഉയര്‍ന്നതായും ഡാഫ്റ്റ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.ഈവര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലേതുമായി നോക്കുമ്പോള്‍ പോലും ഏപ്രില്‍,മെയ്,ജൂണ്‍ മാസങ്ങളില്‍ 4.3% വില ഉയര്‍ന്നു.

ഡബ്ലിന് മൂന്നു ബെഡ്റൂം വീടുകളുടെ ആവശ്യമില്ലെന്നും അപ്പാര്‍ട്മെന്റുകളുടെ നിര്‍മ്മാണം വളരെ ബുദ്ധിമുട്ടുനിറഞ്ഞതാണെന്നും ഡാഫ്ട് തുടരുന്നു. വീടുകളുടെ നിര്‍മ്മാണച്ചെലവ് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ചെലവ് ഇനിയും അധികരിക്കുമെന്നും ഡ്രാഫ്ട് പറയുന്നു.

വന്‍തോതിലുള്ള നിര്‍മ്മാണം സാമ്പത്തികമായി മെച്ചം നല്‍കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി കണ്‍സ്ടക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷനും ബജറ്റുകളെ സ്വാധീനിച്ച് വാറ്റില്‍ ഇളവും മറ്റ് ഇന്‍സെന്റീവുകളും സര്‍ക്കാരില്‍ നിന്നും നേടിയിരുന്നു. എന്നാല്‍ ഇത്തരം സംഗതികളോടൊന്നും ധനമന്ത്രിയും സീനിയര്‍ മന്ത്രിമാരും യോജിച്ചിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് യൂറോപ്പിലെ നിര്‍മ്മാണച്ചെലവുമായി താരതമ്യം നടത്താനുള്ള നിര്‍ദേശം രൂപപ്പെട്ടത്.

ഫിനഗേലിന്റെ പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ മയോ സെനറ്റര്‍ പാഡി ബര്‍ക്ക് കെട്ടിടനിര്‍മ്മാണച്ചെലവിനെക്കുറിച്ച് ചോദ്യമുന്നയിച്ചിരുന്നു.നല്ലൊരു വീട് നിര്‍മ്മിക്കണമെങ്കില്‍ ഭാരിച്ച ചെലവാണുണ്ടാകുന്നതെന്നും അത് കുറയ്ക്കാന്‍ നികുതിയിളവ് നല്‍കുകയും നിയന്ത്രണങ്ങളില്‍ അയവുവരുത്തുകയും വേണമെന്നും ധനമന്ത്രിയോട് ഇദ്ദേഹം ആവശ്യപ്പെട്ടു.എന്നാല്‍ യൂറോപ്പിലെ കെട്ടിടനിര്‍മ്മാണച്ചെലവുമായി നടത്തുന്ന താരതമ്യ പഠനം സമ്മറില്‍ പൂര്‍ത്തിയാവുമെന്നാണു മന്ത്രി ബര്‍ക്കിനെ അറിയിച്ചത്.

ഈ സാഹചര്യത്തില്‍ ഡോണോഹുവിന്റെ കന്നി ബജറ്റില്‍ ഭവന നിര്‍മാതാക്കള്‍ക്ക് സാമ്പത്തികാനുകൂല്യങ്ങളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് സൂചന. മാത്രമല്ല ഭവനമന്ത്രി ഓവന്‍ മർഫി മര്‍ഫിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ഈ രംഗത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ ഉണ്ടായേക്കാമെന്നും നിരീക്ഷണമുണ്ട്.അയര്‍ലണ്ടും മറ്റ് രാജ്യങ്ങളുമായുള്ള താരതമ്യം നിര്‍മ്മാണച്ചെലവുകളുടെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിനിടയാക്കുമെന്ന് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ കെട്ടിടനിര്‍മ്മാണച്ചെലവ് ആദ്യമായി വിലയിരുത്തിയത് മുന്‍ പ്രധാനമന്ത്രി എണ്‍ഡകെന്നിയാണ്.റീബില്‍ഡ് അയര്‍ലണ്ടെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ആധികാരികരേഖയെന്ന നിലയില്‍ ഇതിനെ പുനര്‍ നിര്‍ണയിക്കാനാണ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഭവനമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്.

ഓരോ വര്‍ഷവും നിര്‍മാണമേഖലയില്‍ വീടുകളുടെ എണ്ണം കൂടുമ്പോഴും പുതിയ കെട്ടിട നിര്‍മ്മാണ ചെലവുകള്‍ പെരുപ്പിച്ച് കാണിച്ചും.പഴയ വീടുകള്‍ ഉപയോഗപ്രദമാക്കാതെയും ഭവന മാഫിയ ആവശ്യക്കാരെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.സര്‍ക്കാര്‍ സഹായം ഇല്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാവാതെ വില താനെ കുറയ്ക്കേണ്ടി വരുമെന്ന അവസ്ഥ സംജാതമാവുകയും കൂടുതല്‍ വില്പനകള്‍ നടത്തി വിപണിയിലെ തന്ത്രങ്ങള്‍ അവസാനിപ്പിച്ചു’ഇടനിലക്കാര്‍ക്ക് ‘ രക്ഷപ്പെടേണ്ടി വരുമെന്നുമാണ് ഭവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ചില വിദഗ്ദരുടെ അഭിപ്രായം.

Scroll To Top