Saturday July 22, 2017
Latest Updates

ഭവനപ്രശ്നം വഷളാക്കുന്നത് ഭൂഉടമകള്‍ പിടിച്ചു വെച്ചിരിക്കുന്ന 47000 ഹൗസ് പ്ലോട്ടുകള്‍, സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും ആവശ്യമുയരുന്നു 

ഭവനപ്രശ്നം വഷളാക്കുന്നത് ഭൂഉടമകള്‍ പിടിച്ചു വെച്ചിരിക്കുന്ന 47000 ഹൗസ് പ്ലോട്ടുകള്‍, സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും ആവശ്യമുയരുന്നു 

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ ഭവനപ്രശ്നം വഷളാക്കുന്നത് ഭൂഉടമകള്‍ പിടിച്ചു വെച്ചിരിക്കുന്ന ഹൗസ് പ്ലോട്ടുകള്‍ തന്നെയെന്ന് നാമയുടെ കുറ്റസമ്മതം.50000 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഭൂമിയാണ് നാമ നല്‍കിയിട്ടുള്ളത് എന്നാല്‍ 3000 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികളെടുക്കാന്‍ ഭരണകൂടത്തിനാവുന്നില്ലെന്നതാണ് മുഖ്യപ്രശ്നം. മാത്രമല്ല പല നയങ്ങളും ഭൂമി പൂഴ്ത്തിവെപ്പുകാരെ പ്രോല്‍സാഹിപ്പിക്കുന്നതുമാണ്.ഏതു നിയമത്തിലും നിറയെ പഴുതുകളാവും അതുപയോഗിച്ച് രക്ഷപ്പെടുകയാണ് ഭൂഉടമകളെന്ന് നാമ ചീഫ് എക്സിക്യൂട്ടീവ് ബ്രണ്ടന്‍ മക് ഡൊണാഹ് പറയുന്നു.പാഴായിക്കിടക്കുന്ന സൈറ്റുകള്‍ക്ക് നികുതി ഈടാക്കുന്നതു പരാമര്‍ശിച്ചാണ് മക് ഡോണാഹ് ഇങ്ങനെ പ്രതികരിച്ചത്.

എല്ലാ പഴുതുകളും അടച്ചുകൊണ്ടായിരിക്കണം നിയമം കൊണ്ടുവരേണ്ടത്.ഡബ്ലിന്‍ കൗണ്‍സിലിന്റെ കീഴില്‍ത്തന്നെ പ്രാദേശിക അധികൃതരുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പാഴായിക്കിടക്കുന്ന ലാന്‍ഡുകളുണ്ട്.2019 ജനുവരി മുതല്‍ എല്ലാ പ്ലോട്ടുകള്‍ക്കും മാര്‍ക്കറ്റ് വാല്യുവിന്റെ 3% നികുതി നിശ്ചയിക്കാനാണ് കൗണ്‍സിലിന്റെ തീരുമാനം.അവിടേയും നിയമത്തിന്റെ പഴുതുണ്ട്. ഭൂമിയുടെ വില വായ്പയെക്കാള്‍ കൂടുതലായാല്‍ നികുതിയില്‍ നിന്നും ഒഴിവാകാമെന്ന് വ്യവസ്ഥയുണ്ട്. അങ്ങനെ വന്നാല്‍ ഭൂരിപക്ഷം ഭൂഉടമകളും നികുതിയില്‍ നിന്നും ഒഴിവാകുന്ന നിലയുണ്ടാകുമെന്നു സോഷ്യല്‍ ഡെമോക്രാറ്റ് ടി ഡി റോയിസിന്‍ ഷോര്‍ടാല്‍ പറയുന്നു.നാമയില്‍ നിന്നും ഭൂമി വാങ്ങിയവരില്‍ കൂടുതല്‍ പേരും ഈ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടും.’2019വരെ കാത്തിരിക്കേണ്ടതില്ല നികുതി ചുമത്താനെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

അതേ സമയം വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഹൗസിംഗ് പ്ലോട്ടുകള്‍ കൈവശം വെയ്ക്കുന്നവരില്‍ അത് പിടിച്ചെടുക്കണമെന്നാണ് ഹൗസിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഏഴു വര്‍ഷമായി ഭൂമി കൈവശം വെക്കുന്നവര്‍ക്കായി 2012ല്‍ ധനമന്ത്രി മൈക്കിള്‍ നൂനന്‍ കൊണ്ടുവന്ന കാപിറ്റല്‍ ഗെയിന്‍ ടാക്സ് എക്സെംപ്ഷന്‍ സ്‌കീം ഭൂമി സൂക്ഷിച്ചുവെക്കാന്‍ ഉടമകളെ പേരിപ്പിച്ചു. ആ നിയമത്തിന് 2014വരെ പ്രാബല്യമുണ്ടായിരുന്നു.കടുത്ത നിയമനപടികളിലൂടെ മാത്രമേ ഇവിടുത്തെ ഭൂഉടമകളെ നിയന്ത്രിക്കാനാകൂ.സര്‍ക്കാരിന് സ്വന്തം നിലയില്‍ വീടുകള്‍ പണിത് നല്‍കി ഭവനപ്രശ്നം പരിഹരിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്വകാര്യചൂഷണം ഈ രംഗത്തു നിന്നും തുടച്ചുമാറ്റാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Scroll To Top