Friday January 19, 2018
Latest Updates

ബ്‌ളാഞ്ചസ് ടൗണ്‍ ഷോപ്പിംഗ് സെന്ററില്‍ ആയുധമേന്തിയ അക്രമി ഭീതി പരത്തി:ഭീകരാക്രമണത്തിന്റെ നിഴലില്‍ അയര്‍ലണ്ടിലും സുരക്ഷാ ജാഗ്രത

ബ്‌ളാഞ്ചസ് ടൗണ്‍ ഷോപ്പിംഗ് സെന്ററില്‍ ആയുധമേന്തിയ അക്രമി ഭീതി പരത്തി:ഭീകരാക്രമണത്തിന്റെ നിഴലില്‍ അയര്‍ലണ്ടിലും സുരക്ഷാ ജാഗ്രത

ഡബ്ലിന്‍ : സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഡബ്ലിന്‍ ബ്‌ളാഞ്ചസ് ടൌണ്‍ ഷോപ്പിംഗ് സെന്ററില്‍ നിന്ന് ഉപഭോക്താക്കളെയും ജീവനക്കാരെയും ഒഴിപ്പിച്ചു.ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് നഗരത്തിലാകെ പരിഭ്രാന്തി പരത്തി ബ്‌ളാഞ്ചസ് ടൗണില്‍ അക്രമകാരിയെന്ന് കരുതപ്പെടുന്ന ആയുധധാരിയായ കൗമാരക്കാരനെ കണ്ടത്.

ഗാര്‍ഡ എമര്‍ജന്‍സി റെസ്പോണ്‍സ് യൂണിറ്റ് (എ ആര്‍ യു), സായുധ റസ്പോണ്‍സ് യൂണിറ്റ് (എ ആര്‍ യു) എന്നിവയെത്തിയാണ് ആളുകളെ ഒഴിപ്പിച്ചത്.ഗതാഗതം തിരിച്ചു വിടുകയും, ഗാര്‍ഡ ജനങ്ങളോട് സ്ഥലം വിട്ടു പോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ പ്രദേശത്ത് ഭീതി ഉയര്‍ന്നു.

.22 റൈഫിളുപയോഗിച്ച് യുവാവ് പല തവണ വെടിയുതിര്‍ത്തുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഗാര്‍ഡ ഇത് സ്ഥിരീകരിച്ചിട്ടില്ല,

കോംപ്ലക്സിലെ ചില കടക്കാരാണ് ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്.

കൗണ്ടി ക്ലയറില്‍ നിന്നും കാണാതായ 19കാരനായ ജാക്ക് ഡിനനാണ് ബ്‌ളാഞ്ചസ് ടൗണില്‍ അക്രമഭീഷണി ഉയര്‍ത്തിയതെന്ന് പിന്നീട് കണ്ടെത്തി.ഇയാളെ ഒരു കാരണവശാലും സമീപിക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.ആളുകളെ ഒഴിപ്പിച്ചതോടെ ഗാര്‍ഡ ഷോപ്പിംഗ് കോംപ്ലക്സില്‍ പട്രോളിംഗ് നടത്തി.എട്ടുമണിയോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങി.ആരെയും അറസ്റ്റ് ചെയ്തതായും സ്ഥിരീകരണമില്ല.

അതേ സമയം യൂറോപ്പിലും,അമേരിക്കയിലും ഉണ്ടാകുന്ന അക്രമസംഭവങ്ങളുടെ വെളിച്ചത്തില്‍ ഗാര്‍ഡ അയര്‍ലണ്ടിലെ നഗരങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ഗാര്‍ഡ അധികൃതര്‍ വ്യക്തമാക്കി.

Scroll To Top