Sunday October 22, 2017
Latest Updates

ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ മുസ്ലിം പള്ളിയ്‌ക്കെതിരെ ഒപ്പു ശേഖരണം,പരാതി അവഗണിക്കുമെന്ന നിലപാടുമായി കൗണ്‍സില്‍ 

ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ മുസ്ലിം പള്ളിയ്‌ക്കെതിരെ ഒപ്പു ശേഖരണം,പരാതി അവഗണിക്കുമെന്ന നിലപാടുമായി കൗണ്‍സില്‍ 

ഡബ്ലിന്‍:ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ മുസ്ലിം പള്ളി വരുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം.മുസ്‌ളീം പള്ളിയുടെ നിര്‍മ്മാണത്തിനെതിരെ ഓണ്‍ലൈന്‍ വഴിയാണ് അഭിപ്രായ സ്വരൂപണം നടത്തുന്നത്.പ്രദേശവാസികളായ ആയിരത്തി അഞ്ഞൂറോളം പേര്‍ ഇതിനകം നിവേദനത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.

90 അടി ഉയരമുള്ള മിനാരവും,ദൈനം ദിനപ്രാര്‍ത്ഥനകളുമെല്ലാം പ്രദേശത്തുള്ളവര്‍ക്കു ബുദ്ധിമുട്ടാകും,സമീപ പ്രദേശങ്ങളില്‍ നിന്ന് വിശ്വാസികള്‍ പള്ളിയിലേക്ക് വരുന്നത് രൂക്ഷമായ ഗതാഗത കുരുക്കിനും കാരണമാകും എന്നിവയാണ് പള്ളിയ്ക്കെതിരെ ഉയര്‍ത്തുന്ന പ്രധാന പരാതികള്‍.

അഞ്ചു നേരം മൈക്കിലൂടെ ബാങ്ക് വിളിക്കുന്നത് ശബ്ദ മലിനീകരണമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഡബ്ലിന്‍ മേഖലയിലെ പരാതിക്കാരില്‍ ഏറെപ്പേരുടെയും ആശങ്ക , വലിയ ഇസ്ലാമിക് കോംപ്‌ളക്‌സുകളുടെ ധന സമാഹരണത്തിന്റെ കാര്യത്തിലാണ് എന്നതും ശ്രദ്ധേയമാണ്.

അതേസമയം ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍ പ്രാദേശിക സമൂഹത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പള്ളി നിര്‍മ്മാണത്തിന് അനുമതി നല്‍കുമെന്നാണ് അറിയുന്നത്. അങ്ങനെ അനുമതി കൊടുക്കാതിരിക്കുന്നത് രാഷ്ട്രീയപരമായി ശരിയല്ലെന്നാണ് കൗണ്‍സിലിന്റെ വാദം.ഏതാനം കൗണ്‍സിലര്‍മാര്‍ പരസ്യമായി തന്നെ മുസ്‌ളീം പള്ളിയ്ക്ക് അനുകൂലമായി രംഗത്ത് വന്നുകഴിഞ്ഞു.

മൂന്നു നിലകളിലായി നിര്‍മ്മിക്കുന്ന പള്ളി സമുച്ചയത്തില്‍ മോസ്‌കിനു പുറമേ, കമ്മ്യൂണിറ്റി സെന്റര്‍,സ്വകാര്യ പ്രൈമറി സ്‌കൂള്‍ എന്നിവയാണ് സജ്ജീകരിക്കുക.ഡോ. തൗഫിഖ് അല്‍ സത്താര്‍ നേതൃത്വം നല്‍കുന്ന അയര്‍ലണ്ട് ഷുഹദ ഫൗണ്ടേഷനാണ് മോസ്‌ക് നിര്‍മ്മിക്കുന്നതിനു അനുമതി തേടിയത്.

2013 സെപ്തംബറില്‍ ഇംഗ്ലണ്ടിലെ ലെ ഐസ്റ്ററില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭാര്യ ഷെഹ്നില,മക്കളായ സൈനബ്(19),ബിലാല്‍(17),ജമാല്‍ (15)എന്നിവരുടെ സ്മരണാര്‍ഥമാണ് ഡബ്ലിനിലെ ന്യൂറോ സര്‍ജന്‍ കൂടിയായ ഡോക്ടറുടെ നേതൃത്വത്തില്‍ പൊതു സഹകരണത്തോടെ മുസ്ലിം പള്ളി നിര്‍മ്മിക്കുന്നത്.

എല്ലാ ജനവിഭാഗത്തിനും ഉപയോഗിക്കാവുന്ന കമ്മ്യൂണിറ്റി സെന്റര്‍ സ്ഥാപിക്കുകയെന്നത് ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്ന് ഡോ. തൗഫിഖ് വെളിപ്പെടുത്തി.ഹലാല്‍ ഫുഡ് സെന്റര്‍,റെസ്റ്റോറന്റ്,ഫുട്‌ബോള്‍ പിച്ചോടു കൂടിയുള്ള സ്‌പോര്‍ട്‌സ് ഹാള്‍ തുടങ്ങിയവയൊക്കെയാണ് പ്ലാന്‍ ചെയ്യുന്നത്.

Scroll To Top