Tuesday November 13, 2018
Latest Updates

ബ്രെക്‌സിറ്റ് സംഭവിയ്ക്കാതിരിക്കട്ടെയെന്ന ആശയുമായി വരദ്കര്‍ :’അയര്‍ലണ്ടിനെ ലോകത്തിന്റെ വെളിച്ചമാക്കാന്‍ ആഗ്രഹം’

ബ്രെക്‌സിറ്റ് സംഭവിയ്ക്കാതിരിക്കട്ടെയെന്ന ആശയുമായി വരദ്കര്‍ :’അയര്‍ലണ്ടിനെ ലോകത്തിന്റെ വെളിച്ചമാക്കാന്‍ ആഗ്രഹം’

ഡബ്ലിന്‍ :അയര്‍ലണ്ടിനെ ലോകത്തിന്റെ വെളിച്ചമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ലിയോവരദ്കര്‍.ന്യൂയോര്‍ക്ക് ആസ്ഥാനമായ അമേരിക്കന്‍ മാസിക ‘ദ ടൈമിന്’ അനുവദിച്ച അഭിമുഖത്തിലാണ് അയര്‍ലണ്ടിനെക്കുറിച്ചുള്ള തന്റെ ഭാവി സ്വപ്നങ്ങള്‍ വരദ്കര്‍ പങ്കുവെച്ചത്.മാസികയുടെ യൂറോപ്യന്‍ എഡിഷന്റെ കവര്‍ചിത്രം പ്രധാനമന്ത്രിയുടെതാണ്; ലീഡ് സ്റ്റോറിയും അദ്ദേഹത്തെക്കുറിച്ച് തന്നെ.’ലോകത്തിന് നടുക്കൊരു ദ്വീപ്’എന്ന തലക്കെട്ടിലാണ് വരദ്കറും അയര്‍ലണ്ടും വിഖ്യാത മാസികയുടെ മുഖമായത്.

ബ്രക്സിറ്റും ബ്രിട്ടനും അമേരിക്കയും എണ്‍ഡകെന്നിയും കടന്ന് ആഗോളവല്‍ക്കരണവും ഡൊണാള്‍ഡ് ട്രംപുമൊക്കെ കടന്ന് ഗര്‍ഭഛിദ്രം വരെഎത്തുന്ന അഭിമുഖത്തില്‍ മുന്തിയ പ്രാധാന്യം നല്‍കിയിരിക്കുന്നത് ബ്രിട്ടനും ബ്രക്സിറ്റിനും അയര്‍ലണ്ടിനും തന്നെയാണ്.

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ പേരില്‍ ബ്രിട്ടനെ ശിക്ഷിക്കണമെന്നില്ലെന്ന് തുറന്നു പറയുന്ന വരദ്കര്‍ ബ്രക്സിറ്റ് സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതായും പ്രത്യാശിക്കുന്നു.’ബ്രിട്ടനില്ലെങ്കില്‍ അയര്‍ലണ്ടിന് വന്‍ നഷ്ടമാകും എന്നാണ് ബ്രക്സിറ്റിനെക്കുറിച്ച് വരദ്കര്‍ പറയുന്നത്.യൂറോപ്യന്‍ യൂണിയനോടും യുകെയോടുമുള്ള തന്റെ ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധതയും വരദ്കര്‍ വെളിപ്പെടുത്തുന്നു.
”ഒരു മൈക്കിള്‍ കോളിന്‍സ് വിവരണം പോലെ ലോകത്തിനാകെ ശോഭയാര്‍ന്ന വെളിച്ചമാകണമെന്നാണ് അയര്‍ലണ്ട് ആഗ്രഹിക്കുന്നത് ഒപ്പം അന്താരാഷ്ട്ര സമൂഹത്തിനൊപ്പം നില്‍ക്കാനും”വരദ്കര്‍ പറയുന്നു.

യൂറോപ്പിന്റെ ഹൃദയമാണ് അയര്‍ലണ്ട്.യൂറോയും ഏക വിപണിയുമൊക്കെ കണ്ടെത്തിയത് അയര്‍ലണ്ടാണ്.’ബ്രക്സിറ്റ് സംഭവിക്കരുതായിരുന്നുവെന്ന് ആഗ്രഹിക്കുന്നു.യുകെ മനസ്സുമാറ്റുമെന്നാണ് ഇപ്പോഴും തന്റെ പ്രതീക്ഷ..അതിര്‍ത്തിയുടെ നിയന്തണത്തിനാണ് അയര്‍ലണ്ട് പ്രാധാന്യം നല്‍കുന്നത്’.
ബ്രക്സിറ്റിന്റെ കഠിനതലങ്ങളും വരദ്കര്‍ എടുത്തു പറയുന്നു.ടോക്യോയിലേക്കും ഒസാകയിലേക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഫ്രീയായി അയക്കുമ്പോള്‍ അതേ സാധനം മാഞ്ചസ്റ്ററിലേക്ക് അയക്കുന്നതിന് ചുങ്കം കൊടുക്കേണ്ടിവരുന്നു. ഇത് ആധുനിക ലോകത്തിന് സംഭവ്യമല്ല.ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ട് നേരിടേണ്ട പ്രശ്നങ്ങള്‍ സംബന്ധിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുന്ന യൂറോപ്യന്‍ യൂണിയന്‍ ടീമിന് പൂര്‍ണ ബോധ്യമുണ്ടെന്ന് വരദ്കര്‍ പറഞ്ഞു.

എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന്റെ പേരില്‍ എല്ലാ പ്രയോജനങ്ങളും ആസ്വദിക്കാനും എല്ലാ ചെലവുകളും ഉത്തരവാദിത്വങ്ങളും ഒഴിവാക്കാനുമാണ് ബ്രിട്ടന്റെ അനുരഞ്ജന സംഘം നടത്തുന്നതെന്ന ഒളിയമ്പും വരദ്കര്‍ തൊടുക്കുന്നുണ്ട്.ബ്രക്സിറ്റിന്റെ ഏറ്റവും കൂടുതല്‍ ഭാരം പേറേണ്ടി വരുന്ന രാജ്യമെന്ന നിലയില്‍ ”ഐറെക്സിറ്റ്” ആണ് ആവശ്യപ്പെടേണ്ടതെന്ന രാജ്യത്തെ നയതന്ത്ര വിദഗ്ധരുടെ ഉപദേശം പരിഗണിക്കുന്നില്ലെന്നും വരദ്കര്‍ പറഞ്ഞു.

വിവിധ ഘട്ടങ്ങളില്‍ ബ്രിട്ടനിലേക്ക് വേറിട്ട പാതകള്‍ തീര്‍ക്കാന്‍ അയര്‍ലണ്ട് മുന്‍കാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ യൂറോപ്പിന്റെ ഹൃദയത്തിലാണ് ഇപ്പോള്‍ അയര്‍ലണ്ടിന്റെ സ്ഥാനം.ഭാവിയില്‍ എന്തൊക്കെ പ്രതിബന്ധം നേരിടേണ്ടിവന്നാലും യൂറോപ്യന്‍ യൂണിയനുമൊത്തായിരിക്കും അയര്‍ലണ്ടിന്റ സഞ്ചാരം. കാരണം അയര്‍ലണ്ടിലേക്ക് എല്ലാം കൊണ്ടുവന്നത് യൂണിയനാണ്.’ ഇയുവിനോടുള്ള തന്റെ പ്രതിബദ്ധത വരദ്കര്‍ മറച്ചുവെക്കുന്നില്ല.

ഐക്യഅയര്‍ലണ്ട് റഫറണ്ടം എന്നത് മുന്‍ പ്രധാനമന്ത്രി എണ്‍ഡ കെന്നിയുടെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആ കാഴ്ചപ്പാടിനെ വരദ്കര്‍ തള്ളിക്കളഞ്ഞു.’അദ്ദേഹം അതിനെതിരായിരുന്നു. ബോര്‍ഡര്‍ പോള്‍ മറ്റൊരു ധൃവീകരണത്തിനും സെക്ടേറിയനിസത്തിനും പുതിയ ദേശീയവാദത്തിനുമൊക്കെ കാരണമാകുമെന്ന് തന്റെ മുന്‍ഗാമി വല്ലാതെ ഭയപ്പെട്ടിരുന്നു’ വരദ്കര്‍ വെളിപ്പെടുത്തുന്നു.തന്ത്രപരമായ നീക്കങ്ങളെക്കാള്‍ നേരിട്ട് ഫോണില്‍ കാര്യങ്ങള്‍ സംസാരിച്ച് പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുകയെന്നതാണ് തന്റെ രീതി. അല്ലാതെ നയതന്ത്രങ്ങള്‍ക്കും മറ്റുമായി സമയം കളയേണ്ടതില്ലെന്ന കാഴ്ചപ്പാടും വരദ്കര്‍ പങ്കുവെക്കുന്നു.

അമേരിക്കയുമായി നല്ല ബന്ധത്തിനാണ് ആഗ്രഹിക്കുന്നത്.കാലാവസ്ഥ, മനുഷ്യാവകാശ പ്രശ്നങ്ങള്‍ എന്നിവയിലെ നിലപാടുകളിലുള്ള അഭിപ്രായവ്യത്യസങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും വരദ്കര്‍ പറഞ്ഞു.അബോര്‍ഷന്റെ റഫറണ്ടത്തെ സംബന്ധിച്ച ചോദ്യത്തിന് ‘അയര്‍ലണ്ട് ജനതയ്ക്ക് അവരുടെ വഴികളും വാക്കുകളുമുണ്ട്. അതെന്താണെന്നു കേള്‍ക്കട്ടെ. എന്താണ് ചോദ്യമെന്ന് ഐറീഷ് ജനത മനസ്സിലാക്കിയിരിക്കുന്നു. അടുത്ത ആറുമാസം അവര്‍ അതിന്റെ ഉത്തരം ആലോചിക്കട്ടെ, എന്നിട്ട് ഒരു തീരുമാനം പറയട്ടെ.എന്നിട്ടാവാം ഭരണഘടനാ ഭേദഗതി’വരദ്കര്‍ പറഞ്ഞു നിര്‍ത്തി.

Scroll To Top