Tuesday September 25, 2018
Latest Updates

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പാതിവഴിയില്‍ സ്തംഭനത്തില്‍ , വിട്ടുവീഴ്ച ചെയ്യാനൊരുങ്ങി വരദ്കര്‍,വിട്ടു കൊടുക്കാതെ ഡീ യൂ പി 

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പാതിവഴിയില്‍ സ്തംഭനത്തില്‍ , വിട്ടുവീഴ്ച ചെയ്യാനൊരുങ്ങി വരദ്കര്‍,വിട്ടു കൊടുക്കാതെ ഡീ യൂ പി 

ഡബ്ലിന്‍ :ബ്രക്സിറ്റ് ചര്‍ച്ചകള്‍ പ്രതീക്ഷിച്ച നിലയില്‍ മുന്നേറാത്ത സാഹചര്യത്തില്‍ ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ,നെതര്‍ലണ്ട് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് എന്നിവരുമായി ചര്‍ച്ച നടത്തി.

നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി ബന്ധപ്പെട്ട് നിലവില്‍ എടുത്തിട്ടുള്ള നിലപാടുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ചര്‍ച്ചകള്‍ സുഗമമാക്കുമെന്ന് ലിയോ വരദ്കര്‍ സൂചന നല്‍കി.ഇത് സംബന്ധിച്ച മുന്‍ പ്രസ്താവനയില്‍ മാറ്റം വരുത്തിയേക്കാമെങ്കിലും,അതിന്റെ കാമ്പിലും,അന്തഃസത്തയിലും മാറ്റം ഉണ്ടാവില്ലെന്നും ലിയോ പറഞ്ഞു.

ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന പ്രസ്താവനയുണ്ടായെങ്കിലും നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായതായി സൂചനയൊന്നും ലഭിച്ചിട്ടില്ല.ഐറിഷ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണം എന്ന അയര്‍ലണ്ടിന്റെ ആവശ്യം നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ചില രാഷ്ട്രീയ കക്ഷികള്‍ എതിര്‍ത്തതാണ് പ്രധാനമായും ചര്‍ച്ചകള്‍ക്ക് തടസമുണ്ടാക്കിയത്.അതിനിടെ ബ്രക്സിറ്റ് ചര്‍ച്ചകള്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്വം ആരോപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ കോമണ്‍സില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു.തെരേസ മെയുമായി ഫോണിലും മാര്‍ക്ക് റൂട്ടുമായി നേരിട്ടുമാണ് ചര്‍ച്ച നടത്തിയത്.

ബ്രക്സിറ്റ് പ്രശ്ന പരിഹാരം കണ്ടെത്തുന്നതിന് ബ്രിട്ടനു നല്‍കിയ സമയം ഏറെക്കുറെ അവസാനിക്കുകയാണ്.അടുത്ത വ്യാഴം,വെള്ളി ദിവസങ്ങളില്‍ നടക്കുന്ന ഇ.യു ഉച്ചകോടിയില്‍ ബ്രക്സിറ്റ് ചര്‍ച്ചകള്‍ രണ്ടാംഘട്ടത്തിലേക്കു കടക്കേണ്ടതുണ്ട്.എന്നാല്‍ ഇപ്പോഴും നിര്‍ണ്ണായക പ്രശ്നങ്ങളില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രക്സിറ്റനന്തര അതിര്‍ത്തിയുടെ പ്രാധാന്യം ഇരുവരും അംഗീകരിച്ചതായി ചര്‍ച്ചകള്‍ക്കു ശേഷം നമ്പര്‍ 10ല്‍ നിന്നും പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.അയര്‍ലണ്ട് വടക്കന്‍ അയര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിയില്‍ കടുത്ത അതിര്‍ത്തിയോ പശ്ചാത്തലങ്ങള്‍ക്കോ പ്രാധാന്യം നല്‍കില്ലെന്ന് പ്രസ്താവന പറയുന്നു.

നോര്‍ത്തേണ്‍ അയര്‍ലണ്ട്, അയര്‍ലണ്ട് എന്നിവിടങ്ങളിലെ ജനങ്ങള്‍ ഈ പ്രശ്നത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതായി പ്രധാനമന്ത്രി വരദ്കര്‍ പറഞ്ഞു.

യു.കെയുടെ സമഗ്രത നിലനിര്‍ത്തിക്കൊണ്ടും യൂറോപ്യന്‍ യൂണിയന്‍- ബെല്‍ഫാസ്റ്റ് കരാറുകള്‍ പ്രകാരവും ഈ പ്രശ്നത്തിന് പ്രത്യേക പരിഹാരം കണ്ടെത്തണം.ഇതിനുള്ള കഠിനശ്രമമാണ് നടത്തുന്നത്.ഇക്കാര്യത്തില്‍ ഒരുമിച്ചാണ് മുന്നോട്ടു നീങ്ങുന്നതെന്നും പ്രസ്താവന കൂട്ടിച്ചേര്‍ക്കുന്നു. ഇന്നലെ വൈകുന്നേരമാണ് വരദ്കര്‍ നെതര്‍ലന്റ് പ്രധാനമന്ത്രി മാര്‍ക്കറ്റ് റുട്ടുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.അടുത്ത ആഴ്ച നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തിലെ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച.

വലിയ അയല്‍വാസികളുള്ള ചെറിയ രാജ്യങ്ങളായതിനാല്‍ അയര്‍ലണ്ടും നെതര്‍ലാന്റും തമ്മില്‍ ഒട്ടേറെ സമാനതകളുണ്ടെന്ന് വരദ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.അയര്‍ലണ്ടും നെതര്‍ലാന്റും ബ്രെക്സിറ്റ് ചര്‍ച്ചകളുടെ രണ്ടാം ഘട്ടത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.നല്ല ചര്‍ച്ചയായിരുന്നുവെന്നു കൂടിക്കാഴ്ചയെ മാര്‍ക്ക് റൂട്ട് വിശേഷിപ്പിച്ചു. ‘എല്ലാവരും എഗ്രിമെന്റിലെത്തുന്നതിനായി കഠിനമായി ബുദ്ധിമുട്ടുകയാണ്. അത് പക്ഷേ ബുദ്ധിമുട്ടാണ് എന്നാലും സാധ്യമാക്കാവുന്നതേയുള്ളു’അദ്ദേഹം പറഞ്ഞു.

അതേസമയം,ഇന്നലെ ഫിനഗേല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബ്രക്സിറ്റ് ചര്‍ച്ചകളുടെ പുരോഗതി പ്രധാനമന്ത്രി അവതരിപ്പിച്ചു.ചര്‍ച്ചകള്‍ നമ്മുടെ വഴിയേ വരുമെന്നു പ്രത്യാശ പ്രകടിപ്പിച്ച വരദ്കര്‍ ഐറിഷ്-ബ്രിട്ടീഷ് സര്‍ക്കാരുകള്‍ രണ്ടാം ഘട്ട ചര്‍ച്ചകളിലേക്ക് നീങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.വാക്കാലുള്ള തീരുമാനമല്ല മറിച്ച് രേഖാമൂലമുള്ള ഉറപ്പുകളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ പൂര്‍ണ്ണ പിന്തുണ അയര്‍ലണ്ടിനുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ കോമണിലെ ചോദ്യോത്തരവേളയില്‍ ബ്രക്സിറ്റ് ചര്‍ച്ചകള്‍ തകര്‍ത്തെന്നാരോപിച്ച് ബ്രിട്ടീഷ് ലേബര്‍പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍, തെരേസ മെയ്ക്കെതിരെ ആഞ്ഞടിച്ചു. മെയും മന്ത്രിമാരും ജെല്ലിഫിഷിന്റെ കൂട്ടമാണെന്നും അദ്ദേഹം ആരോപിച്ചു.ചോദ്യോത്തരവേളയ്ക്കു മുന്നോടിയായി മെയ് ഡിയുപി നേതാവ് ആര്‍ലെന്‍ ഫോസ്റ്ററോട് സംസാരിച്ചിരുന്നുവെങ്കിലും അവരുടെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.

Scroll To Top