ബ്രെക്സിറ്റ് :അയര്‍ലണ്ടിന് ഏറെ സഹിക്കേണ്ടി വരുമെന്ന് സമ്മതിച്ച് സര്‍ക്കാര്‍,വെല്ലുവിളികള്‍ നേരിടാന്‍ അടിയന്തര നടപടികളുണ്ടാവും

ഡബ്ലിന്‍:ഐറിഷ് സമ്പത് വ്യവസ്ഥയെ ബ്രക്സിറ്റ് പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ വക മുന്നറിയിപ്പ് !. ഗവണ്മെന്റ് കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഇന്നലെ നടന്ന ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുത്ത വ്യവസായ മന്ത്രി മന്ത്രി ഹേതര്‍ ഹംഫ്രിസ് ഐറിഷ് വിപണിയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.ബ്രക്സിറ്റിനു ശേഷം രാജ്യം മോശകരമായ അവസ്ഥയിലേക്ക് നീങ്ങുന്നത് തടയുന്നതിന്, റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്കി .
അയര്‍ലണ്ടിന്റെ വ്യാപാര-സമ്പദ്വ്യവസ്ഥയില് ബ്രെക്സിറ്റ് ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും കോപ്പന്‍ഹേഗന്‍ എക്കണോമിക്സ് നടത്തിയ സ്വതന്ത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഐറിഷ് സാമ്പത്തിക മേഖല നേരിടേണ്ടതായ വ്യത്യസ്ത സാഹചര്യങ്ങളെയാണ്. ഇതില്‍ ഏറ്റവും മോശകരമായ സാഹചര്യത്തില്‍ ഐറിഷ് സമ്പത് വ്യവസ്ഥയുടെ പ്രതീക്ഷിത വളര്‍ച്ചയില്‍ 7 ശതമാനം കുറവ് ഉണ്ടാകും.സങ്കീര്‍ണ്ണത കുറഞ്ഞ സാഹചര്യത്തില്‍ പോലും 2 .8 ശതമാനം കുറഞ്ഞ വളര്‍ച്ച നിരക്കാണ് പ്രതീക്ഷിക്കുന്നത്.
കാര്‍ഷിക മേഖലയായിരിക്കും ഇതിന്റെ പരിണിത ഫലങ്ങള്‍ ഏറ്റവും അധികം അനുഭവിക്കാന്‍ പോകുന്നതെന്ന് ഐറിഷ് ഫാമേര്സ് അസോസിയേഷന് പ്രസിഡന്റ് ജോ ഹെയ്ലിപറഞ്ഞു. രാജ്യത്തിന് സംഭവിക്കാന്‍ പോകുന്നു മോശകരമായ അവസ്ഥയില്‍ നിന്ന് ഒഴിവാകാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതിനു സര്‍ക്കാര്‍ മുന്നറിയിപ്പ് സഹായകമാകുമെന്നും ഹെയ്ലി അഭിപ്രായപ്പെട്ടു.
ബ്രെക്സിറ്റ് മൂലം ഉണ്ടാവുന്ന സാഹചര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും,നിലവിലുള്ള റിപ്പോര്‍ട്ട് അതിനു സഹായകരമായിരിക്കുമെന്നും ഗവണ്മെന്റ് പ്രതീക്ഷയ്കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണെന്നു ഗവണ്മെന്റ് വക്താവ് അറിയിച്ചു.
കൃഷി- ഭക്ഷ്യം , ഫാര്‍മസി -രാസവസ്തുക്കള്‍, ഇലക്ട്രിക്കല്‍ മെഷിനുകള്‍, മൊത്തവ്യാപാരവും ചില്ലറവ്യാപാരവും, വ്യോമഗതാഗതം തുടങ്ങിയ അഞ്ചു പ്രധാന മേഖലകളില്‍ അയര്‍ലണ്ടിന് നഷ്ടം നേരിടേണ്ടി വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി, മാര്‍ച്ച് അവസാനത്തോടെ 300 മില്യണ്‍ യൂറോയുടെ ബ്രെക്സിറ്റ് വായ്പാ പദ്ധതി നടപ്പാക്കുന്നതിന് ഗവണ്മെന്റ് പദ്ധതിയിടുന്നു. എല്ലാ മേഖലകളെയും ഉദ്ദേശിച്ചുള്ള വായ്പാ പദ്ധതി 40 ശതമാനം കുറഞ്ഞ പലിശനിരക്കില്‍ കാര്‍ഷിക മേഖലയെ പ്രത്യേകം പരിഗണിക്കുന്നതാണെന്നും ഗവണ്മെന്റ് അറിയിച്ചു .
പ്രത്യേക ദീര്‍ഘകാല വായ്പ പദ്ധതിയും സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.ബജറ്റ് 2018 ല്‍ കാര്‍ഷിക-ഭക്ഷ്യ മേഖലയ്ക്ക് കുറഞ്ഞ പലിശനിരക്കില്‍ 25 മില്ല്യന്‍ ബ്രക്സിറ്റ് വായ്പാ പദ്ധതി പ്രഖ്യാപ്പിച്ചിരുന്നു.
ബ്രെക്സിറ്റ് വിവിധ മേഖലകളെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് എതിരായി ബാധിക്കുമെന്ന തിരിച്ചറിവ് ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ രേഖയിലൂടെ ആദ്യമായി പുറത്തുവരുന്നത്.യൂ കെ അനുകൂല സാഹചര്യം തുറക്കുന്നതോടെ നഴ്സുമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ഒഴുക്ക് യൂ കെയിലേക്ക് ഉണ്ടാകുമെന്നും ഐഎന്‍എംഓ അടക്കമുള്ള സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ബ്രെക്സിറ്റ് റഫറണ്ടത്തിന്റെ ആദ്യ നാളുകളില്‍ യൂറോപ്യന്‍ നഴ്സുമാര്‍ തിരിച്ചു പോരാനുള്ള പ്രവണത കാട്ടിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും യൂ കെയിലേക്ക് പോവാന്‍ നഴ്സുമാര്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.കൂടിയ ശമ്പള നിരക്കും,ആനുകൂല്യങ്ങളും നല്കി യൂറോപ്യന്‍ നഴ്സുമാരെ ആകര്‍ഷിക്കാന്‍ വിവിധ എന്‍എച്ച് എസ് ട്രസ്റ്റുകളും മത്സരിക്കുകയാണ്.