Friday August 18, 2017
Latest Updates

ബ്രെക്സിറ്റ് :അയര്‍ലണ്ടിന് ലാഭമുണ്ടാക്കാനുള്ള വഴി തേടി വരദ്കര്‍ 

ബ്രെക്സിറ്റ് :അയര്‍ലണ്ടിന് ലാഭമുണ്ടാക്കാനുള്ള വഴി തേടി വരദ്കര്‍ 

ഡബ്ലിന്‍ : ബ്രെക്സിറ്റ് ഉയര്‍ത്തിയേക്കാവുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടും അയര്‍ലണ്ടിന് നേട്ടമുണ്ടാക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി ലിയോ വരദ്കര്‍ മുന്നോട്ട് .ഇതിന്റെ ആദ്യ പടിയെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആദ്യ സന്ദര്‍ശനം. ബ്രിട്ടന്‍ യൂണിയനു പുറത്തുപോകുമ്പോഴുണ്ടാകുന്ന സവിശേഷ സാഹചര്യം പരമാവധി മുതലെടുത്ത് അയര്‍ലണ്ടിന് മെച്ചമുണ്ടാക്കുക എന്നതാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.

ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണ് ആവശ്യമായുള്ളത്.എന്നാല്‍ ബ്രിട്ടന്റെ ഭാഗത്തുനിന്നും ഇതുവരെയും അത്തരത്തിലുള്ളതൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നുള്ള പരാതിയും ലിയോ വരദ്കര്‍ക്കുണ്ട്.

ഉഭയകക്ഷി ധാരണ പ്രകാരം വ്യാപാരവും മറ്റും വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രിക്ക് അഭിപ്രായമുണ്ട്. അതോടൊപ്പം നോര്‍ത്തേണ്‍ അയര്‍ലണ്ടുമായുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.

യൂറോപ്യന്‍ യൂണിയന്റെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ഒരു കസ്റ്റംസ് യൂണിയന്‍ ഇപ്പോള്‍ തുര്‍ക്കിയിലാണ് ഉള്ളത്. യുകെ ആസ്ഥാനമായ കസ്റ്റംസ് യൂണിയനെക്കുറിച്ച് നമുക്ക് ആലോചിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയന്‍ അംഗമല്ലാതാകുന്ന പക്ഷം ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി വ്യാപാരക്കരാറുകളുണ്ടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി നേരത്തേ പ്രസ്താവിച്ചിട്ടുള്ളതാണ്.

ഇത്തരത്തില്‍ രൂപംകൊള്ളുന്ന ഉഭയകക്ഷി കസ്റ്റംസ് യൂണിയന്‍ മൂന്നാം കക്ഷികളുമായി സ്വതന്ത്രമായ ഇടപാടുകള്‍ സാധ്യമാക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.പക്ഷേ അതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.യൂറോപ്യന്‍ സ്വതന്ത്ര വ്യാപാരക്കരാറും ഒരു പരിഹാര മാര്‍ഗമാണ്.അത് പരാജയപ്പെട്ടാല്‍ ബ്രിട്ടന്‍ ഏക വിപണിയായി നിലകൊള്ളുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇനിയും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലാത്ത ബെസ്പോക്ക് കസ്റ്റംസ് യൂണിയന്‍ അടക്കമുള്ള വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ചേര്‍ന്ന് അപൂര്‍വമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നു.ബ്രിട്ടന്‍ ഇ.യു വിട്ടതിനുശേഷമുള്ള അയര്‍ലണ്ടിന്റെ അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് അത് പരിഹാരമാവും.ഒക്ടോബറിലെ പ്രധാന ബ്രക്സിറ്റ് ഉച്ചകോടി മുന്നിലെത്തിയ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ പൗരാവകാശങ്ങളും വ്യോമാതിര്‍ത്തി നിയന്ത്രണവും പോലുള്ള വിഷയങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാകുമെന്നു പ്രധാനമന്ത്രി പ്രത്യാശിക്കുന്നു.’ആ സമ്മേളനം ദ്വീപിനു വേണ്ടിയുള്ള ചരിത്ര സമ്മേളനമായിരിക്കും’ പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

‘സമയം തീര്‍ന്നിരിക്കുകയാണ്,എക്സ്ട്രാ ടൈം ഉണ്ടാവില്ലെന്ന ഭയമാണ് തനിക്കുള്ളത് ്’ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്സിറ്റി ഗ്രീന്‍ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

നോര്‍ത്തേണ്‍ അയര്‍ലണ്ടുമായുള്ള അതിര്‍ത്തി പ്രശ്നം വികാരപരമായ പ്രശ്നമാണെന്നു പറഞ്ഞ പ്രധാനമന്ത്രി അതിന്റെ പേരില്‍ ദശാബ്ദങ്ങളായി നടന്ന അക്രമസംഭവങ്ങളെയും ചൂണ്ടിക്കാട്ടി.സമാധാനക്കരാറിനു മുമ്പ് 3600ഓളം ആളുകളാണ് കൊല്ലപ്പെട്ടത്.അയര്‍ലണ്ടിനും നോര്‍ത്തേണ്‍ അയര്‍ലണ്ടിനുമിടയിലുള്ള ഏതു കസ്റ്റംസ് പോസ്റ്റിനെയും എതിര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്റെ ഏക വിപണി നിലവില്‍ വന്ന 1993 മുതല്‍ 500കി.മീ. ദൂരത്തില്‍ ഒരൊറ്റ കസ്റ്റംസ് -ഇമിഗ്രേഷന്‍ പരിശോധനകളുമുണ്ടായിരുന്നില്ല. ഏതാണ്ട് 30000 ആളുകളാണ് ഓരോ ദിവസവും അതിര്‍ത്തികടക്കുന്നത്.

യൂറോപ്യന്‍ യൂണിയന്റെ പല കരാറുകളും നിലനില്‍ക്കുന്നത് യൂറോപ്യന്‍ കോര്‍ട്ട് ജസ്റ്റീസിലൂടെയാണ്.ബ്രിട്ടന്‍ യുറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റീസിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തില്‍ മറ്റു പോംവഴികളും നമ്മള്‍ തേടണം.ഭാവി ബന്ധങ്ങളും പൗരാവകാശ പ്രശ്നങ്ങളും വ്യോമയിയന്ത്രണം,അണ്വായുധം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളും മുന്നില്‍ക്കണ്ട് യൂറോപ്യന്‍ കോര്‍ട്ട് ജസ്റ്റീസിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനും ഒത്തുതീര്‍പ്പിനു തയ്യാറാകണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ഭാവിയില്‍ അതിര്‍ത്തിയിലുണ്ടാകുന്ന പ്രശ്നങ്ങളെ നമ്മള്‍ ഉള്‍ക്കാഴ്ചയോടെ കാണണം.യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ അവകാശങ്ങള്‍,യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടീഷ് ബജറ്റ് പേമെന്റ്സ് എന്നിവയാകും പ്രധാന പ്രശ്നങ്ങളാവുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Scroll To Top