Saturday November 18, 2017
Latest Updates

ബ്രിയാന്‍ കൊടുങ്കാറ്റ് ഐറിഷ് അതിര്‍ത്തിയിലെത്തി,രാജ്യം ജാഗ്രതയില്‍

ബ്രിയാന്‍ കൊടുങ്കാറ്റ് ഐറിഷ് അതിര്‍ത്തിയിലെത്തി,രാജ്യം ജാഗ്രതയില്‍

ഡബ്ലിന്‍:കനത്ത മഴയോടുകൂടി ബ്രിയാന്‍ കൊടുങ്കാറ്റ്  ഇന്ന് (ശനി ) അയര്‍ലണ്ട് കടന്നുപോകാനിരിക്കെ രാജ്യം ജാഗ്രതയില്‍. മെറ്റ് ഏറാന്‍ വെള്ളിയാഴ്ച രാത്രി പത്തുമുതല്‍ രാജ്യത്തൊട്ടാകെ 24 മണിക്കൂര്‍ ഓറഞ്ച് സ്റ്റാറ്റസ് ജാഗ്രതാ മുന്നറിയിപ്പു നല്‍കി.അയര്‍ലണ്ടിന്റെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള മിക്ക കൗണ്ടികളിലും ശക്തമായ മഴയും കാറ്റും ആരംഭിച്ചിട്ടുണ്ട്.ഉച്ചകഴിയുന്നതോടെ കൂടുതല്‍ ഭാഗങ്ങളില്‍ മഴയെത്തുമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചിട്ടുണ്ട്.

തീരപ്രദേശങ്ങളില്‍ നിന്നും ,മരകൂട്ടങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് സുരക്ഷാസേന ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഡബ്ലിന്‍ അടക്കമുള്ള കൗണ്ടികളില്‍ യെലോ സ്റ്റാറ്റസ് മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചയോടെയാകും അയര്‍ലണ്ട് തീരത്ത് കാറ്റു ശക്തിപ്രാപിക്കുകയെന്നാണു വിലയിരുത്തല്‍.ട്രെയിനുകള്‍ വേഗം കുറച്ചേ സര്‍വീസ് നടത്തൂ.

ഒഫേലിയ കൊടുങ്കാറ്റില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ട 29000 വീടുകളില്‍ക്കൂടി വൈദ്യുതി പുനസ്ഥാപിക്കാനുണ്ട്. ബ്രിയാന്‍ എത്തുന്നതോടെ ഇതു വൈകുമെന്ന് ഇഎസ്ബി അറിയിച്ചു.

വെക്‌സ്‌ഫോര്‍ഡ്, ക്ലയര്‍, കോര്‍ക്, കെറി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ശനിയാഴ്ച രാത്രിവരെ മണിക്കൂറില്‍ 110നും 130നു ഇടയില്‍ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്.മേയോ,ഗോള്‍വേ തീരങ്ങളില്‍ കനത്ത മഴയോടുകൂടിയ കാറ്റിനു സാധ്യതയുണ്ട്.

ട്രെയിന്‍ സര്‍വീസുകള്‍ക്ക്  നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഐറിഷ് റെയില്‍ അറിയിച്ചു. ലിംറിക് – വാട്ടര്‍ഫോര്‍ഡ്, ലിംറിക്- ബാലിബ്രോഫി ഇന്റര്‍സിറ്റി സര്‍വീസുകള്‍ നിര്‍ത്തും.ട്രെലീ- മാല്ലോ, കോര്‍ക്- ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ്- ഡബ്ലിന്‍ റൂട്ടുകളില്‍ ട്രെയിനുകള്‍ വേഗം കുറച്ചാകും സര്‍വീസ് നടത്തുക.

ഷാനേണ്‍ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. യാത്ര പുറപ്പെടും മുമ്പ് വിമാനത്താവളത്തില്‍ ബന്ധപ്പെടണമെന്ന് അറിയിപ്പില്‍ പറയുന്നു.

കോര്‍ക്കില്‍  മഴ പെയ്യുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ ഒന്‍പതു വരെ ഇവിടെ ഓറഞ്ച് സ്റ്റാറ്റസ് മുന്നറിയിപ്പുണ്ട്. ഉച്ചവരെ ശക്തിയായ കാറ്റു തുടരാം.

Scroll To Top