Saturday November 25, 2017
Latest Updates

ബ്രക്സിറ്റ് ; ബ്രിട്ടന്റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ് അയര്‍ലണ്ട്: നിലപാടില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് ഐറിഷ് പ്രധാനമന്ത്രി

ബ്രക്സിറ്റ് ; ബ്രിട്ടന്റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ് അയര്‍ലണ്ട്: നിലപാടില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് ഐറിഷ് പ്രധാനമന്ത്രി

ഡബ്ലിന്‍ :ബ്രക്സിറ്റ് അനന്തര അതിര്‍ത്തികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ബ്രിട്ടന്റെ ആവശ്യം അയര്‍ലണ്ട് തള്ളി. കസ്റ്റംസ് പരിശോധനകളുമൊക്കെയായി ബന്ധപ്പെട്ട് നിലവില്‍ ബ്രിട്ടന്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അപര്യാപ്തമാണെന്നു പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.

ടൊറോണ്ടോയില്‍ പ്രധാനമന്ത്രി നടത്തിയ ഈ പരാമര്‍ശത്തെ തുടര്‍ന്ന് ബ്രക്സിറ്റ് വിഷയത്തില്‍ ഇരു സര്‍ക്കാരുകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി.ബ്രിട്ടന്റെ ബ്രക്സിറ്റ് അതിര്‍ത്തി സംബന്ധിച്ച ശുപാര്‍ശകളില്‍ കൂടുതല്‍ വ്യക്തത തേടിയ പ്രധാനമന്ത്രിയുടെ നിലപാടാണ് ബ്രിട്ടനെ നിരാശയിലാഴ്ത്തിയതായാണ് റിപ്പോര്‍ട്ട്.ഇരു സര്‍ക്കാരുകളും അവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ് എന്നാണ് സൂചന.

യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷവും ഐറിഷ് അതിര്‍ത്തിയില്‍ കസ്റ്റംസ് പരിശോധന ഒഴിവാക്കണമെന്ന തരത്തിലുള്ള നിര്‍ദ്ദേശമാണ് കഴിഞ്ഞ ദിവസം ബ്രിട്ടന്‍ മുന്നോട്ടുവെച്ചത്.ഈ നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രിയും വിദേശമന്ത്രി സൈമണ്‍ കോവ്നെയും തള്ളിക്കളഞ്ഞത്.
കാനഡ- യുഎസ് മോഡല്‍ അതിര്‍ത്തി പരിഹാരം ബ്രക്സിറ്റില്‍ സാധ്യമാകില്ലെന്നാണ് പ്രധാനമന്ത്രി കരുതുന്നത്.

അതിനാല്‍ കസ്റ്റംസ് പരിശോധനയുമായി ബന്ധപ്പെട്ടു കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നാണു പ്രധാനമന്ത്രി വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ വിട്ടാലും കസ്റ്റംസ് യൂണിയന്റേയും ഏക വിപണിയുടേയും എല്ലാ ഗുണങ്ങളും സ്വന്തമാക്കാനാണ് യുകെയുടെ നീക്കമെന്നും വരദ്കര്‍ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ ഈ പ്രതികരണത്തോട് മറുപടി പറയാന്‍ വിസമ്മതിച്ച നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി പക്ഷേ,ബ്രിട്ടന്റെ നിര്‍ദ്ദേശം ഇതുവരെയുണ്ടായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നു വ്യക്തമാക്കി.എന്നാല്‍ 80%ഓളം വരുന്ന ബിസിനസ്സുകളേയും ഡിജിറ്റല്‍ -ഓണ്‍ലൈന്‍ ഇടപാടുകളേയും കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുന്നതിനാല്‍ പിന്നീട് കസ്റ്റംസ് പരിശോധന അനാവശ്യമായിരിക്കുമെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി ജയിംസ് ബ്രോകന്‍സ്ഹൈര്‍ പറഞ്ഞു.

ബ്രിട്ടന്‍ ആത്യന്തികമായി കസ്റ്റംസ് യൂണിയനില്‍ നിലകൊള്ളുമെന്ന ഐറീഷ് പ്രസ്താവനയെയും അദ്ദേഹം തള്ളിക്കളഞ്ഞു.’ഞങ്ങള്‍ യൂണിയനില്‍ നിന്നും ഏക വിപണിയില്‍ നിന്നും പുറത്തുപോകും. എന്നിരുന്നാലും പുറത്തുള്ള ഒരു രാജ്യമെന്ന നിലയില്‍ യൂറോപ്യന്‍ യൂണിയനുമായും അതിലെ അംഗ രാജ്യങ്ങളുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കും.ബ്രിട്ടന്‍ ഒരു പരമാധികാര രാഷ്ട്രമാണ്’ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഐക്യ അയര്‍ലണ്ടിനു വേണ്ടിയുള്ള ട്രോജന്‍ കുതിരയായി ബ്രക്സിറ്റിനെ ഉപയോഗിക്കുന്നതിനെതിരെ നീതിന്യായ മന്ത്രി ചാര്‍ളി ഫ്ളാനഗന്‍ മുന്നറിയിപ്പ് നല്‍കി. നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഷീന്‍ഫെയ്നിനെതിരെ പേരെടുത്ത് പറയാതെ മന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

Scroll To Top