Monday November 20, 2017
Latest Updates

ബ്രക്സിറ്റ് ; ബ്രിട്ടനെതിരെ നിലപാട് കര്‍ക്കശമാക്കി യൂറോപ്യന്‍ യൂണിയന്‍,ഏതു സാഹചര്യം നേരിടാനും തയ്യാറായെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍

ബ്രക്സിറ്റ് ; ബ്രിട്ടനെതിരെ നിലപാട് കര്‍ക്കശമാക്കി യൂറോപ്യന്‍ യൂണിയന്‍,ഏതു സാഹചര്യം നേരിടാനും തയ്യാറായെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍

ഡബ്ലിന്‍ : ബ്രക്സിറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍, ബ്രിട്ടീഷ് സര്‍ക്കാരുമായി അനുരഞ്ജനത്തിലെത്താന്‍ കഴിയാതെ വന്നാല്‍ ആ സാഹചര്യം നേരിടാന്‍ അയര്‍ലണ്ട് തയ്യാറാണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍.യുകെയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ യാതൊരു കരാറിലുമെത്താത്ത സ്ഥിതിവിശേഷം ഉണ്ടായാല്‍പ്പോലും ഭയപ്പെടാതെ മുന്നോട്ടുപോകാനാവുമെന്ന ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്നും വരേദ്കര്‍ പറഞ്ഞു.

യൂണിയനില്‍ നിന്നും പിരിയുന്നതു സംബന്ധിച്ച ബ്രിട്ടനുമായുള്ള ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായത് മുന്നോട്ടുപോക്കിന് വിഘാതമാവുകയാണെന്ന് യൂറോപ്യന്‍ യൂണിയന്റെ ചീഫ് ബ്രെക്സിറ്റ് നെഗോഷിയേറ്റര്‍ മൈക്കിള്‍ ബാര്‍നിയര്‍ പറഞ്ഞിരുന്നു.ഈ സാഹചര്യത്തിലാണ് പ്രതിസന്ധിയെ മറികടക്കാമെന്ന അയര്‍ലണ്ടിന്റെ ദൃഢനിശ്ചയം പ്രധാനമന്ത്രി അറിയിച്ചത്.രണ്ടാഴ്ചക്കുള്ളില്‍ ധാരണയുണ്ടായില്ലെങ്കില്‍ ബ്രക്സിറ്റ് ബ്രിട്ടന് വലിയ തിരിച്ചടികളുണ്ടാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. മാത്രമല്ല, യൂറോപ്യന്‍ യൂണിയനും നിലപാട് കൂടുതല്‍ കര്‍ക്കശമാക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ബ്രക്സിറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക സെറ്റില്‍മെന്റിന് വ്യക്തത വരുത്തുന്നതിനായി അവസാന സമയപരിധി എന്ന നിലയില്‍ രണ്ടാഴ്ച കൂടി ബ്രിട്ടന് അനുവദിച്ചിട്ടുണ്ട് .ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നു കരുതുന്നില്ല-ബാര്‍നിയര്‍ പറഞ്ഞു.എന്നാല്‍ പരാജയപ്പെടാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. ഫ്രാന്‍സിന്റെ ജേര്‍ണല്‍ ഡ്യൂ ഡമന്‍ പത്രത്തോടാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

യൂണിയന്‍ അംഗങ്ങള്‍ക്കും ബിസിനസ്സുകള്‍ക്കും തുടര്‍ പ്ലാനിംഗ് വേണം.അതിന് സമയവും ആവശ്യമാണ്.2019 മാര്‍ച്ച് 29ന് യു.കെ. ഒരു മൂന്നാം രാജ്യമാകും.അത് മുന്നില്‍ക്കണ്ടാണ് കാര്യങ്ങള്‍ മുന്നോട്ടുപോകേണ്ടതെന്നും ബാര്‍നിയര്‍ വ്യക്തമാക്കുന്നു.അടുത്ത 14 പ്രവൃത്തി ദിവസത്തിനുള്ളില്‍ ഒരു കരാറില്‍ എത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ബാര്‍നിയര്‍ പറഞ്ഞു.

ഡിസംബര്‍14,15 തീയതികളില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ ഉച്ചകോടിയില്‍ തീരുമാനമെടുക്കും.വേര്‍പിരിയല്‍ ബില്‍, ഐറിഷ് അതിര്‍ത്തി, പൗരാവകാശം എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ട് പോകാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.14 ദിവസത്തെ കാലാവധിയിലും പുരോഗതി ഉണ്ടായില്ലെങ്കില്‍ അന്തിമ തീരുമാനം അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ വൈകുമെന്നും ബാര്‍നിയര്‍ പറഞ്ഞു.

ഒരു പുതിയ ഉടമ്പടി സംബന്ധിച്ച ചര്‍ച്ചകള്‍ ജനുവരിയിലേ പിന്നീട് തുടങ്ങാനാവൂ.പുതിയ ഉടമ്പടിക്ക് ചുരുങ്ങിയത് രണ്ട് വര്‍ഷം കൂടി സമയമെടുക്കുമെന്നും ബാര്‍നിയര്‍ ചൂണ്ടിക്കാട്ടി.ഭാവി വ്യാപാരം സംബന്ധിച്ച് ധാരണ ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ ചൈനയുമായുള്ളതുപോലെ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ)യുടെ വ്യവസ്ഥകളിലേക്ക് മുന്‍കാലത്തേതുപോലെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും മടങ്ങേണ്ടി വരും.

ഇതിന് വിവിധ തലങ്ങളില്‍ പ്രത്യാഘാതങ്ങളുമുണ്ടാകുമെന്നും ബാര്‍നിയര്‍ പറഞ്ഞു.സമ്മര്‍ദ്ദരഹിതമായ വ്യാപാരത്തിനു യുകെയ്ക്ക് മുന്നിലുള്ള ഒരേയൊരു ഓപ്ഷന്‍ കസ്റ്റംസ് യൂണിയന്‍, സിംഗിള്‍ മാര്‍ക്കറ്റ് എന്നിവയില്‍ നിലനില്‍ക്കുക മാത്രമാണ്.ബാര്‍നിയര്‍ പറയുന്നു.എന്നാല്‍ തെരേസ മെയ് സര്‍ക്കാറും സിംഗിള്‍ മാര്‍ക്കറ്റും കസ്റ്റംസ് യൂണിയനും ഉപേക്ഷിച്ച് ഒരു കച്ചവട കരാറിലേര്‍പ്പെടാനാണ് ആഗ്രഹിക്കുന്നത്.-ബാര്‍നിയര്‍ ആരോപിക്കുന്നു.

Scroll To Top