Wednesday September 26, 2018
Latest Updates

ബ്രക്സിറ്റ്: പ്രതിപക്ഷഭേദഗതി പാസ്സായി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്കു തിരിച്ചടി 

ബ്രക്സിറ്റ്: പ്രതിപക്ഷഭേദഗതി പാസ്സായി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്കു തിരിച്ചടി 

ലണ്ടന്‍:ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പാര്‍ലമെന്റിലെ നിര്‍ണായക വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്കു തിരിച്ചടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി പ്രമേയം 305ന് എതിരെ 309 വോട്ടുകള്‍ക്കു വിജയിച്ചു
.
എല്ലാ ബ്രെക്സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിക്കു വിധേയമായിരിക്കണമെന്ന ഭേദഗതിയാണ് പ്രതിപക്ഷം പാസാക്കിയെടുത്തത്.യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ സുഗമമായ പിന്മാറ്റത്തെ ഇത്തരമൊരു വ്യവസ്ഥ ദോഷകരമായി ബാധിക്കുമെന്ന നിലപാടായിരുന്നു പ്രധാനമന്ത്രി നേരത്തേ മുതല്‍ സ്വീകരിച്ചിരുന്നത്.എന്നാല്‍, ബ്രക്സിറ്റ് നടപടിക്രമങ്ങളില്‍ പിന്നോട്ടില്ലെന്നും മുന്‍ നിശ്ചയപ്രകാരം തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്മാറുമെന്നും വോട്ടെടുപ്പ് ഫലം വന്ന ശേഷം സര്‍ക്കാര്‍ വ്യക്തമാക്കി.

കണ്‍സര്‍വേറ്റിവ് മുന്‍ അറ്റോര്‍ണി ജനറല്‍ ഡൊമിനിക് ഗ്രീവ് ആണ് ഏഴാം ഭേദഗതി കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കിയത്. വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ നീതിന്യായ വകുപ്പ് മന്ത്രി ഡോമിനിക് റാബ് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതിപക്ഷ ആവശ്യം ഉള്‍പ്പെടുത്തി ബ്രക്സിറ്റ് ബില്‍ പുനരവതരിപ്പിക്കാമെന്നായിരുന്നു ഇദ്ദേഹം അറിയിച്ചത്. എന്നാല്‍ വൈകി വന്ന വിവേകമാണ് ഇതെന്നു പറഞ്ഞ് സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷനേതാക്കള്‍ തള്ളിക്കളയുകയായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനും പ്രധാനമന്ത്രി തെരേസ മെയ്ക്കും സ്വന്തം തട്ടകത്തില്‍ നിന്നും ലഭിച്ച തിരിച്ചടി ഈ മാസം ബ്രസല്‍സില്‍ നടക്കാന്‍ പോകുന്ന ബ്രക്സിറ്റ് ഉച്ചകോടിയെ ബാധിക്കുമോയെന്നാണ് അയര്‍ലണ്ടും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഉറ്റുനോക്കുന്നത്.

Scroll To Top