Monday October 15, 2018
Latest Updates

ബ്രക്സിറ്റ് ; ഈ വിജയം വരദ്കര്‍ക്ക് സ്വന്തം-പിന്നെ അയര്‍ലണ്ട് ജനതയ്ക്കും

ബ്രക്സിറ്റ് ; ഈ വിജയം വരദ്കര്‍ക്ക് സ്വന്തം-പിന്നെ അയര്‍ലണ്ട് ജനതയ്ക്കും

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ഭരണപര്‍വത്തില്‍ ആറുമാസം പിന്നിടുന്ന പ്രധാനമന്ത്രി ലിയോവരദ്കറുടെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലാണ് ബ്രക്സിറ്റ് കരാറെന്ന് വിലയിരുത്തപ്പെടുന്നു. ഡിയുപി ഇടപെടലിലൂടെ ഒരുഘട്ടത്തില്‍ സ്തംഭിച്ചുപോയ ബ്രക്സിറ്റ് ചര്‍ച്ചകളെ ജനഹിതത്തിനനുസൃതമായി രൂപപ്പെടുത്തിയെടുക്കുന്നതില്‍ വിജയിച്ചതോടെ അയര്‍ലണ്ടിന്റെ ഈ യുവ നേതാവിന്റെ ഖ്യാതി കുറെക്കൂടി ഉയര്‍ന്നിരിക്കുകയാണ്.അതിര്‍ത്തിയിലെ ജന സമൂഹത്തിന്റെ ക്ഷേമത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുമെന്ന് കരുതുന്ന ‘മൃദു’ ബ്രെക്സിറ്റ് ഓപ്ഷന്‍ നേടിയെടുത്തത് വരദ്കറുടെ നയതന്ത്ര വിജയമായും കണക്കാക്കുന്നു. വടക്ക്-തെക്ക് അയര്‍ലണ്ടുകള്‍ തമ്മില്‍ ഒരിക്കലും അതിര്‍വരമ്പുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നേടാനായെന്നതാണ് ഈ വരദ്കര്‍ വിജയം അടിവരയിടുന്നത്.

ഒരാഴ്ച നീണ്ട കഠിനമായ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ബ്രിട്ടീഷ് സര്‍ക്കാരിനും ഡിയുപി അടക്കമുള്ള അവരുടെ സഖ്യശക്തികളുടെ മേലും ആധിപത്യം സ്ഥാപിക്കാന്‍ വരദ്കര്‍ക്കു കഴിഞ്ഞു.1998ലെ ഗുഡ് ഫ്രൈഡേ കരാറിനെ ഇല്ലാതാക്കുന്ന ഹാര്‍ഡ് ബോര്‍ഡറെന്ന ഡിയുപി കടുംപിടുത്തത്തെ അകറ്റിനിര്‍ത്താനും അതിലൂടെ സാധ്യമായി അതിര്‍ത്തി പോസ്റ്റുകളും സൈനിക ചെക്ക്പോയിന്റുകളും തിരിച്ചുപിടിച്ചുകൊണ്ട് ഹാര്‍ഡ് ബ്രക്സറ്റ് അടിച്ചേല്‍പ്പിക്കുകയായിരുന്നെങ്കില്‍ വലിയ കുഴപ്പങ്ങള്‍ക്ക് കാരണമാകുമായിരുന്നു. 1970 കളിലും 1980 കളിലേയും പോലെ ബ്രിട്ടീഷ് പട്ടാളക്കാര്‍ സ്ഥിരമായ പരിശോധനകള്‍ക്ക് മടങ്ങിയെത്തുന്നതോടെ ഇപ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന വിമതര്‍ വീണ്ടും ശക്തരായി തിരികെയെത്തുമായിരുന്നു.
ലെറ്റര്‍കെന്നി മുതല്‍ ഡെറി വരെയോ ഡണ്‍ഡാക്ക് മുതല്‍ ന്യൂറീ വരെയോ യാത്ര ചെയ്യുമ്പോള്‍ ഇനി ബ്രിട്ടീഷ് ആര്‍മി ചെക്ക് പോയിന്റുകള്‍ കാണേണ്ടതില്ലെന്ന ആശ്വാസമാണ് ഓരോ ഐറീഷുകാരനും അനുഭവിക്കുന്നത്.മാത്രമല്ല,അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെട്ടതില്‍ ഐറിഷ് ജനതയാകെ സന്തോഷത്തിലുമാണ്. ഇതിനുകാരണമായത് ലിയോവരദ്കര്‍ എന്ന ഭരണതന്ത്രജ്ഞന്റെ നേട്ടം തന്നെയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
പത്ത് ഡിയുപി എം.പിമാരുടെ സമ്മര്‍ദ്ദത്തില്‍ ബ്രക്സിറ്റ് കരാര്‍ സംബന്ധിച്ച ബ്രിട്ടീഷ് -യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ ഒരു ഘട്ടത്തില്‍ സ്തംഭിച്ചുപോയിരുന്നു. സാബറിനുവേണ്ടി നിലകൊള്ളുന്ന യൂണിയന്‍ നേതാക്കളെ എതിര്‍ത്തുനിന്നുകൊണ്ട് അതിര്‍ത്തി കടന്നുകയറാതിരിക്കാനുള്ള കരാര്‍ കൈവരിച്ചതിലൂടെ അയര്‍ലണ്ടിന്റെ അഭിമാനം ഉയര്‍ത്തുകയായിരുന്നു വരദ്കറെന്ന നേതാവ്.
കടലിന്റെ മറുവശത്ത് അയര്‍ലണ്ടിനെയും അവിടുത്തെ ജനതയെയും ഭയപ്പെടുന്ന ചില രാഷ്ട്രീയക്കാരും കമന്റേറ്റര്‍മാരും നിലനില്‍ക്കുന്നുണ്ടെന്ന് ഐറിഷ് ജനതയെ ഓര്‍മിപ്പിക്കാനും ബ്രക്സിറ്റ് ചര്‍ച്ചകള്‍ വഴിയൊരുക്കിയെന്നും നിരീക്ഷിക്കപ്പെടുന്നു.

Scroll To Top