Thursday October 18, 2018
Latest Updates

ബെല്‍ഫാസ്റ്റും,ഡബ്ലിനും രണ്ട് ടൈം സോണിലായേക്കും, പരിഹാരം തേടി ചര്‍ച്ച തുടങ്ങി 

ബെല്‍ഫാസ്റ്റും,ഡബ്ലിനും രണ്ട് ടൈം സോണിലായേക്കും, പരിഹാരം തേടി ചര്‍ച്ച തുടങ്ങി 

ബെല്‍ഫാസ്റ്റും,ഡബ്ലിനും രണ്ട് ടൈം സോണിലായേക്കും, പരിഹാരം തേടി ചര്‍ച്ച തുടങ്ങി
ഡബ്ലിന്‍: 2019 ഒക്ടോബറിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടിലും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലും വ്യത്യസ്ത സമയക്രമങ്ങള്‍ നിലവില്‍ വരുമോ ?അതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ അത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ അയര്‍ലണ്ടില്‍ ആരംഭിച്ചു.

നിലവില്‍ യൂറോപ്യന്‍ കമ്മീഷന്റെ പുതിയ നിര്‍ദ്ദേശപ്രകാരം നേരത്തെ നിലനിന്നിരുന്ന ഡേലൈറ്റ് സേവിങ്സ് സമയക്രമത്തിനുപകരം ഇനി മുതല്‍ സീസണല്‍ സമയ വ്യത്യാസമാണ് നിര്‍ദേശിക്കുന്നത്.ഇതനുസരിച്ച് അതാത് രാജ്യങ്ങള്‍ക്ക് സമയക്രമം തീരുമാനിയ്ക്കാനുള്ള അനുമതിയുമുണ്ട്. 2021 ഓടെ യൂറോപ്പിലാകെ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയെകുറിച്ചു യൂറോപ്യന്‍ യൂണിയന്‍ നടത്തിയ ഓണ്‍ ലൈന്‍ അഭിപ്രായ സര്‍വേയില്‍ 84 ശതമാനം ആളുകളും ഡേ ലൈറ്റ് പദ്ധതി ആവസാനിപ്പിക്കുന്നതിനോട് യോജിച്ചിരുന്നു.

2019 മാര്‍ച്ച് 31 ന് നിലവിലുള്ള സമയമാറ്റ സംവിധാനം അവസാനിപ്പിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും,ബ്രെക്‌സിറ്റിനെ തുടര്‍ന്നു 2019 മാര്‍ച്ച് 29 നു യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ബ്രിട്ടണ്‍ സമയം മാറ്റുന്നതിനെ കുറിച്ച് അനുകൂല നടപടിയല്ല സ്വീകരിച്ചിരിക്കുന്നത്.ഫലത്തില്‍ തൊട്ടടുത്ത സമയമാറ്റം വരുന്ന 2019 ഒക്ടോബര്‍ 27 ന് , ഡബ്ലിനില്‍ സമയക്രമം മാറിയാലും,ബെല്‍ഫാസ്റ്റില്‍ പഴയ സംവിധാനം തുടരുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍..

ഇതേ തുടര്‍ന്നാണ് ഇരു അയര്‍ലണ്ടുകളെയും രണ്ടു സമയ സോണുകളായി തിരിക്കാനായുള്ള പദ്ധതി രൂപപ്പെട്ടത്.

നിലവിലുള്ള പദ്ധതി പ്രകാരം പകല്‍ സമയം കൂടുതലുള്ള സീസണുകളില്‍ പകല്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ വര്‍ഷത്തില്‍ രണ്ടു തവണ സമയം പുനര്‍ ക്രമീകരിച്ചിരുന്നു 1916 മുതല്‍ തുടരുന്ന പ്രസ്തുത സംവിധാനം മാറ്റുന്നതോടെയാണ് അയര്‍ലന്‍ഡുകള്‍ക്കിടയില്‍ പുതിയ പ്രശ്നം രൂപപ്പെട്ടത്.

ഇത് സംബന്ധിച്ച് പൊതു അഭിപ്രായം ആരായുന്നത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് നിയമമന്ത്രി ചാര്‍ലി ഫ്ളാഗ്നന്‍ അറിയിച്ചു. തുറന്ന് മനസ്സോടെയാണ് താന്‍ മാറ്റത്തെ സ്വീകരിക്കുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം തുടരുന്നതിനാല്‍ മാറ്റങ്ങളെ ബ്രിട്ടന്‍ അംഗീകരിച്ചില്ലെങ്കില്‍ രണ്ട് ടൈം സോണുകള്‍ രൂപപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാവുമോ എന്ന അന്വേഷണത്തിലാണ് റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top