Tuesday February 28, 2017
Latest Updates

ബെയിലൗട്ടില്‍ നിന്നും മോചനം :എങ്ങും ആഹ്ലാദം ,നികുതികള്‍ കുറച്ചേയ്ക്കും

ബെയിലൗട്ടില്‍ നിന്നും മോചനം :എങ്ങും ആഹ്ലാദം ,നികുതികള്‍ കുറച്ചേയ്ക്കും

ഡബ്ലിന്‍ :അയര്‍ലണ്ടിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് മാസങ്ങളായി. മൂന്നു വര്‍ഷത്തെ ബെയിലൗട്ടില്‍ നിന്നും കരകയറാന്‍ തുടങ്ങുന്നുവെന്ന വാര്‍ത്ത. എന്നാല്‍ ഇതാ അയര്‍ലണ്ട് ഈ വാരാന്ത്യത്തോടെ തന്നെ ബെയിലൗട്ടില്‍ നിന്നും മുക്തി നേടാന്‍ പോവുകയാണ്.ഔദ്യോഗിക പ്രഖ്യാപനം നടന്നില്ലെങ്കിലും ഐ എം എഫും യൂറോപ്യന്‍ യൂണിയനും ഇത് അനൌദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈയാഴ്ച്ച അവസാനം യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ടിനെ ഡബ്ലിനിലെയ്ക്ക് ആനയിച്ച് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണനേതൃത്വം .
സാമ്പത്തിക അടിമത്വത്തില്‍ നിന്നും സ്വതന്ത്രരാക്കപ്പെട്ടതിന്റെ സന്തോഷമാണ് ഒരോ രാഷ്ട്രീയപ്രമുഖരുടെയും മുഖങ്ങളില്‍ തെളിയുന്നത്. കൂടെ ഇനി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന പല ടാക്‌സുകളുടെയും അധിക അടവില്‍ നിന്നും ജനങ്ങളെ മുക്തരാക്കാനും മന്ത്രിമാര്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു.
ജനങ്ങളില്‍ നിന്നും ഈടാക്കിക്കൊണ്ടിരിക്കുന്ന ആദായ നികുതിയില്‍ ഇളവുചെയ്തുകൊടുക്കുമെന്നതാണ് ഇപ്പോള്‍ ധനമന്ത്രി മൈക്കല്‍ നൂനന്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനം.
എന്നാല്‍ ബെയിലൗട്ടുമായി ബന്ധപ്പെട്ട പല ട്രോയിക ടെക്‌നോക്രാറ്റുകളും രാഷ്ട്രീയത്തെക്കുറിച്ചുള്ള അവരുടെ അറിവില്ലായ്മ പുറത്തുകാണിച്ചുവെന്ന് മന്ത്രി നൂനന്‍ കുറ്റപ്പെടുത്തി.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മുന്‍ ചീഫ് ജീന്‍ ക്ലൗഡ് ട്രിച്ചറ്റിന്റെ പല നടപടികളും സ്വീകരിക്കാന്‍ സാധിക്കാത്തതായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിനു ശേഷം എത്തിയ മരിയോ ദ്രാഗി വളരെ മികച്ചരീതിയിലുള്ള പിന്തുണ നല്‍കി എന്നും മന്ത്രി നൂനന്‍ കൂട്ടിച്ചേര്‍ത്തു.
ബെയിലൗട്ട് അവസാനത്തോടടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഡബ്ലിനില്‍ വച്ച് ഇന്റര്‍ നാഷണല്‍ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇയു ഡിപ്ലോമാറ്റുകള്‍ ബെയിലൗട്ടില്‍ നിന്നും അയര്‍ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി എന്റ കെന്നിയും പറഞ്ഞിരുന്നു.
നവംബറില്‍ തിരികെ കൊണ്ടുവന്ന ടാക്‌സുകളിലൂടെ സാമ്പത്തികമായ മുന്നേറ്റം ഉണ്ടായിരുന്നതായും എന്നാല്‍ 2015, 2016 കാലഘട്ടങ്ങലില്‍ തന്നെ നികുതികളില്‍ വരുത്തിയ വര്‍ദ്ധനവ് വെട്ടിക്കുറച്ചുകൊണ്ടുള്ള തീരുമാനവും ഉണ്ടാവുമെന്നും ധനമന്ത്രി നൂനന്‍ മാധ്യമങ്ങളെ അറിയിച്ചു. പുതിയ തൊഴില്‍ മേഖലകള്‍ രാജ്യത്ത് സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കുന്ന കൂടുതല്‍ നികുതികള്‍ വെട്ടിച്ചുരുക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഇത്തരം കമ്പനികള്‍ക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി നൂനന്‍ പറഞ്ഞു.
2015ലോ 2016ലോ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും എന്നാല്‍ റിസോഴ്‌സുകള്‍ ലഭ്യമാവുക എന്നതുമാത്രമാണ് ഇപ്പോള്‍ തടസമായി നില്‍ക്കുന്നതെന്നും മന്ത്രി പറയുന്നു.
ടൂറിസം മേഖലയിലെ വാറ്റ് ഉള്‍പ്പെടെ ബെയിലൗട്ട് കാലഘട്ടത്തില്‍ വരുത്തിയ നികുതി വര്‍ദ്ധനവുകള്‍ എല്ലാം തന്നെ വെട്ടിച്ചുരുക്കലുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ആദായ നികുതികളുടെ വെട്ടിച്ചുരുക്കലുകളെ കുറിച്ച് വിശദീകരിക്കാന്‍ മന്ത്രി തയ്യാറായിട്ടുമില്ല.
തൊഴില്‍ മേഖലയിലെ വര്‍ദ്ധനവിനും സാമ്പത്തിക പുരോഗതിക്കും ഇത്തരം വെട്ടിച്ചുരുക്കലുകള്‍സഹായകമാകുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
ട്രോയികയുമായി ബന്ധപ്പെട്ട പല ഉദ്യോഗസ്ഥരും വളരെ കഴിവുള്ളവരാണെന്നും എന്നാല്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള അവരുടെ അറിവുകള്‍ പരിമിതമാണെന്നും നൂനന്‍ പറഞ്ഞു. രാഷ്ട്രീയമെന്ന താന്‍ ഉദ്ദേശിച്ചത് ജനങ്ങള്‍ക്കുവേണ്ടി ഒരു പദ്ധതി രൂപീകരിക്കുകയും ജനപിന്തുണയോടെതന്നെ അവ മുന്നോട്ടുകൊണ്ടുപോവുകയുമാണെന്ന് നൂനന്‍ വിശദമാക്കി.
എന്നാല്‍ സാമ്പത്തിക പുരോഗതിക്കായി ഇയു ശക്തികളെ നികുതിപരമായ ചിലവുചുരുക്കലിന് പ്രേരിപ്പിക്കാതിരുന്നത് ഡബ്ലിന്റെ തെറ്റാണെന്നാണ് അയര്‍ലണ്ടിലെ ഐഎംഎഫ് മിഷന്‍ ചീഫ് അശോക മോഡി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ യഥാര്‍ത്ഥ പാതയിലേക്ക് എത്തിക്കഴിഞ്ഞുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷങ്ങളില്‍ ഐറിഷ് ബാങ്കുകളുടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്നാണ് മന്ത്രി നൂനന്റെ പ്രതീക്ഷ.

Scroll To Top