Saturday February 25, 2017
Latest Updates

ബൂമോണ്ടില്‍ ഐ.എന്‍.എം.ഒയുടെ നേതൃത്വത്തില്‍ നേഴ്‌സുമാര്‍ പ്രതിഷേധിച്ചു

ബൂമോണ്ടില്‍ ഐ.എന്‍.എം.ഒയുടെ നേതൃത്വത്തില്‍ നേഴ്‌സുമാര്‍ പ്രതിഷേധിച്ചു

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ഐ.എന്‍.എം.ഒയുടെ നേതൃത്വത്തില്‍ നേഴ്‌സുമാര്‍ പ്രതിഷേധിച്ചു. ബ്യൂമോണ്ട് ആശുപത്രിയുടെ പ്രവേശന കവാടത്തിലായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണി വരെ ഭക്ഷണ സമയത്തായിരുന്നു നഴ്‌സുമാരുടെ പ്രതിഷേധം. രോഗികള്‍ മണിക്കൂറുകളോളം ട്രോളിയില്‍ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ മാസം മാത്രം ഐപി വിഭാഗത്തില്‍ കിടക്ക ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് 729 രോഗികള്‍ ട്രോളിയില്‍ കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 661 രോഗികളാണ് ട്രോളിയില്‍ കാത്തിരുന്നത്. ഓരോ വര്‍ഷവും ട്രോളിയില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നഴ്‌സുമാര്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. 

പ്രതിഷേധം നടന്ന ഇന്നലെ പോലും 41 രോഗികള്‍ ട്രോളിയില്‍ കാത്തിരുപ്പുണ്ടായിരുന്നു. ഇതില്‍ 35 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി എത്തിയവരാണ്. പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ പണി മുടക്കിക്കൊണ്ടുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫീസര്‍ ലെറെയ്ന്‍ മൊണാഗന്‍ പറഞ്ഞു. ആശുപത്രികളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യത്തിന് ഫണ്ട് ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.

Scroll To Top