Tuesday September 25, 2018
Latest Updates

ബാല്ലിമൂണില്‍ നിന്നൊരു വിജയമാതൃക:അയര്‍ലണ്ടിലെ മലയാളികള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു സഹകരണമാര്‍ഗം

ബാല്ലിമൂണില്‍ നിന്നൊരു വിജയമാതൃക:അയര്‍ലണ്ടിലെ മലയാളികള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു സഹകരണമാര്‍ഗം

ഡബ്ലിന്‍ : ഭൂഉടമയുടെ കാലുഷ്യങ്ങളില്ലാതെ, വാടകനിയമങ്ങളുടെ പരിമിതികളില്ലാതെ, നിയമക്കുരുക്കുകളില്ലാതെ വീടുകള്‍ മാര്‍ക്കറ്റ് വിലയിലും വളരെ താഴ്ത്തി കിട്ടിയാല്‍ ആശ്വാസമല്ലേ?.അതും മൂന്നും നാലും ബെഡ്റൂകളുള്ള നല്ല മനോഹരമായ വീടുകള്‍. ഇവിടെ ഡബ്ലിനിലെ ബല്ലിമുണില്‍ അങ്ങനെയൊരു സംരംഭത്തിനു നാന്ദിയായിട്ടുണ്ട്; ഹൗസിംഗ് സഹകരണ സംഘത്തിലൂടെ.

നോർത്ത് ഡബ്ലിനിൽ  എം ഫിഫ്‌റ്റിയ്ക്കും ഐക്യയ്ക്കും തൊട്ടടുത്തുള്ള പ്രദേശത്താണ് അയർലണ്ടിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഉത്തമ മാതൃകയായ ഈ ഹൗസിങ് സൊസൈറ്റിയുള്ളത്.ഓ കുലൻ (Ó Cualann Cohousing Alliance)ഗ്രൂപ്പാണ് ഇത്തരമൊരു സംരംഭത്തിന് ആവശ്യക്കാരെ ഒരുമിച്ചു കൂട്ടിയത്.

മാര്‍ക്കറ്റ് വിലയേക്കാള്‍ 30ശതമാനമോ അതിലേറെ കുറവിലോ ആണ് ഇവിടെ വീടുകള്‍ ലഭ്യമാക്കുന്നത്.ഈ നേട്ടം ഒരു കൂട്ടായമയുടെ വിജയമാണ്,സഹകരണത്തിന്റെ വിജയമാണ്. സഹകരണ സംഘമെന്ന മലയാളിയ്ക്ക് സുപരിചിതമായ ആശയത്തിന് അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഏറെ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നതാണ് ഈ ബല്ലിമൂണ്‍ സംരംഭം.

ബല്ലിമൂണ്‍ ഒ കുലാന്‍ കോ ഓപ്പറേറ്റിവ് ഹൗസിംഗ് അലൈന്‍സ് നല്‍കുന്ന പാഠം വളരെ വലുതാണ്.അയര്‍ലണ്ടില്‍ അടുത്ത കാലത്തായി മുളപൊട്ടിയ ആശയമാണ് ഇത്.എന്നാല്‍ സഹകരണരംഗത്തെ അപ്പസ്തോലന്മാരായ മലയാളികള്‍ക്ക് ഈ രംഗത്ത് ഏറെ സംഭാവന ചെയ്യാനാകുമെന്നും വിലയിരുത്തപ്പെടുന്നു.

ഒ കുലാന്‍ കോഓപ്പറേറ്റിവ് ഹൗസിംഗ് അലൈന്‍സ് എന്ന ഹൗസിംഗ് സഹകരണസംഘം ബല്ലിമുനില്‍ 49 വീടുകളാണ് പണിയുന്നത്. അവിടെ വീടുകളുടെ വില ആരംഭിക്കുന്നത് വെറും 140000യൂറോയിലാണ്.രണ്ട് ബെഡ്റൂമുകളുള്ള വീടിനാണ് ഈ വില.മൂന്നു ബെഡ് റൂമിന് 160000യൂറോയും നാല് ബെഡ് റൂം വീടിന് 199000 യൂറോയുമാണ് വില.

വില്‍പ്പന നടപടികളെല്ലാം പൂര്‍ത്തിയായ ഇവിടുത്തെ ആദ്യ അഞ്ച് കുടുംബങ്ങള്‍ ഉടന്‍ തന്നെ താമസമാരംഭിക്കും.ബാക്കിയുള്ള വീടുകളുടെയെല്ലാം വില്‍പ്പന നടന്നു. ഘട്ടം ഘട്ടമായി ആ കുടുംബങ്ങളും ഇവിടേയ്ക്ക് താമസിക്കാനെത്തും.

അഞ്ച് വര്‍ഷം മുമ്പ് സര്‍ക്കാരിന്റെ ഹൗസിംഗ് പ്രോഗ്രാം മുടങ്ങിയ എസ്റ്റേറ്റിലാണ് ഇത്തരത്തിലൊരു ഹൗസിംഗ് പദ്ധതി പ്ലാന്‍ ചെയ്തത്.മുടക്കുന്ന പണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണു വീട്ടുടമസ്ഥര്‍ സൊസൈറ്റിക്കായി ഒത്തു കൂടിയത്.oka

സിംഗിള്‍ ബയറിന് 59000യൂറോയും ജോഡികള്‍ക്ക് 79000യൂറോയില്‍ കുറയാത്ത വരുമാനം ഉണ്ടായിരിക്കണമെന്നായിരുന്നു സൊസൈറ്റിയുടെ വ്യവസ്ഥ.ഈ വരുമാനത്തിന്റെ പത്തുശതമാനം ഡിപ്പോസിറ്റായി നിക്ഷേപിക്കേണ്ടതുണ്ട്.ബാക്കി തുക സഹകരണസംഘത്തിന് മോർട്ഗേജായി ലഭിക്കും പണിയുന്ന വീടുകള്‍ സ്വന്തമായി താമസത്തിന് വേണ്ടെങ്കില്‍ വ്യവസ്ഥകളോടെ 10 വര്‍ഷത്തിനുള്ളില്‍ വീടുകള്‍ വില്‍പ്പന നടത്താനുമാകും.അങ്ങനെ വന്നാല്‍ നിശ്ചിത തുക സൊസൈറ്റിക്ക് തിരികെ നല്‍കണമെന്നുണ്ട്.

ഭൂമിയുടെ വില,ഡവലപ്മെന്റ് നികുതികള്‍,ഡവലപ്പറുടെ മാര്‍ജിന്‍,ബില്‍ഡറുടെ ചെലവും ലേബര്‍ ചെലവുമെല്ലാം ഒത്തുവരുമ്പോഴാണ് ഡിസ്‌കൗണ്ടുകളോടെ വീടുകള്‍ നല്‍കാനാവുന്നത്.ഇതില്‍ അവസാനത്തെ രണ്ട് സംഗതികള്‍ വ്യക്തിഗതമായി നിറവേറ്റാനാകും. എന്നാല്‍ ആദ്യ മൂന്നു കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നിടത്താണ് സഹകരണസംഘത്തിന്റെ പ്രസക്തി ഉയരുന്നത്.അതായത് ഭൂമിയുടെ വില,ഡവലപ്മെന്റ് നികുതികള്‍,ഡവലപ്പറുടെ മാര്‍ജിന്‍ എന്നിവ.

ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍, ഇവരുടെ സഹകരണസംഘത്തിന് വളരെ തുച്ഛമായ വിലയിലാണ് ഭൂമി ലഭ്യമാക്കിയത്.ഒരു ഹൗസ് പ്ലോട്ടിന് 1000യൂറോ ആയിരുന്നു വില. ഓപ്പണ്‍മാര്‍ക്കറ്റില്‍ പ്ലോട്ടിന് 200000-30000 യൂറോ വില വരുന്നതാണ് ഇത്.ഡബ്ലിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഭൂമി ഇപ്പോഴും ലഭ്യമാണ്.അത് സഹകരണസംഘത്തിന്റെ ആവശ്യാര്‍ത്ഥം വാങ്ങി രൂപപ്പെടുത്തി എടുക്കുക എന്നതാണ് വേണ്ടത്.ആവശ്യമായ കാത്തിരുപ്പ് ഇതിന് വേണ്ടി വരും.എങ്കിലും കൊള്ള വിലകള്‍ക്ക് വീടുകള്‍ വാങ്ങി ജീവിത കാലം മുഴുവന്‍ മോര്‍ട്ട്‌ഗേജ് അടച്ചു മുടിയുന്നതിനേക്കാള്‍ നന്നായിരിക്കും അല്‍പം കാത്തിരുന്നു ഭൂമി വാങ്ങി വീട് പണിയുന്നത്.

സൊസൈറ്റികള്‍ക്ക് ഡവലപ്മെന്റ് നികുതികളിലും ,പ്രാദേശിക ഭരണകൂടങ്ങള്‍ സാധാരണ ഇളവുകള്‍ നല്‍കുന്നുണ്ട്.സ്‌ക്വയര്‍ മീറ്ററിന് 86.40യൂറോ എന്ന നിലയിലായിരുന്നു കൂലനിലെ സൊസൈറ്റിക്ക് ഇത് ലഭിച്ചത്.

അഞ്ച് ശതമാനം ഡവലപ്മെന്റ് മാര്‍ജിന്‍ മാത്രമാണ് സൊസൈറ്റി ഈടാക്കുന്നത്. എന്നിട്ടും കുറഞ്ഞ വിലയ്ക്കാണ് ഇപ്പോ)ള്‍ സൊസൈറ്റി അംഗങ്ങള്‍ക്ക് (സ്വന്തമായി ഉപയോഗിക്കുന്നില്ലെങ്കില്‍) വീടുകള്‍ വില്‍ക്കാനാവുന്നു.അപ്പോള്‍ ഈ രംഗത്തെ കുത്തകകള്‍ ഉണ്ടാക്കുന്ന കൊള്ള ലാഭം ചിന്തിക്കാവുന്നതേയുള്ളു-ഒ കുലാന്‍ സിഇഒ ഹഖ് ബ്രന്നാന്‍ പറയുന്നു.

ബല്ലിമൂണ്‍ പോലെയുള്ള സ്ഥലത്ത് ഇത്തരത്തിലുള്ള സോഷ്യല്‍ ഹൗസിംഗ് സ്‌കീമുകള്‍ യാഥാര്‍ഥ്യമാകുന്നത് ആ മേഖലയ്ക്കാകെ വികസനം കൊണ്ടുവരുമെന്നാണ് കണക്കു കൂട്ടുന്നത്.ഒട്ടേറെ തൊഴിലവസരങ്ങള്‍ ഇവിടെയുണ്ടാകും. ഏറെപേര്‍ക്ക് ജോലി ലഭിക്കും.പ്രാദേശിക തലത്തിലും അതിന്റെ അലയൊലികളുണ്ടാവും.കടകളും സ്ഥാപനങ്ങളും ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനുകളുമൊക്കെയുണ്ടാകും ഫലത്തില്‍ പ്രാദേശിക സാമ്പത്തിക വ്യവസ്ഥ സംപുഷ്ടമാകും ഒപ്പം വികസനവും സാധ്യമാകും.ബല്ലിമൂനില്‍ 2000 പ്ലോട്ടുകളാണ് ഇനിയും ലഭ്യമായിട്ടുള്ളത്.കുറഞ്ഞത് 10മില്യണ്‍ യൂറോയെങ്കിലും ഇത് പ്രാദേശിക തലത്തില്‍ ലഭ്യമാക്കുന്നതാണ് ഇത്.

രണ്ടുവര്‍ഷം മുമ്പ് 2016ലെ ബഡ്ജറ്റിലാണ് ഇത്തരത്തിലൊരു ലഘുവായ കോ ഓപ്പറേറ്റിവ് ഹൗസിംഗ് പ്ലാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.എന്നാല്‍ അത് ഇതുവരെയും പൂര്‍ണ്ണമായും യാഥാര്‍ഥ്യമായില്ല.

സഹകരണമാതൃക വാങ്ങുന്നവര്‍ക്കും വാടകക്കാര്‍ക്കും ഒരുപോലെ സാധ്യതകള്‍ നല്‍കുന്നതാണെന്ന് സിഇഒ ബ്രന്നാന്‍ വെളിപ്പെടുത്തി.ഈ മാതൃക വളര്‍ത്തിക്കൊണ്ടുവരിക മാത്രമാണ് അയര്‍ലണ്ടിന്റെ കടുത്ത ഭവന പ്രതിസന്ധികള്‍ക്ക് പരിഹാരം.

മാര്‍ക്കറ്റ് വിലയില്‍ ഭൂമി എന്നത് സൗകര്യപൂര്‍വം നമ്മള്‍ മറക്കണം,എന്നിട്ട് സൊസൈറ്റിക്കുള്ള ഭൂമി എന്ന നിലയില്‍ ചിന്തിക്കണം. സഹകരണമാതൃകയുടെ നേട്ടങ്ങള്‍ ഉച്ചൈസ്തരം വിളംബരം ചെയ്തുകൊണ്ട ഒരു സുവിശേഷ പ്രചാരകനെപ്പോലെ നാടുനീളെ സഞ്ചരിക്കാനാണ് എന്റെ തീരുമാനം-ബ്രന്നാന്‍ പറഞ്ഞു.

ഏറ്റവും മോശമായ നിലയിലേക്ക് നീങ്ങുന്ന അയര്‍ലണ്ടിന്റെ ഭൂമി-ഭവന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയുമെന്നാണ് കരുതേണ്ടത്.സ്വന്തമായൊരു വീടില്ലാതെ വലയുന്ന ലക്ഷക്കണക്കായ സാധാരണക്കാരുടെയും കുടിയേറ്റക്കാരുടെയും പ്രതീക്ഷയായും സഹകരണ സംഘങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു.

Scroll To Top