Monday July 24, 2017
Latest Updates

ബാര്‍ ലൈസന്‍സ്: പ്രതിസന്ധി രൂക്ഷം, മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനും പിന്നില്‍ നേതാക്കള്‍ ചേരിതിരിയുന്നു

ബാര്‍ ലൈസന്‍സ്: പ്രതിസന്ധി രൂക്ഷം, മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനും പിന്നില്‍ നേതാക്കള്‍ ചേരിതിരിയുന്നു

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസില്‍ പോര് മുറുകയാണ്. മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനും പിന്നില്‍ നേതാക്കള്‍ ചേരിതിരിഞ്ഞാണ് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നത്. കോണ്‍ഗ്രസിനുള്ളിലെ വ്യക്തമായ ഭിന്നത വ്യക്തമാക്കുന്ന രീതിയിലാണ് ഇവര്‍ തമ്മില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചും സുധീരനെ പരോക്ഷമായി വിമര്‍ശിച്ചും കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ രംഗത്ത് എത്തുകയുണ്ടായി.

നിയമപരമായി തീരുമാനമെടുക്കാനുള്ള സര്‍ക്കാരിന്റെ ബാധ്യത പാര്‍ട്ടി മാനിക്കണമെന്നാണ് ഹസന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാര്‍ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ രണ്ട് അഭിപ്രായമുണ്ട്. അതിനാലാണ് യോജിച്ച തീരുമാനങ്ങളെടുക്കാന്‍ വൈകുന്നത്. കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് മാത്രമല്ല യു.ഡി.എഫു കൂടിയാണ്. ഈ മാസം 21 ന് ചേരുന്ന യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം ബാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് എം.എം.ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാല്‍ ഹസന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വക്താവ് രാജ് മോഹന്‍ ഉണ്ണിത്താനും രംഗത്തുവന്നു. മദ്യവ്യവസായികളുടെ വക്കാലത്ത് എടുത്തതുപോലെയാണ് ഹസന്‍ സംസാരിക്കുന്നത്. പാര്‍ട്ടി യോഗങ്ങളില്‍ ഭൂരിപക്ഷ തീരുമാനത്തിനെതിരെ മൌനം പാലിച്ച ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇങ്ങനെ പ്രതികരിച്ചതിന്റെ താല്‍പ്പര്യം വ്യക്തമല്ലെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

Scroll To Top