Tuesday January 24, 2017
Latest Updates

ബാര്‍ കോഴ: കേരള കോണ്‍ഗ്രസ് ഗൂഡാലോചന അന്വേഷിക്കും

ബാര്‍ കോഴ: കേരള കോണ്‍ഗ്രസ് ഗൂഡാലോചന അന്വേഷിക്കും

തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന് പിന്നിലെ ഗൂഡാലോചന പാര്‍ട്ടി അന്വേഷിക്കും. പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിനെതിരെ നിയമനടപടി സ്വീകരിക്കാനും പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി. ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം.

ആരോപണം ഉയര്‍ന്ന ആദ്യദിവസം തന്നെ ചീഫ് വിപ്പ് പിസി ജോര്‍ജ് ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം മന്ത്രിസ്ഥാനം രാജിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങള്‍ വേണ്ടന്ന് പാര്‍ട്ടി ഉന്നതതല യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗങ്ങള്‍ക്ക് പുറമേ കേരള കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റുമാരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. ഗൂഡാലോചന അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ പാര്‍ട്ടി യോഗം തീരുമാനിച്ചു. അതേസമയം സമിതി അംഗങ്ങളോ സമിതിയുടെ ഘടനയോ തീരുമാനമായില്ല.

അതിനിടെ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേഷിന്റെ നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കൂടുതല്‍ ആരോപണങ്ങളോ  വെളിപ്പെടുതതലുകളോ ഇന്ന് പുറത്ത് വിട്ടേക്കുമെന്നാണ് സൂചന.

 

Scroll To Top