Thursday February 23, 2017
Latest Updates

ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ യൂസഫലിയുടെ പടപ്പുറപ്പാട്‌

ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ യൂസഫലിയുടെ പടപ്പുറപ്പാട്‌

പതിനാറായിരത്തിലധികം മലയാളികളടക്കം 22,000ല്‍ പ്പരം ആളുകള്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്റ്ററായ എം.എ യൂസഫലി കേരളത്തിലെ രണ്ട് പ്രമുഖ സ്വകാര്യ ബാങ്കുകളായ കാത്തലിക് സിറിയന്‍ ബാങ്കിലും ഫെഡറല്‍ ബാങ്കിലും ഏകദേശം അഞ്ച് ശതമാനത്തോളം വീതം ഓഹരികള്‍ വാങ്ങിയത് ബാങ്കിംഗ് രംഗത്ത് പല ഊഹാപോഹങ്ങള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്.

ഫെഡറല്‍ ബാങ്കിന്റെ 400 കോടി രൂപയോളം മതിക്കുന്ന ഓഹരികളാണ് യൂസഫലി സ്വന്തമാക്കിയത്. അബുദാബിയിലെ എമിറേറ്റ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ കൈവശമുണ്ടായിരുന്ന ഓഹരികളടക്കം 4.98 ശതമാനം ഓഹരികളാണ് വാങ്ങിയത്. ഇതോടെ അദ്ദേഹം ഫെഡറല്‍ ബാങ്കിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയാകുമെന്നാണ് സൂചന.

കേരളത്തിലെ ബാങ്കിംഗ് രംഗത്ത് നിക്ഷേപിക്കാന്‍ തയാറായി മറ്റ് ബിസിനസ് ഗ്രൂപ്പുകളും രംഗത്തു വന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ജിയോ ഗ്രൂപ്പ് സാരഥി ജോര്‍ജ് വി. നേരിയംപറമ്പില്‍, കൊല്ലത്തെ പ്രമുഖ വ്യവസായി മോഹനചന്ദ്രന്‍ നായര്‍ എന്നിവര്‍ ധനലക്ഷ്മി ബാങ്കിന്റെ 37.75 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ് സ്വന്തമാക്കുന്നത്.

യൂസഫലി കേരളത്തിലെ രണ്ട് ബാങ്കുകളില്‍ ഓഹരി വാങ്ങിയത് ആ രംഗത്തെ സാധ്യത വിലയിരുത്തിയും ഒരു നിക്ഷേപമെന്ന നിലയിലുള്ള സുരക്ഷിതത്വവും മൂലമാണെന്ന് ആര്‍.ബി.ഐ മുന്‍ പ്രിന്‍സിപ്പല്‍ ലീഗല്‍ അഡൈ്വസറായ കെ.ഡി സക്കറിയ പറയുന്നു. എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗമായി ബാങ്കിന്റെ നിയന്ത്രണത്തിലേക്ക് എത്താന്‍ യൂസഫലിക്കുദ്ദേശ്യമില്ല എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അത്തരം ഒരു ലക്ഷ്യമാണുണ്ടായിരുന്നതെങ്കില്‍ ഒരു ബാങ്കില്‍ മാത്രം കേന്ദ്രീകരിച്ച് നീക്കം നടത്താമായിരുന്നു എന്നദ്ദേഹം കരുതുന്നു. ഇന്ത്യയിലെ ബാങ്കിംഗ് റെഗുലേഷന്‍ വളരെ ശക്തമായതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് നിയന്ത്രണാധികാരം ഏതെങ്കിലും വ്യക്തികളിലോ ഗ്രൂപ്പുകളിലോ ചെന്നെത്താന്‍ പ്രയാസമാണ്.

എന്നാല്‍ കാത്തലിക് സിറിയന്‍ ബാങ്കും ഫെഡറല്‍ ബാങ്കും സമീപഭാവിയില്‍ ലയിക്കാനുള്ള സാധ്യതയുണ്ടെന്നും അപ്രകാരം ലയിച്ചുണ്ടാകുന്ന ബാങ്കില്‍ വളരെ നിര്‍ണായകമായ സ്ഥാനം യൂസഫലി നേടുമെന്നും ബാങ്കിംഗ്, ഓഹരി നിക്ഷേപ രംഗത്തെ ഒരു വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതോടെ ബാങ്കിംഗ് രംഗത്ത് മല്‍സരം രൂക്ഷമാകും. ഇത്തരം സാഹചര്യത്തില്‍ താരതമ്യേന ദുര്‍ബലമായ ബാങ്കുകള്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടും. ലയനത്തിലൂടെ ശക്തമായ ബാങ്കുകള്‍ക്കു രൂപം കൊടുത്തുകൊണ്ട് മാത്രമേ ഈ വെല്ലുവിളി നേരിടാന്‍ കഴിയൂ. അതുകൊണ്ട് തന്നെ ലയനസാധ്യതകള്‍ തള്ളിക്കളയാനാവില്ല എന്ന് അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഫിസാറ്റ്) ചെയര്‍മാന്‍ പി.വി മാത്യു പറയുന്നു.

നിലവിലെ നിയമമനുസരിച്ച് രണ്ട് ബാങ്കുകളില്‍ ഒരേസമയം ഡയറക്റ്ററായിരിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു ബാങ്കില്‍ ഡയറക്റ്ററായിരിക്കുന്നതിനൊപ്പം മറ്റൊരു ബാങ്കിലെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ യൂസഫലിക്ക് കഴിയുമെന്നാണ് പൊതുവെയുള്ള നിഗമനം. താമസിയാതെ ഏതെങ്കിലുമൊരു ബാങ്കിന്റെ ഡയറക്റ്റര്‍ സ്ഥാനത്ത് യൂസഫലി എത്താനാണ് സാധ്യത.മല്‍സരം അതിശക്തമായതുകൊണ്ടുതന്നെ ലയനത്തിനും ഏറ്റെടുക്കലുകള്‍ക്കും മറ്റും പ്രസക്തിയേറുന്ന കാലമാണ് വരാന്‍ പോകുന്നത്. ( കടപ്പാട് ​:ധനം മാസിക )

Scroll To Top