Sunday July 22, 2018
Latest Updates

ബലം പിടിച്ച് അബോര്‍ഷന്‍ ചെയ്യിപ്പിക്കാമെന്ന് കരുതേണ്ടെന്ന് അയര്‍ലണ്ടിലെ കത്തോലിക്കാ സഭ,റഫറണ്ടം ഫലം ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിയ്ക്കും

ബലം പിടിച്ച് അബോര്‍ഷന്‍ ചെയ്യിപ്പിക്കാമെന്ന് കരുതേണ്ടെന്ന് അയര്‍ലണ്ടിലെ കത്തോലിക്കാ സഭ,റഫറണ്ടം ഫലം ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിയ്ക്കും

ഡബ്ലിന്‍:അബോര്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടായാലും അയര്‍ലണ്ടിലെ കത്തോലിക്കാ ഹോസ്പിറ്റലുകളില്‍ അത് ബലം പ്രയോഗിച്ചു നടപ്പാക്കാമെന്ന ഉദ്ദേശ്യം നടപ്പാക്കാനാവില്ലെന്ന് വാട്ടര്‍ഫോര്‍ഡ് ബിഷപ്പ് അല്‍ഫോന്‍സ് കുള്ളിന്നാന്‍.

വ്യക്തിപരമായ,ധാര്‍മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലോ സമൂഹത്തിന് മോശമെന്ന് കരുതാവുന്ന തിന്മകളെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമുണ്ട്.കത്തോലിക്കാ സഭയുടെ പഠനങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും എതിരായ നടപടികള്‍ വിശ്വാസികളെ കൊണ്ട് ചെയ്യിക്കാമെന്ന് സര്‍ക്കാര്‍ വിചാരിച്ചാല്‍ അതിനെ സര്‍വശക്തിയോടെയും എതിര്‍ക്കാനായുള്ള അധികാരവും,ചുമതലയും വിശ്വാസികള്‍ക്കുമുണ്ട്.ബിഷപ്പ് പറഞ്ഞു.

പുതുതായി രൂപപ്പെടുത്തുന്ന അബോര്‍ഷന്‍ നിയമം നടപ്പാക്കാനാവും വിധം കത്തോലിക്കാ ഹോസ്പിറ്റലുകള്‍ നയങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഐറിഷ് പാര്‍ലമെന്റില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അബോര്‍ഷന്‍ അനുവദിക്കാനുള്ള ഭരണഘടന അനുമതി നല്‍കിയ റഫറണ്ടം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലിന്‍ മേലുള്ള വാദം അടുത്ത ചൊവാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ചില ബൂത്തുകളില്‍ നൂറു ശതമാനത്തിലധികം പോളിങ് നടന്നതായും,കന്യാസ്ത്രികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേരെ വോട്ടര്‍ലിസ്റ്റുകളില്‍ നിന്നും ഒഴിവാക്കിയതായും,ഒരു വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇരട്ട ഇലക്ട്രററല്‍ കാര്‍ഡ് നല്കിയതായതും ഉള്‍പ്പെടെയുള്ള പരാതികളാണ് ഹൈക്കോടതിയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

അതേ സമയം വോട്ട് ചെയ്തവരുടെ പട്ടിക നല്‍കണമെന്ന ചാള്‍സ് ബ്രെയിന്‍ എന്ന പരാതിക്കാരന്റെ ആവശ്യം നിരാകരിക്കപ്പെട്ടു.വോട്ടു ചെയ്തവരുടെ പട്ടിക ഹര്‍ജിക്കാരന് നല്‍കേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍ !.

റഫറണ്ടത്തിന് വോട്ടു ചെയ്തവരുടെ കണക്കുകള്‍ നോ പക്ഷം ആവശ്യപ്പെട്ടിട്ടും പോളിങ് ബൂത്തുകളില്‍ നിന്നും ലഭിച്ചില്ലെന്ന് മുമ്പും പരാതി ഉയര്‍ന്നിരുന്നു.

Scroll To Top