Thursday October 18, 2018
Latest Updates

ബജറ്റ് ഇലക്ഷന്‍ ഗിമ്മിക്കെന്ന് നഴ്സുമാര്‍, എല്ലാവരെയും സുഖിപ്പിക്കാനുള്ള പാഴ്ശ്രമമെന്നും ആക്ഷേപം

ബജറ്റ് ഇലക്ഷന്‍ ഗിമ്മിക്കെന്ന് നഴ്സുമാര്‍, എല്ലാവരെയും സുഖിപ്പിക്കാനുള്ള പാഴ്ശ്രമമെന്നും ആക്ഷേപം

ഡബ്ലിന്‍ : പൊതുതിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള ഗിമ്മിക്കാണ് ബജറ്റെന്ന് നഴ്സുമാര്‍. ആസന്നമായ തിരഞ്ഞെടുപ്പിന് എല്ലാവരെയും സന്തുഷ്ടരാക്കാനുള്ള ഒരു ചെറിയ ശ്രമമാണ് ധനമന്ത്രി ബജറ്റിലൂടെ നടത്തിയത്.പുതിയ റിക്രൂട്ട്മെന്റും നഴ്സിംഗ് ജോലിയുടെ സുരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള യാതൊന്നും ബജറ്റിലില്ലെന്നത് നഴ്സുമാരുടെ ഈ ആക്ഷേപത്തിന് അടിവരയിടുന്നതാണ്.

അതേ സമയം,അയര്‍ലണ്ടിലെ പൊതു ആരോഗ്യ രംഗത്തെ അധിക നിക്ഷേപത്തെ ഐഎന്‍എംഒ സ്വാഗതമര്‍ഹമാണെന്നഭിപ്രായപ്പെട്ട ഐഎന്‍എംഒ പക്ഷേ, നഴ്സിംഗിലും മിഡ് വൈഫറിയിലും റിക്രൂട്ട്മെന്റിന് നടപടിയില്ലാത്തതിനെ ചോദ്യം ചെയ്തു.

ഹോസ്പിറ്റല്‍ സേവനം നന്നാക്കാന്‍ മതിയായ നഴ്സുമാരെയും മിഡ് വൈഫുമാരെയും നിയമിക്കുവാനും നിലനിര്‍ത്തുവാനും എച്എസ്ഇയ്ക്ക് കഴിയുന്നില്ല.ഇത് ചെലവേറിയ വിദേശ റിക്രൂട്ട്മെന്റുകളും ഏജന്‍സികളുമടങ്ങുന്ന ജീവനക്കാരും ഉപയോഗിക്കാന്‍ രാജ്യത്തെ നിര്‍ബന്ധിതമാക്കുമെന്ന് സംഘടന പറയുന്നു.വിദേശ റിക്രൂട്ട്മെന്റില്‍ ഓരോ നഴ്സിനും 10,000യൂറോ ചിലവഴിക്കേണ്ടി വരുമ്പോഴും . ആയിരക്കണക്കിന് രോഗികള്‍ ട്രോളിയില്‍ ചികില്‍സ കാത്തു കിടക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയിളവുകള്‍ കാര്യമായ പ്രയോജനം ചെയ്യുകയില്ലെന്നാണ് നഴ്സുമാരുടെ പൊതുവെയുള്ള അഭിപ്രായം.

ബേണിയ്ക്ക് പറയാനുള്ളത്…..

‘പ്രതിമാസ ചെലവില്‍ കുറവുവരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ലെന്നു നാലു കുട്ടികളുടെ അമ്മയും ഡബ്ലിനിലെ ഹോസ്പിറ്റലിലെ നഴ്സുമായ ബേര്‍ണി സ്റ്റെന്‍സണ്‍ വിലയിരുത്തുന്നു.

‘ഞാനും ഭര്‍ത്താവും വളരെ കഠിനാധ്വാനം ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്’.ഒരു ഐറിഷ് മാധ്യമവുമായി നടത്തിയ ഇന്റര്‍വ്യൂവില്‍ അവര്‍ പറയുന്നു.

ജോലിക്കാരായ ദമ്പതികള്‍ക്ക് ഒന്നും ബജറ്റില്‍ ഇല്ലെന്ന് എനിക്കു തോന്നുന്നു. ഭാഗ്യത്തിന് ഞങ്ങള്‍ക്കൊരു വീടുണ്ട്. എന്നാല്‍ അത് മോര്‍ട്ട്ഗേജ് ചെയ്യാനോ സമ്പാദിക്കാനോ അവസരമില്ല.ജിപി വിസിറ്റര്‍കാര്‍ഡുപയോഗിച്ചുള്ള ചെറിയ പ്രയോജനം മാത്രം നാലുവയസ്സുള്ള മകള്‍ക്കു കിട്ടുന്നുണ്ട്.അതൊരു നിസ്സാര കാര്യം മാത്രമാണ്. ‘ഇത് എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുമെന്നു കാണിക്കുന്ന തിരഞ്ഞെടുപ്പ് ബ്ജറ്റ് മാത്രമായി തോന്നുകയാണ്,’ അവര്‍ പറഞ്ഞു.

‘നഴ്സുമാര്‍ക്ക് കിട്ടുന്ന ശമ്പളം വളരെ മോശമാണ്, ഇക്കാരണത്താല്‍ നല്ല സാഹചര്യങ്ങള്‍ തേടി ആയിരക്കണക്കിന് നഴ്സുമാര്‍ വിദേശരാജ്യങ്ങളിലേക്ക് പറക്കുകയാണ്.ആരോഗ്യത്തിന് ഏറെ പണം ചെലവഴിക്കുന്നതുപോലെ ഒറ്റനോട്ടത്തില്‍ തോന്നും.പക്ഷേ അവ എവിടെയാണ് പോകുന്നതെന്ന് അറിയില്ല ആരും പറയുന്നുമില്ല. നമ്മള്‍ എല്ലായ്പ്പോഴും ആരോഗ്യമേഖലയില്‍ പണം എറിഞ്ഞുകൊണ്ടേയിരിക്കുകയാണ്, എന്നാല്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് പര്യാപ്തമാകുന്നുമില്ല.’

‘നഴ്സിങ് രംഗത്ത് കൃത്യമായ പ്ലാനിംഗ് അത്യാവശ്യമാണ്, എന്നാല്‍ ഇവിടെ അങ്ങനെ എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല. ഇത് ഒക്ടോബറാണ്. നമുക്ക് ശീതകാല പ്ലാന്‍ പോലും ഇനിയുമായിട്ടില്ല.നഴ്സുമാര്‍ക്ക് ഈ ബജറ്റില്‍ കാര്യമായ ഒന്നുമില്ലെന്ന നിരാശ എനിക്കുണ്ട്. അവര്‍ ഈ രാജ്യത്തുനിന്ന് പുറത്തുപോകുന്നത് കൂടുതലാകും. അതിന് ഞാന്‍ ഒരിക്കലും അവരെ കുറ്റപ്പെടുത്തില്ല’ സ്റ്റെന്‍സണ്‍ പറയുന്നു.

‘നഴ്സുമാര്‍ അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്യുന്നുണ്ട്. കിട്ടുന്ന വേതനമനുസരിച്ച് അവര്‍ക്ക് ഒരു മോര്‍ട്ട്ഗേജ് ലഭിക്കാനോ അല്ലെങ്കില്‍ അവര്‍ ഒറ്റയ്ക്കാണെങ്കില്‍ നല്ലൊരു ജീവിതം നയിക്കാനോ നഴ്സുമാര്‍ക്കാവില്ല.20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതിനേക്കാള്‍ മോശപ്പെട്ട അന്തരീക്ഷമാണ് ഇപ്പോള്‍. ആരോഗ്യരംഗത്തെ ഈ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ അവരുടെ അവസ്ഥയില്‍ മാറ്റമുണ്ടാകില്ല’ സ്റ്റെന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

മലയാളികളായ ആയിരക്കണക്കിന് നഴ്സുമാരാണ് അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത്.ഡബ്ലിന്‍ അടക്കമുള്ള നഗരമേഖലകളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് ശമ്പളത്തിന്റെ 65-70 ശതമാനം വരെ വാടക ഇനത്തില്‍ ചിലവഴിക്കേണ്ടി വരുന്നുണ്ട്.മോര്‍ട്ട് ഗേജ് സംഘടിപ്പിച്ചാലും ഈ തുക 45-55 ശതമാനം വരെയാകും.

ബജറ്റില്‍ ഭവനമേഖലയില്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന അഫോര്‍ഡബിള്‍ ഹൗസിംഗിന്റെ പ്രയോജനം മാത്രമാണ് പ്രധാനമായും മലയാളികള്‍ക്ക് ലഭിക്കാനുള്ളത്.6000 വീടുകള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ വിശ്വസിച്ചാല്‍ തന്നെ അതില്‍ എത്ര ശതമാനം കുടിയേറ്റക്കാര്‍ക്ക് ലഭിക്കുമെന്നത് കണ്ടറിയണം.

അതേ സമയം നഴ്സുമാര്‍ അടക്കം പ്രത്യേക തൊഴില്‍ മേഖലയിലുള്ളവര്‍ കോ ഓപ്പറേറ്റിവ് അടിസ്ഥാനത്തിലുള്ള ഹൗസിങ് നിര്‍മ്മാണ സംവിധാനത്തിന് ശ്രമിച്ചാല്‍ അതിനു പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സി വര്‍ഷങ്ങളായി തന്നെ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുണ്ട്.ബില്‍ഡിംഗ് കോ ഓപ്പറേറ്റിവ് സംഘങ്ങളുടെ ശക്തമായ ശ്രുംഘല തന്നെ അയര്‍ലണ്ടില്‍ ഉണ്ടെങ്കിലും കൗണ്‍സിലുകള്‍ വഴി സ്ഥലം കണ്ടെത്താനുള്ള പരിമിതികളാണ് ഇതിന് വിഘാതമാവുന്നത്.എന്നാല്‍ നിലവിലുള്ള പ്ലാനിംഗ് സ്‌കീം അവസാനിക്കുന്നതോടെ കൗണ്ടി കൗണ്‍സിലുകള്‍ അടുത്ത വര്‍ഷം ആരംഭിക്കുന്ന പുതിയ പദ്ധതി മാര്‍ഗരേഖ അനുസരിച്ച് കൂടുതല്‍ സ്ഥലങ്ങള്‍ വീട് നിര്‍മ്മാണത്തിനുള്ള സോണുകളായി മാറ്റപ്പെടാന്‍ സാധ്യതയുണ്ട്,

അതിന് മുമ്പേ ഹൗസിങ് കോ ഓപ്പറേറ്റിവ് സമിതികള്‍ക്ക് കൗണ്ടി കൗണ്‌സിലുകളോട് സ്ഥലം ആവശ്യപ്പെടാനുള്ള അവസരമുണ്ട്.അത്തരത്തിലുള്ള പദ്ധതികള്‍ നിലവിലുള്ള ധാരണ അനുസരിച്ച് അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമില്‍ ഉള്‍പ്പെടുത്താനാവും.

നിജപ്പെടുത്തുന്ന ഭൂമികളില്‍ കൗണ്‍സിലുകള്‍ വഴി വെള്ളവും,വൈദ്യുതിയും അടക്കമുള്ള സര്‍വീസുകള്‍ നല്‍കിയാല്‍ പോലും നിലവില്‍ ഡെവലപ്പര്‍മാര്‍ നിര്‍മ്മിക്കുന്നതിലും 40 ശതമാനം വരെ വിലക്കുറവില്‍ വീടുകള്‍ പണിയുവാന്‍ കഴിയുമെന്നാണ് ഹൗസിംഗ് കോ ഓപ്പറേറ്റീവ് അയര്‍ലണ്ടിന്റെ വിദഗ്ദര്‍ അവകാശപ്പെടുന്നത്.

ബ്രെക്‌സിറ്റിന്റെ നിഴലില്‍ സാമ്പത്തിക തകര്‍ച്ച ഉണ്ടാവാതിരിക്കുകയും ,നിലവില്‍ ഊതിപെരുപ്പിച്ച ‘ഹൗസിങ് ബബിളുകള്‍ ‘ നിയന്ത്രിക്കാന്‍ ഐറിഷ് സര്‍ക്കാരിന് കഴിയാത്ത വരുകയും ചെയ്താല്‍ വാടകനിരക്കും,ഭവന വിലയും കൂടുമെന്നിരിക്കെ ദീര്‍ഘകാലത്തേയ്ക്ക് അയര്‍ലണ്ടിന്റെ നഗരമേഖലകളില്‍ താമസിക്കുന്നവര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാതെ മാഗമില്ലെന്നാണ് പൊതു നിഗമനം.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top