Saturday April 21, 2018
Latest Updates

ഫ്രാന്‍സീസ് പാപ്പായുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത,നരകമില്ലെന്ന് മാര്‍പാപ്പ പറഞ്ഞെന്നത് പത്രപ്രവര്‍ത്തകന്റെ ഭാവനാ സൃഷ്ടിയെന്ന് വത്തിക്കാന്‍

ഫ്രാന്‍സീസ് പാപ്പായുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത,നരകമില്ലെന്ന് മാര്‍പാപ്പ പറഞ്ഞെന്നത് പത്രപ്രവര്‍ത്തകന്റെ ഭാവനാ സൃഷ്ടിയെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത. ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക എന്ന പത്രത്തിന്റെ സ്ഥാപകനായ യൂജീനോ സ്‌കാല്‍ഫാരി മാര്‍പാപ്പയുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ നരകം ഇല്ല എന്നു മാര്‍പാപ്പ പ്രസ്താവിച്ചതായാണ് ഇന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നരകം ഇല്ല എന്നു പാപ്പ പറഞ്ഞതായി ചൂണ്ടിക്കാണിച്ചുള്ള സ്‌കാല്‍ഫാരിയുടെ റിപ്പോര്‍ട്ടിന് വ്യാപകമായ ശ്രദ്ധ ലഭിച്ചതിനെ തുടര്‍ന്നു വത്തിക്കാന്‍ പ്രസ്താവന ഇറക്കുകയായിരിന്നു.

‘പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ അടുത്തിടെ ലാ റിപ്പബ്ലിക്കാ എന്ന പത്രത്തിന്റെ സ്ഥാപകനെ ഈസ്റ്റര്‍ പ്രമാണിച്ച് ഒരു സ്വകാര്യ കൂടികാഴ്ച്ചക്കായി സ്വീകരിച്ചിരുന്നു. പക്ഷേ അഭിമുഖം ഒന്നും നല്‍കിയിരുന്നില്ല. ഇന്ന് പ്രസ്തുത പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ലേഖനം, അദ്ദേഹത്തിന്റെ തന്നെ പുനര്‍സൃഷ്ട്ടിയാണ്. അതില്‍ മാര്‍പാപ്പ പറഞ്ഞ കാര്യങ്ങള്‍ അതേ പടി നല്‍കിയിട്ടില്ല. അതിനാല്‍ അതില്‍ പറഞ്ഞിരിക്കുന്ന ഉദ്ധരണികള്‍ ഒന്നും പരിശുദ്ധ പിതാവ് പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ യോഗ്യമായ രേഖയായി കരുതരുത്’. വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു.

മാര്‍പാപ്പ നരകമില്ലെന്ന് തന്നോടു പറഞ്ഞതായി അവകാശപ്പെടുന്ന യൂജീനോ സ്‌കാല്‍ഫാരി നേരെത്തെയും വ്യാജ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിന്നു. ഫ്രാന്‍സിസ് പാപ്പ പറഞ്ഞതായി യുജിനോ സ്‌കാല്‍ഫാരി റിപ്പോര്‍ട്ട് ചെയ്യുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധമാകാറുണ്ടെന്ന് വത്തിക്കാന്‍ ഔദ്യോഗിക വക്താവായിരിന്ന ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ലാ റിപ്പബ്ലിക്ക സ്ഥാപകരില്‍ ഒരാളും, 1976 – 1996 കാലഘട്ടത്തില്‍ എഡിറ്ററും ആയിരുന്ന യുജിനോ സ്‌കാല്‍ഫാരിക്ക് 93 വയസ്സാണുള്ളത്.

Scroll To Top