Tuesday February 21, 2017
Latest Updates

ഫോട്ടോഗ്രാഫര്‍ മഹാരാജാവ്

ഫോട്ടോഗ്രാഫര്‍ മഹാരാജാവ്

തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ജീവിച്ചത് തൊണ്ണൂറ്റൊന്നാം വയസിന്റെ വാര്‍ധക്യത്തിലല്ല, യൗവനത്തിലാണ്, അതിന്റെ കരുത്തിലാണ്. ഫോട്ടോഗ്രഫിയും ്രൈഡവിങും ഏറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന് . 1934ലെ ഡല്‍ഹിയും 1939ലെ ശബരിമലയുമെല്ലാം അദ്ദേഹത്തിന്റ ക്യാമറാക്കണ്ണില്‍ പതിഞ്ഞിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍ ലെഫ്റ്റനന്റ് കേണലായശേഷം കൊട്ടാരം സന്ദര്‍ശിച്ചപ്പോഴുള്ളതുള്‍പ്പടെ എണ്ണായിരത്തിലധികം ചിത്രങ്ങള്‍.

ജ്യേഷ്ഠന്‍ ചിത്തിര തിരുനാളാണ് റോളിഫഌ്‌സ് ക്യാമറ ആദ്യം നല്‍കിയത്. ഇപ്പോള്‍ ഉപയോഗിക്കുന്നത് മിനോള്‍ട്ട ഡിജിറ്റല്‍ ക്യാമറ.മഹാരാജാവിന്റെ അമ്മൂമ്മയുടെ അച്ഛനാണ് വിഖ്യാത ചിത്രകാരന്‍ രാജാരവിവര്‍മ്മ.

1934ല്‍ ചിത്തിര തിരുനാള്‍, മഹാരാജാവായതിനു ശേഷം ഡല്‍ഹിയില്‍പോയി. ഒപ്പം ഉത്രാടം തിരുനാളും. അന്നാണ് ആദ്യമായി ക്യാമറ കൈയിലെടുക്കുന്നത്. ലോഡ് ചെയ്തശേഷം പറഞ്ഞു, പോയി ഡല്‍ഹിയിലെ ചിത്രങ്ങള്‍ പകര്‍ത്തിവരാന്‍. രാഷ്ട്രപതി ഭവന്‍, കശ്മീര്‍ഗേറ്റ്, ബാബറുടെ ശവകുടീരം, ഹുമയൂണിന്റെ ശവകുടീരം എന്നിവയുടെയെല്ലാം ഫോട്ടോയെടുത്തു. തിരിച്ചുവന്നു.

ആറുമാസത്തിനുശേഷം ജ്യേഷ്ഠനൊപ്പം മദ്രാസില്‍പോയി. പുറത്തേക്ക് പോകാനൊരുങ്ങിയപ്പോള്‍ വീണ്ടും ക്യാമറ തന്നിട്ടു പറഞ്ഞു, മുപ്പത്താറു പടങ്ങള്‍ എടുക്കുക. ഏഴു സുഹൃത്തുക്കളെ കാണിക്കും. ഫോട്ടോഗ്രാഫിയിലെ പ്രമുഖരാണ് അവര്‍. അവര്‍ കൊള്ളാമെന്നു പറഞ്ഞാല്‍ മാത്രം ക്യാമറ കൈയില്‍വച്ചോളൂ.
അന്ന് മദ്രാസില്‍ ജി.കെ.വേല്‍ എന്ന ഫോട്ടോഗ്രാഫറാണ് കൊട്ടാരത്തിലേക്കുള്ള ചിത്രങ്ങള്‍ എടുക്കുന്നത്. അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ നെഗറ്റീവ് നല്‍കി പ്രിന്റെടുത്തു. ഫോട്ടോകണ്ട് മനോഹരമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടതോടെ ക്യാമറ സ്വന്തമായി. പിന്നീട് നിരവധി ഫോട്ടോകളെടുത്തു. ഫോട്ടോയെടുക്കണം, ഡെവലപ് ചെയ്യണം. പ്രിന്റെടുക്കണം. എന്‍ലാര്‍ജ് ചെയ്യണം. എല്ലാം തനിയെ ചെയ്യും. ബോംബെയിലും മറ്റും പ്രദര്‍ശനം നടത്തിയിട്ടുണ്ട്.
ഒരിക്കല്‍ ഉത്രാടം തിരുനാള്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍, മകള്‍ പറഞ്ഞു. അച്ഛന്‍ പോകുന്നുണ്ടല്ലോ, പ്രശസ്ത അപസര്‍പ്പക കഥാകാരി അഗതാ ക്രിസ്റ്റിയെ കണ്ടിട്ട് സാധിക്കുമെങ്കില്‍ ഫോട്ടോയെടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ടു അഗതയ്ക്ക് കത്തയച്ചു. അവര്‍ വിളിച്ചു. ഇരുട്ടു വീണുതുടങ്ങിയിരുന്നു. ഫോട്ടോയെടുക്കണമെന്നു പറഞ്ഞപ്പോള്‍ അവര്‍ വിസമ്മതം പ്രകടിപ്പിച്ചു.
‘ എനിക്കു പ്രായമായി. ചെറുപ്പകാലത്തെ ഫോട്ടോ പബ്ലിഷറുടെ കൈയില്‍ നിന്നു വാങ്ങിക്കോളൂ, എന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ ഇപ്പോഴും നല്ല ഭംഗിയായിട്ടാണ് തോന്നുന്നത് എന്ന് പറഞ്ഞിട്ടും അവര്‍ നിലപാടു മാറ്റിയില്ല. നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു. വേഗം ഫോട്ടോയെടുക്കാന്‍ പറഞ്ഞു. ഫോട്ടോയെടുത്തു. ഒരു കോപ്പി അയച്ചുകൊടുത്തു. പിന്നീട് അവര്‍ എഴുതിയ പുസ്തകം കൈപ്പടയില്‍ ഒപ്പിട്ട് അയച്ചുതന്നു.

വിമാനത്തിലിരുന്ന് പഴയ അനന്തപുരിയുടേയും കന്യാകുമാരിയുടേയും ഉള്‍പ്പടെ ഫോട്ടോ എടുത്തിട്ടുണ്ട് ഉത്രാടം തിരുനാള്‍. തിരുവിതാംകൂര്‍ കൊട്ടാരത്തിന് സ്വന്തമായുണ്ടായിരുന്ന ഡക്കോട്ട വിമാനത്തിലിരുന്നാണ് അദ്ദേഹം ഈ ചിത്രങ്ങളെല്ലാം എടുത്തത്. പത്മനാഭസ്വാമി ക്ഷേത്രത്തെ ഫോക്കസ് ചെയ്താണ് അദ്ദേഹം തിരുവനന്തപുരത്തെ ക്യാമറയിലാക്കിയത്. മൂന്നു സമുദ്രങ്ങളുടെ സംഗമമാണ് കന്യാകുമാരിയുടെ ചിത്രത്തില്‍ പതിഞ്ഞിരിക്കുന്നത്. 1944ലാണ് അദ്ദേഹം കന്യാകുമാരിയെ ക്യാമറയില്‍ പകര്‍ത്തിയത്. അതായത് സ്വാമി വിവേകാനന്ദന്റേയും തിരുവള്ളുവരുടേയും പ്രതിമകള്‍ സ്ഥാപിക്കുന്നതിന് മുമ്പ്.

യാത്രകളിലെല്ലാം അദ്ദേഹം ഫോട്ടോകളെടുത്തു. ബിരുദത്തിന് പഠിപ്പിച്ച പതിനാല് അധ്യാപകരുടെയും ഫോട്ടോ എടുത്തിരുന്നു. എല്ലാം ഇന്നും സൂക്ഷിക്കുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി രൂപീകരിച്ച ലേബര്‍കോറിന്റെ അറുപതിലധികം അപൂര്‍വഫോട്ടോകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഉത്രാടം തിരുനാള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്കു മാത്രമായി ഒരു ഗാലറി തിരുവനന്തപുരത്ത് രംഗവിലാസം കൊട്ടാരത്തിലുണ്ട്. വത്തിക്കാന്‍ സിറ്റിയുടെയും അല്‍മോറ ക്ഷേത്രത്തിന്റെയും എലിസബത്ത് രാജ്ഞിയുടെയും മൈസൂര്‍ മഹാരാജാവിന്റെയുമെല്ലാം ചിത്രങ്ങള്‍ ശ്രദ്ധേയം.

ഫോട്ടോഗ്രാഫിയില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ ഉത്രാടംതിരുനാളിന് ഒരു മുന്‍ഗാമിയുണ്ട്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് യുവരാജാവായിരുന്ന അശ്വതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്കും ഫോട്ടോഗ്രാഫിയോടു താല്‍പര്യമുണ്ടായിരുന്നു. 1870ല്‍ സ്വാമി വിവേകാനന്ദന്‍ അമെരിക്കന്‍ പര്യടനം കഴിഞ്ഞ് തിരുവിതാംകൂറില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ അശ്വതി തിരുനാള്‍ അദ്ദേഹത്തിന്റെ ഫോട്ടോയെടുത്തിരുന്നു. ആ ചിത്രത്തിന്റെ ഒറിജിനല്‍ പ്രിന്റ് കല്‍ക്കട്ട ബേലൂര്‍ മഠത്തിലുണ്ട്.

Scroll To Top