Tuesday October 16, 2018
Latest Updates

ഫിനാഫാളും ഫിനഗേലും പുതിയ തര്‍ക്കത്തിലേക്ക്, പൊതു തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ഫിനാഫാളിന്റെ നിലപാട് സര്‍ക്കാരിനെ താഴെയിറക്കാന്‍ തന്നെ,എല്ലാം എല്ലാവര്‍ക്കും സൗജന്യമാക്കാനാവില്ലെന്ന് പ്രധാനമന്ത്രി

ഫിനാഫാളും ഫിനഗേലും പുതിയ തര്‍ക്കത്തിലേക്ക്, പൊതു തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ഫിനാഫാളിന്റെ നിലപാട് സര്‍ക്കാരിനെ താഴെയിറക്കാന്‍ തന്നെ,എല്ലാം എല്ലാവര്‍ക്കും സൗജന്യമാക്കാനാവില്ലെന്ന് പ്രധാനമന്ത്രി

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ലിയോ വരദ്കര്‍ സര്‍ക്കാരിന് വീണ്ടും ഭീഷണി ഉയര്‍ത്തി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഫിനഫാളിന്റെ നിലപാടുകള്‍.

ഭവനമേഖലയിലും,കൃഷി,വിദ്യാഭ്യാസമേഖലകളിലും വരദ്കര്‍ സര്‍ക്കാര്‍ പരാജയമാണെന്ന നിലപാട് എടുത്തുകൊണ്ടു കഴിഞ്ഞ ആഴ്ച നടത്തിയ പരസ്യനീക്കങ്ങളാണ് ഭരണകക്ഷിയെ ചൊടിപ്പിക്കുന്നത്.

നൂറുകണക്കിന് സ്‌കൂള്‍ ബില്‍ഡിംഗുകള്‍ പുനര്‍ നിര്‍മ്മാണം നടത്തേണ്ടതുണ്ടെന്നും,ഒഴിവുള്ള അധ്യാപകരുടെ പോസ്റ്റുകളില്‍ ഉടനെ നിയമനം നടത്തണമെന്നുമുള്ള ഫിനഫാളിന്റെ ആവശ്യത്തിന് രാജ്യവ്യാപകമായി പിന്തുണ ലഭിക്കുന്നുണ്ട്.ഇതിനായി 250 മില്യണ്‍ യൂറോ മുടക്കാന്‍ സര്‍ക്കാരിനില്ലെന്നാണ് വരദ്കര്‍ പക്ഷത്തിന്റെ നിലപടില്‍ ഫിനാഫാള്‍ ക്ഷുഭിതരാണ്.

കൃഷിയിലും കാലാവസ്ഥയിലും അവിചാരിതമായുണ്ടായ താളം തെറ്റലില്‍ തീറ്റപ്പുല്ലിന് കടുത്ത ക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.ഇതിന് വേണ്ടി കര്‍ഷകര്‍ക്കായി പ്രത്യേക സുരക്ഷാ പദ്ധതിയും,ബദല്‍ മാര്‍ഗങ്ങളും ഉണ്ടാകണമെന്ന ആവശ്യമുയര്‍ത്തിയ ഫിനാഫാളിന് സര്‍ക്കാര്‍ നല്‍കിയ മറുപടി ഇതിനായും 200 മില്യണ്‍ യൂറോ വേണമെന്നാണ്.

ഭവനമേഖലയിലെ വിതരണത്തിലും ഫിനാഫാളിന് അതൃപ്തിയുണ്ട്.ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അയര്‍ലണ്ടിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് നേരത്തെ തന്നെ മൈക്കിള്‍ മാര്‍ട്ടിന്‍ ആരോപിച്ചിരുന്നു.

സര്‍ക്കാര്‍ നിലപാടുകളെ എതിര്‍ക്കാതെ മുന്നോട്ടു പോയാല്‍ ഫിനാഫാളും പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദിയാവും എന്നതിനാല്‍ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു മുമ്പോട്ട് പോകണമെന്ന് ഫിനഫാള്‍ ടി ഡി മാരും സെനറ്റര്‍മാരും പരസ്യമായി ആവശ്യപ്പെടുന്നത് സര്‍ക്കാരിനെ വെട്ടിലാക്കും.

വേണ്ടി വന്നാല്‍ ഇലക്ഷനെ നേരിടാനുള്ള തയാറെടുപ്പ് നടത്തിയാണ് ഫിനാഫാളിന്റെ തന്ത്രം.

പ്രതിപക്ഷമാണെങ്കിലും,വോട്ടെടുപ്പുകളില്‍ ഫിനാഫാള്‍ വിട്ടു നില്‍ക്കുന്നത് കൊണ്ടാണ് ന്യൂനപക്ഷമായ ഫിനഗേല്‍ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.ഫിനാഫാളും മറ്റു പ്രതിപക്ഷ കക്ഷികളോട് ചേര്‍ന്ന് എതിര്‍ക്കുകയാണെങ്കില്‍ വരദ്കര്‍ സര്‍ക്കാര്‍ ഭരണം അവസാനിപ്പിക്കേണ്ടി വരും.

ഫിനാഫാള്‍ ആവശ്യപ്പെടുന്നത് പോലെ വാരിക്കോരി ചിലവഴിക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നാണ് ഇന്നലെ പ്രധാനമന്ത്രി പരസ്യ നിലപാട് എടുത്തത്.പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത അമര്‍ഷമാണ് ഫിനഫാള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.

Scroll To Top