Thursday January 19, 2017
Latest Updates

പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനിയായ ലിങ്ക്ഡ്ഇന്‍ അന്താരാഷ്ട്ര ആസ്ഥാനം ഡബ്ലിനിലേയ്ക്ക് മാറ്റുന്നു

പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനിയായ ലിങ്ക്ഡ്ഇന്‍ അന്താരാഷ്ട്ര ആസ്ഥാനം ഡബ്ലിനിലേയ്ക്ക് മാറ്റുന്നു

ഡബ്ലിന്‍: പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് സ്ഥാപനമായ ലിങ്ക്ഡ് ഇന്‍ തങ്ങളുടെ
അന്താരാഷ്ട്ര ഹെഡ് ക്വോട്ടേഴ്‌സ് അയര്‍ലണ്ടില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു.
തൊഴില്‍ അന്വേഷകരെയും പ്രൊഫഷണല്‍ യോഗ്യതയുള്ളവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന
ലിങ്ക്ഡ് ഇന്‍ 160,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആസ്ഥാന മന്ദിരമാണ്
അയര്‍ലണ്ടില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 2011 ള്‍ കമ്പനി ഓഹരി വിപണിയില്‍
ലിസ്റ്റ് ചെയ്തതിനു ശേഷം ലിങ്ക്ഡ് ഇന്റെ ഓഹരി മൂല്യം മൂന്നിരട്ടിയായി
വര്‍ധിച്ചിരുന്നു.

കമ്പനിയുടെ സ്വീകാര്യത വര്‍ധിച്ചതോടെ ലോകത്തിന്റെ മുക്കിലും മൂലയിലും
പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ലിങ്ക്ഡ് ഇന്‍ അധികൃതര്‍.
ലിങ്ക്ഡ് ഇന്‍ന് നിലവില്‍ അയര്‍ലണ്ടില്‍ 450 ജീവനക്കാരാണുള്ളത്. വില്ട്ടന്‍
പ്ലെയ്‌സിലാണ് ഇപ്പോഴത്തെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വരുമാനം
വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തന
മേഖല വിപുലീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. കൂടാതെ ഉപഭോക്താക്കള്‍ക്കായി
മൊബൈല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും ഫെയ്‌സ്ബുക്കും മറ്റും ചെയ്യുന്നത് പോലെ
ചെറു കമ്പനികളെ ഏറ്റെടുക്കാനും ലിങ്ക്ഡ് ഇന്‍ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ലിങ്ക്ഡ് ഇന്‍ ഓഹരികളുടെ
വില്‍പ്പന 54 ശതമാനം വര്‍ധിച്ചിരുന്നു. ഇത് കമ്പനിയുടെ വര്‍ധിച്ച
സ്വീകാര്യതയുടെ തെളിവാണെന്നു കമ്പനി വക്താക്കള്‍ പറയുന്നു. ലിങ്ക്ഡ് ഇന്‍
കൂടി അയര്‍ലണ്ടില്‍ ആസ്ഥാന മന്ദിരം സ്ഥാപിക്കുന്നതോടെ ലോകത്തെ പ്രമുഖ
കമ്പനികളുടെ എല്ലാം പ്രവര്‍ത്തന കേന്ദ്രമായി അയര്‍ലണ്ട് മാറുകയാണ്.
ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ക്ക് എല്ലാം അയര്‍ലണ്ടില്‍ ആസ്ഥാന
മന്ദിരമുണ്ട്.

Scroll To Top