Friday February 24, 2017
Latest Updates

പ്രവീണ്‍ ഹാലപ്പനവര്‍ അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് പോയതിന് പിന്നില്‍ ദുരൂഹതകള്‍ ….?

പ്രവീണ്‍ ഹാലപ്പനവര്‍ അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് പോയതിന് പിന്നില്‍ ദുരൂഹതകള്‍ ….?

ഗാല്‍വേ :സവിത ഹാലപ്പനവറുടെ മരണത്തെ തുടര്‍ന്ന് അയര്‍ലണ്ട് സംഘര്‍ഷഭരിതമായ ദിനങ്ങള്‍.അയര്‍ലണ്ടിന്റെ മുഖം ലോകദൃഷ്ട്ടിയില്‍ വികൃതമാക്കപ്പെട്ട സമയം.അയര്‍ലണ്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്വന്തം രാജ്യത്തിന്റെ പേര് കളങ്കിതമാകുന്നത് സഹിക്കാനായില്ല. അവര്‍ പ്രതിഷേധപൂര്‍വ്വം ഗാല്‍വെയിലെ പ്രവീണ്‍ ഹാലപ്പനവര്‍ക്ക് കത്തുകളും ഈ മെയിലുകളും അയച്ചു.രാജ്യം വിട്ടുപോകണമെന്ന താക്കീതായിരുന്നു ചില കത്തുകളില്‍.കളി ഇന്ത്യയില്‍ ചെന്ന് മതിയെന്നും, എത്രയും വേഗം ഇവിടം കാലിയാക്കണമെന്നുമാണ് ചിലര്‍ എഴുതിയത്.പ്രവീണ്‍ തന്നെ സങ്കടപൂര്‍വ്വം ഐറിഷ് മാധ്യമങ്ങളോട് കത്തിലെ ഭീഷണിക്കാര്യം പങ്കു വെച്ചിരുന്നു.

അവസാനം പ്രവീണ്‍ അയര്‍ലണ്ട് വിട്ടിരിക്കുന്നു.ഇപ്പോള്‍ ജോലി സംബന്ധമായി കാലിഫോര്‍ണിയയിലെ ലോസ് ഗറ്റൊസിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രവീണ്‍ ഇന്നലെ അയര്‍ലണ്ട് വിട്ടതെന്നാണ് പൊതുവിചാരം.എന്നാല്‍ അത് മാത്രമായിരുണോ പ്രവീണിന്റെ ‘അമേരിക്കന്‍’ രക്ഷപ്പെടലിനു പിന്നില്‍?യഥാര്‍ഥത്തില്‍ അതൊരു ഒളിച്ചോട്ടമായിരുന്നോ? അധികമാരും അറിയാതെ സൂക്ഷിച്ച് വച്ച രഹസ്യങ്ങളില്‍ നിന്നുമുള്ള ഒരു ഒളിച്ചോട്ടം.

പ്രവീണ്‍ ഹാലപ്പനവര്‍ എന്ന യുവ എഞ്ചിനിയറെ ഗാല്‍വേയിലെ ഇന്ത്യാക്കാര്‍ കണ്ടിരുന്നത് വളരെ മാന്യനായ ഒരു ചെറുപ്പക്കാരനായായിരുന്നു.ഗാല്‍വേയിലെ സാമൂഹ്യ കലാ വേദികളില്‍ തിളങ്ങി നിന്ന് ഭാര്യ സവിതയോടൊപ്പം ചേര്‍ന്ന് നടന്നിരുന്ന കുടുംബസ്‌നേഹി.ഒരു ബ്രേക്ക് കിട്ടിയാല്‍ അവര്‍ രണ്ടു പേരും നാട് ചുറ്റാന്‍ പോകുമായിരുന്നു.യൂറോപ്പിലെ ഒട്ടു മിക്കവാറും രാജ്യങ്ങളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ സഞ്ചരിച്ചു.ഗാല്‍വേക്കാര്‍ ഒട്ടൊക്കെ അസൂയയോടെയാണ് ആ ദമ്പതികളെ കണ്ടിരുന്നത്.അത്രയ്ക്ക് ദൃഡമായിരുന്നു ആ സ്‌നേഹബന്ധം.

പക്ഷെ വിധിയുടെ കരാളഹസ്തം പെട്ടന്നാണ് അവരുടെ മേല്‍ പിടി വീഴ്ത്തിയത്.ജീവിതത്തോടു പൊരുതിനിന്ന ഒരാഴ്ച്ചയ്ക്ക് ശേഷം സന്തോഷത്തിന്റെ ദിനങ്ങള്‍ അവരുടെ ജീവിതത്തില്‍ നിന്നും അവസാനിച്ചു.ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ   ഐ സി യൂ വില്‍ നിന്നും സ്വര്‍ഗത്തിലേയ്ക്ക് പറന്നു പോയപ്പോള്‍ സവിതാ ഹാലപ്പനവര്‍ എന്ന ബല്‍ഗാംകാരി പെണ്‍കുട്ടി ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന് ആരും അറിഞ്ഞില്ല.

മലയാളികള്‍ അടക്കമുള്ള ഗാല്‍വേയിലെ ഇവരുടെ സുഹൃത്തുക്കള്‍ക്ക് സവിതയുടെ മരണത്തെ വെറുമൊരു സാധാരണമരണമായി കാണാന്‍ കഴിഞ്ഞില്ല.അതങ്ങനെ അല്ലായിരുന്നുതാനും. ശവസംസ്‌കാരത്തിന് ഇന്ത്യയിലേക്ക് പോയ പ്രവീണ്‍ തിരികെയെത്തും മുമ്പേ ഗാല്‍വെയിലെ ഇന്ത്യാക്കാരുടെ ശ്രമഫലമായി സവിതയെന്ന സഹോദരിയുടെ മരണത്തെകുറിച്ചുള്ള പ്രാഥമിക അന്വേഷണം പ്രഖ്യാപിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറായി.ഇതേ തുടര്‍ന്ന് കിറ്റി ഹോളണ്ട് എന്ന പത്രപ്രവര്‍ത്തകയിലൂടെ ,അയര്‍ലണ്ടിലെ പ്രൊ ചോയിസ് എന്ന ഗര്‍ഭ ചിദ്രത്തെ അനുകൂലിക്കുന്ന സംഘടനയുടെ പിന്തുണയോടെ സവിതയെ രക്തസാക്ഷി പരിവേഷം അണിയിച്ചു.ലോകം മുഴുവന്‍ അയര്‍ലണ്ടിനെ കുറ്റക്കാരായി കണ്ടു.ഇന്ത്യയില്‍ പോലുംആദ്യത്തെ 20 ആഴ്ച്ചകളെ ,ഗര്‍ഭചിദ്രത്തിന്റെ കാര്യത്തില്‍ നിയമ അനുമതി ഉള്ളുവെന്നിരിക്കെ, അയര്‍ലണ്ടിനെ ‘സംസ്‌കാരഹിതവും ,മതാന്ധത നിറഞ്ഞതുമായ രാജ്യമായി ലോക ദൃഷ്ടിയില്‍ വിലയിരുത്താന്‍ ഈ സംഭവം വഴിയൊരുക്കി.അവസാനം സര്‍ക്കാരിന് ഗര്‍ഭചിദ്രത്തിന് അനുകൂലമായ നിയമം കൂടുതല്‍ ഉദാരമാക്കേണ്ടി വന്നു.

സര്‍ക്കാരിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും കേസ് കൊടുത്ത പ്രവീണ്‍ ,തിരികെ വന്നപ്പോള്‍ മുതല്‍ ഇന്ത്യാക്കാരായ സുഹൃത്തുക്കളോട് പോലും അകലം പാലിച്ചു നിന്നു.ഇണ നഷ്ട്ടപെട്ട ആ മനുഷ്യന്റെ ദുഖത്തില്‍ പങ്കു ചേരാനും ആശ്വാസവാക്കുകള്‍ അര്‍പ്പിക്കാനുമെത്തിയവര്‍ക്കു പോലും പ്രവീണ്‍ മുഖം കൊടുത്തില്ല.

സവിതയുടെ മരണത്തിന് കനത്ത നഷ്ട്ടപരിഹാരം പ്രവീണിന് ലഭിക്കും എന്ന് ഉറപ്പായി കഴിഞ്ഞാണ് ഇന്ത്യന്‍ സമൂഹത്തെ മുഴുവന്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ഗാല്‍വേയിലെ പ്രവീണിന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും അറിഞ്ഞത്.സവിതയുടെ മരണം കഴിഞ്ഞ് നാലുമാസം തികയും മുന്‍പേ പ്രവീണ്‍ വീണ്ടും വിവാഹിതനായി എന്നതായിരുന്നു അത്.തികച്ചും രഹസ്യമായി ബാംഗ്ലൂരില്‍ വെച്ചു നടത്തിയ വിവാഹത്തെ തുടര്‍ന്ന് വധുവിനെയും കൊണ്ടാണ് പ്രവീണ്‍ ഗാല്‍വേയില്‍ തിരികെ എത്തിയത്.ആ ഒരു കാരണം മാത്രമായിരുന്നു ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ പ്രവീണിനെ പ്രേരിപ്പിച്ചത്.

പുതിയ ഭാര്യയെ, കൂടെകൊണ്ട് വന്നപ്പോള്‍ മുതല്‍ ഒന്നിച്ചാണ് താമസിച്ചിരുന്നതെങ്കിലും,അത് തുറന്നു പറയാന്‍ പ്രവീണ്‍ സമ്മതിച്ചിരുന്നില്ല.നാട്ടുകാരി സുഹൃത്താണ് എന്നാണു പറഞ്ഞിരുന്നത്.ആദ്യമൊക്കെ കാറില്‍ യാത്ര ചെയ്യുമ്പോള്‍’സുഹൃത്ത് ‘ പിന്നിലത്തെ സീറ്റിലാണ് ഇരുന്നിരുന്നത്.

സവിതയുടെ മരണത്തിന്റെ കണ്ണീരടങ്ങും മുന്‍പേ പ്രവീണ്‍ കാട്ടിയ സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെ പോലും അകറ്റി കളഞ്ഞു.സന്നിഗ്ധ ഘട്ടത്തില്‍ പ്രവീണിനൊപ്പം നിന്നവര്‍ ഓരോരുത്തരായി അകന്നപ്പോള്‍ ഗാല്‍വേയില്‍ തുടരുന്നത് പന്തിയല്ലെന്നു കണ്ടാണ് പെട്ടന്നൊരു സ്ഥലം മാറ്റം വാങ്ങാന്‍ പ്രവീണിനെ പ്രേരിപ്പിച്ചത്.രണ്ടുപേരും ഇനി അമേരിക്കയില്‍ ഒന്നിച്ചു കഴിയുകയും ചെയ്യും 

ഒരു പുനര്‍വിവാഹത്തെ ആര്‍ക്കും എതിര്‍ക്കേണ്ട കാര്യമൊന്നുമല്ല.പക്ഷെ ഒരു ജനതയുടെ ഓര്‍മ്മകളില്‍ മുഴുവന്‍ കുടിയേറിയ സവിതയുടെ മുഖം മറന്നു കളയാന്‍ ഐറിഷ്‌കാര്‍ക്ക് പോലും പെട്ടന്നൊന്നും കഴിയില്ല.അത് കൊണ്ടാണ് നാലാം മാസത്തിലെ ഈ വിവാഹം വിലയിരുത്തപ്പെടെണ്ടത്.ഇന്നല്ലെങ്കില്‍ നാളെ അയര്‍ലണ്ടിലെ ജനങ്ങള്‍ ഈ കഥയറിയും മുന്‍പേ സ്ഥലം മാറ്റം അദ്ദേഹത്തിനും ഒരാശ്വാസമാവും! എന്തായാലും ദൃഷ്ടിപഥത്തിലെ ചര്‍ച്ചകളില്‍ ഇനി പ്രവീണ്‍ ഹാലപ്പനവര്‍ ഇല്ല. പഴയ ഭാര്യയുടെ ഓര്‍മകളില്‍ വല്ലപ്പോഴും പത്രത്താളുകളില്‍ അദ്ദേഹത്തെ കാണാം.


-റെജി സി ജേക്കബ് 

Scroll To Top