Friday August 18, 2017
Latest Updates

പ്രവാസി വോട്ടവകാശം:തീരുമാനം ഉടന്‍ വേണമെന്ന് സുപ്രീം കോടതി 

പ്രവാസി വോട്ടവകാശം:തീരുമാനം ഉടന്‍ വേണമെന്ന് സുപ്രീം കോടതി 

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തുനിന്ന് വോട്ട് രേഖപ്പെടുത്താനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഏതുവിധമാണ് ഭേദഗതി കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി രണ്ടാഴ്ച സമയം നല്‍കി.

പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നതിന് ചട്ടം മാത്രമല്ല, നിയമംതന്നെ ഭേദഗതി ചെയ്യാന്‍ തീരുമാനമെടുത്തതായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അറിയിച്ചത്. ഇതുസംബന്ധിച്ച് കൂടുതല്‍ നിര്‍ദേശം ബന്ധപ്പെട്ട മന്ത്രാലയത്തില്‍നിന്ന് തേടാനായി കുറച്ചുസമയം വേണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കോടതി രണ്ടാഴ്ച സമയം അനുവദിച്ചത്.

പ്രവാസികളായ വി.പി. ഷംസീറും നാഗേന്ദര്‍ ചിന്ദമുമാണ് പ്രവാസി വോട്ട് സംബന്ധിച്ച് 2013-ല്‍ പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കിയത്. പ്രവാസികള്‍ക്ക് വോട്ടിന് അവസരമൊരുക്കാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നേരത്തേ അന്ത്യശാസനം നല്‍കിയിരുന്നു. നിയമഭേദഗതി വരുത്തുമെന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്യാത്തതില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പ്രവാസികള്‍ക്ക് വോട്ടിന് സൗകര്യമുണ്ടാക്കാമെന്നത് കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും തത്ത്വത്തില്‍ അംഗീകരിച്ചതാണ്. എന്നാല്‍ ഏതുരീതിയില്‍ നടപ്പാക്കണമെന്നകാര്യത്തിലാണ് തീരുമാനമാവാത്തത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്തെ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. സൈനികര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അവസരം നല്‍കുന്നുണ്ട്. എന്നാല്‍ വിദേശത്തുകഴിയുന്ന, ഏറെയും കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനാണ് കേന്ദ്രം മടിക്കുന്നതെന്നും റോത്തഗി ചൂണ്ടിക്കാട്ടി.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ- ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി കഴിഞ്ഞവര്‍ഷം ജൂലായ് എട്ടിന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചതായും സാധ്യതകള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റിയുണ്ടാക്കിയതായും അന്ന് കേന്ദ്രം അറിയിച്ചിരുന്നു.

Scroll To Top