Thursday July 27, 2017
Latest Updates

പ്രവാസികള്‍ വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ പ്രതിഷേധമുയര്‍ത്തി വിദേശ ഇന്ത്യക്കാര്‍ 

പ്രവാസികള്‍ വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ പ്രതിഷേധമുയര്‍ത്തി വിദേശ ഇന്ത്യക്കാര്‍ 

ഡല്‍ഹി : ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടില്ലാത്ത പ്രവാസികള്‍ വിദേശത്തുള്ള അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന ആദായനികുതി വകുപ്പിന്റെ പുതിയ നിര്‍ദേശത്തിനെതിരെ പരക്കെ വിമര്‍ശനമുയരുന്നു.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ സംഘടനകള്‍ ഇത് സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശത്തെ വരുമാനത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കാന്‍ നിലവില്‍ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ വിദേശബാങ്ക് അക്കൗണ്ടുകള്‍ വെളുത്തിപ്പെടുത്തേണ്ട ആവശ്യം എന്തെന്നാണ് പ്രവാസി ഇന്ത്യക്കാര്‍ ഉന്നയിക്കുന്ന സംശയം.

വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ ഏതെങ്കിലും വിധത്തില്‍ വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്.ആ ചട്ടത്തിന്റെ മറവിലാണ് പുതിയ നിര്‍ദേശമായി വിദേശ അക്കൗണ്ടും വെളിപ്പെടുത്തണമെന്നത് പ്രവാസികള്‍ക്ക് ബാധകമാക്കിയിട്ടുള്ളത്.സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും ഐടിആര്‍ 2 ഫോമില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഓണ്‍ലൈനായിത്തന്നെ റിട്ടേണ്‍ സമര്‍പ്പിക്കാം.

നിലവില്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ മാത്രം വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ വെളിപ്പെടുത്തിയാല്‍ മതിയായിരുന്നു.

നിലവിലുള്ള നികുതി നിയമമനുസരിച്ച് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 182 ദിവസത്തിലധികം വിദേശരാജ്യത്ത് ജോലി ചെയ്ത പ്രവാസികള്‍ക്ക് അവിടെ നിന്നുള്ള വരുമാനമോ വിദേശബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങളോ വെളിപ്പെടുത്തേണ്ടതില്ലായിരുന്നു.ഇപ്പോഴും നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ വിദേശബാങ്കിന്റെ വിവരങ്ങള്‍ നിരീക്ഷിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി പരക്കെ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

വിദേശത്തെ ബാങ്കുകളിലുള്ള അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, രാജ്യം, ബാങ്കുകളുടെ ശാഖയുടെ ലൊക്കേഷന്‍ വ്യക്തമാക്കുന്ന സ്വിഫ്റ്റ് കോഡ്, ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയാണ് ടാക്‌സ് റിട്ടേണ്‍ ഫോമില്‍ പുതിയതായി രേഖപ്പെടുത്തേണ്ടത്.

ഓഹരികളില്‍നിന്നുള്ള വരുമാനം,വാടക,സ്ഥിരനിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം,റിയല്‍ എസ്റ്റേറ്റ് വരുമാനം എന്നിവയടക്കമുള്ളവ സംബന്ധിച്ച ടാക്‌സ് റിട്ടേണ്‍ നല്‍കുമ്പോഴാണ് പുതിയ വിവരങ്ങള്‍ ചേര്‍ക്കേണ്ടത്.

ഇന്ത്യയില്‍ ഇവയുടെ കണക്ക് പ്രവാസികള്‍ സമര്‍പ്പിക്കുമ്പോള്‍ വിദേശബാങ്കിന്റെ വിവരങ്ങള്‍ക്കെന്ത് പ്രസക്തിയാണ് ഉള്ളതെന്ന ചോദ്യങ്ങള്‍ പരക്കെ ഉയരുന്നുണ്ട്.

സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന ഇന്ത്യന്‍ കള്ളപ്പണം മറ്റു രാജ്യങ്ങളിലേക്ക് മാറ്റപ്പെടുകയും,അവിടെ നിന്നും നിയമവിധേയമാക്കി ഘട്ടം ഘട്ടമായി ഇന്ത്യയിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്യുന്നുവെന്ന വാദമാണ് ധനകാര്യവൃത്തങ്ങള്‍ ഇതിന് മറുപടിയായി ഉന്നയിക്കുന്നത്.

ജോലിയുടെയും പഠനത്തിന്റെയും പേരില്‍ വിദേശ രാജ്യങ്ങളില്‍ എത്തി അതില്‍ നിന്നുള്ള വരുമാനമാണെന്ന വ്യാജേന ഔദ്യോഗികമായി പണം ഇന്ത്യയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇത്തരം കള്ളപ്പണ ഇടാപാടുകളെ കണ്ടുപിടിയ്ക്കാന്‍ സഹായകമാവുമെങ്കിലും ഓ സി ഐ കാര്‍ഡ് ഉള്ളവര്‍ക്കെല്ലാം ഈ നിയമം ബാധകമായേക്കുമെന്ന പ്രചാരണമാണ് വിദേശ ഇന്ത്യക്കാരെ ആകുലരാക്കിയിരിക്കുന്നത്.

Scroll To Top