Tuesday November 13, 2018
Latest Updates

പ്രളയ സമയത്ത് അയര്‍ലണ്ടിലെ മലയാളി സുമനസുകള്‍ക്ക് ചെയ്യാനുള്ളത്… 

പ്രളയ സമയത്ത് അയര്‍ലണ്ടിലെ മലയാളി സുമനസുകള്‍ക്ക് ചെയ്യാനുള്ളത്… 

കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണ്  അഭിമുഖീകരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാദൗത്യങ്ങള്‍ നടക്കുമ്പോഴും വെള്ളം ഇറങ്ങിയാലേ ദുരന്തത്തിന്റെ തീവ്രത എത്രയെന്ന് നമുക്ക് അറിയാനാവു.

ദുരിത മുഖത്ത് എത്രയും വേഗം സഹായമെത്തിക്കാനുള്ള ഉത്തരവാദിത്വമാണ് പ്രവാസി മലയാളികള്‍ക്ക് ഇപ്പോഴുള്ളത്.

നമ്മുടെ ഉറ്റവരാണ്,നമ്മുടെ ബന്ധുക്കളാണ്,നമ്മുടെ അയല്‍ക്കാരാണ്, ഭക്ഷണമോ, ഉടുതുണിയ്ക്ക് മറുതുണിയോ ഇല്ലാതെ വേദന അനുഭവിക്കുന്നത്.കുടിവെള്ളം പോലും ചിലയിടങ്ങളില്‍ കിട്ടാനില്ലെന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ഇനിയും വെള്ളം ഇറങ്ങിയാലും,മഴ നിന്നാലും, തിരികെ വീടുകളിലേക്ക് ചെന്നാലും എല്ലാം നഷ്ടപെട്ട അവസ്ഥയിലാണ് ജീവിതം അവര്‍ തുടങ്ങേണ്ടത്.

ചില ജില്ലകളില്‍ സ്ഥിതി ആശാവഹമാണെങ്കിലും മലയോരത്തെ ജനതയ്ക്ക് തുണയായി അതാത് ജില്ലകളിലെ സഹായം അവര്‍ക്ക് ലഭിച്ചേക്കാം.എന്നാല്‍ എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പതിനായിരക്കണക്കിന് പേരാണ് അതീവ ദയനീയ സാഹചര്യത്തിലുള്ളത്.

അടുത്ത ദിവസങ്ങളില്‍ അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാരുകളും,ലോകമെമ്പാടുമുള്ള മലയാളി സമൂഹവും ഒന്ന് ചേര്‍ന്ന് നടത്തുന്നുണ്ട്.

പക്ഷേ തകര്‍ന്നു പോയ ഗ്രാമങ്ങളും,കൃഷിയും,വരുമാനമാര്‍ഗങ്ങളും നശിച്ച് സാമ്പത്തികമായി കൊടിയ ദാരിദ്രത്തിലേയ്ക്ക് പോകുന്ന ജനങ്ങളും നമുക്ക് മുമ്പിലുണ്ട്.

അവരെ സഹായിക്കാതിരിക്കാന്‍ നമുക്കാവില്ല.ആ ഉത്തരവാദിത്വം നാം പ്രവാസികളും ഏറ്റെ മതിയാവുകയുള്ളു.

നമ്മുടെ സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി ചിലവഴിക്കപ്പെടും എന്നത് ഏറ്റവും ആധികാരികമായ ഉറപ്പാണ്.കേന്ദ്ര സര്‍ക്കാരിന്റെയും ,അന്താരാഷ്ട്ര ദുരിതാശ്വാസ നിവാരണ ഏജന്‍സികളും സംസ്ഥാന സര്‍ക്കാരിന് തുണയായി എത്തും.അത്തരമൊരു കേന്ദ്രീകൃത സംവിധാനത്തിലേക്ക് നൂറു മനസോടെ വ്യക്തികളും,സംഘടനകളും സംഭാവനകള്‍ നല്‍കാന്‍ മടിക്കേണ്ടതില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി :പക്ഷേ അത് മാത്രം മതിയോ ?

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തി ജോലി ജോലി ചെയ്യുന്ന നിരവധി സഹോദരങ്ങളുണ്ട്. അവരുടെയൊക്കെ പ്രായമായ മാതാപിതാക്കളൂം, സഹോദരങ്ങളും, ഉറ്റവരുമായ നൂറുകണക്കിന് പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുകയാണ്.നാല് ദിവസങ്ങളായി ഉറ്റവരെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിക്കാതെ,ഒരു പരിചയക്കാരനെ പോലും ഫോണില്‍ പോലും ബന്ധപ്പെടാനാവാതെ ഉണ്ണാതെയും ഉറങ്ങാതെയും കാത്തിരിക്കുന്ന ചാലക്കുടി,കാലടി,ചെങ്ങന്നൂര്‍ എന്നി മേഖലകളില്‍ നിന്നുള്ള ചിലരും ഇക്കൂട്ടത്തില്‍ പെടുന്നു.

മാനസികമായി അവര്‍ക്ക് പിന്തുണ കൊടുക്കുന്നതോടൊപ്പം ആവശ്യമെങ്കില്‍ അവരുടെ കുടുംബത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നമുക്ക് സഹായിക്കേണ്ടതുണ്ട്.

നാട്ടില്‍ അവധിയ്ക്ക് പോയി തിരിച്ചെത്താനാവാത്തവര്‍ക്ക് അവധി നീട്ടി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സഹ പ്രവര്‍ത്തകര്‍ അധികാരികളെ ബന്ധപ്പെട്ട് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയെന്ന ഉത്തരവാദിത്വവും ചെയ്യേണ്ടതുണ്ട്.നാട്ടില്‍ പോയി പ്രളയത്തില്‍ പെട്ട് യാത്ര മുടങ്ങിയവരില്‍ പലര്‍ക്കും ഫോണ്‍ വഴി പോലും അധികൃതരുമായി ബന്ധപ്പെടാനാവുന്നില്ല എന്നതും കണക്കിലെടുക്കേണ്ടതുണ്ട്.

വ്യക്തിഗതമായ സംഭാവനകള്‍ സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കുന്നതിനൊപ്പം തന്നെ പ്രാദേശികതലത്തില്‍ സംഘടനകളുടെയോ ഗ്രൂപ്പുകളുടെയോ അടിസ്ഥാനത്തില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും നീണ്ടു നില്‍ക്കുന്ന ദുരിതാശ്വാസ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നാം മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണ് ഉള്ളത്.

ഓരോ കൂട്ടായ്മയും,സംഘടനയും അഥവാ ഗ്രൂപ്പുകള്‍ ഇപ്പോള്‍ തന്നെ ഇതിനുള്ള ദൗത്യം ആരംഭിക്കുന്നത് ഉചിതമാവും.

ഒരു ഗ്രാമം ദത്തെടുക്കാനോ,ഒരു പ്രദേശത്തെ ഏതെങ്കിലും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനോ ഇത്തരം കൂട്ടായ്മകള്‍ മുന്നോട്ടു വരണം.

അത്യാവശ്യ സേവനങ്ങള്‍ ഉന്നയിച്ച് ആയിരക്കണക്കിന് വ്യക്തികളും,നിരവധി ഗ്രാമങ്ങളിലും അടുത്ത ദിവസങ്ങളില്‍ തന്നെ രംഗത്തെത്തുമെന്ന് ഉറപ്പാണ്.എല്ലായിടത്തും സര്‍ക്കാരിന് സഹായം എത്തിക്കാന്‍ സര്‍ക്കാരിന് പരിമിതികള്‍ ഉണ്ടായേക്കാം.

ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചോ,താമസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചോ നിങ്ങള്‍ക്ക് ഏകോപിപ്പിക്കാന്‍ കഴിയുന്ന ഇത്തരം കൂട്ടായ്മകളുടെ രുപീകരണത്തിന് ഐറിഷ് സര്‍ക്കാരിന്റെ നിയമപരമായ അംഗീകാരം നേടാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ സഹായിക്കാമെന്ന് അയര്‍ലണ്ടിലെ നിയമവിദഗ്ദര്‍ അറിയിച്ചിട്ടുണ്ട്.ആവശ്യമെങ്കില്‍ ഭാവിയില്‍ അയര്‍ലണ്ടിലെ മലയാളികളുടെയും,ഇന്ത്യന്‍ വംശജരുടെയും സര്‍വ്വോന്മുഖ ക്ഷേമത്തിനായി ഇത്തരം പ്രാദേശിക സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കുകയുമാവാം.

സമയം അതിക്രമിച്ചു പോകാതെ, ഒരു ദിവസത്തെയെങ്കിലും വേതനം മാറ്റി വെച്ചും,പ്രാദേശിക അടിസ്ഥാനത്തില്‍ തദ്ദേശീയരെയും സഹപ്രവര്‍ത്തകരെയും ക്ഷണിച്ചു കൊണ്ട് ഫണ്ട് റൈസിംഗ് ഇവന്റുകള്‍ സംഘടിപ്പിക്കാനും നമുക്ക് മുന്നോട്ടു വരാം.

കേരളത്തിലെ നമ്മുടെ സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ മറ്റാരേക്കാളും അധികം നമുക്കാവണം. എല്ലാ പ്രദേശങ്ങളിലും അതിനുള്ള അവസരം ഒരുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ‘ഐറിഷ് മലയാളി ന്യൂസ് സര്‍വീസിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

പൊരുതാം ,അതീജീവനത്തിനായി പൊരുതുന്ന നമ്മുടെ ജനതയ്ക്കൊപ്പം.

എഡിറ്റര്‍ 
ഐറിഷ് മലയാളി ന്യൂസ് 

Scroll To Top