Monday October 22, 2018
Latest Updates

പ്രതീക്ഷ കൈവിടാതെ നോ പക്ഷക്കാര്‍,വോട്ടെടുപ്പിലെ ആരും അറിയാത്ത ക്രമക്കേടുകള്‍ യെസ് പക്ഷത്തിന് ‘ഈസി വാക്കോവര്‍’ നല്‍കിയേക്കാം

പ്രതീക്ഷ കൈവിടാതെ നോ പക്ഷക്കാര്‍,വോട്ടെടുപ്പിലെ ആരും അറിയാത്ത ക്രമക്കേടുകള്‍ യെസ് പക്ഷത്തിന് ‘ഈസി വാക്കോവര്‍’ നല്‍കിയേക്കാം

ഡബ്ലിന്‍: അയര്‍ലണ്ടിലെ അബോര്‍ഷന്‍ റഫറണ്ടത്തില്‍ ആരാണ് ജയിക്കാന്‍ പോകുന്നത്? 70 ശതമാനം ഭൂരിപക്ഷത്തോടെ യെസ് പക്ഷം ജയിക്കുമെന്ന് ദേശീയ ടെലിവിഷന്‍ ചാനല്‍ പ്രവചിച്ചത് അപ്പാടെ വിശ്വസിക്കാന്‍ നോ പക്ഷക്കാര്‍ തയാറായിട്ടില്ല.ഇന്ന് രാവിലെ പത്തു മണി വരെ കാത്തിരിക്കാനാണ് അവരുടെ തീരുമാനം.

എന്നാല്‍ സാഹചര്യങ്ങള്‍ യെസ് പക്ഷത്തിന്റെ വിജയത്തിലേക്ക് തന്നെയാണ് നീങ്ങുന്നത്.സര്‍ക്കാര്‍ പക്ഷത്തെ തോല്‍പിക്കാന്‍ ആദ്യഘട്ടം മുതല്‍ സര്‍വശക്തിയോടും കൂടി രംഗത്തുണ്ടായിരുന്ന നോ പക്ഷത്തിന് പക്ഷെ അന്തിമ ഘട്ടത്തില്‍ പിഴച്ചു പോയി.പോളിങ് ബൂത്തുകളില്‍ നില്‍ക്കാനുള്ള ഏജന്റമാര്‍ മാത്രമല്ല,ഇന്ന് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ പോലും അവര്‍ക്കിനിയും തികഞ്ഞിട്ടില്ല.കഴിഞ്ഞ ദിവസങ്ങളിലെല്ലാം നോ വോട്ടിന് വേണ്ടി കൗണ്ടിങ് ഏജന്റുമാരെ തേടി വാട്ട്‌സ് ആപ്പ് മെസേജുകള്‍ പ്രൊ ലൈഫ് ഗ്രൂപ്പുകള്‍ ഒട്ടേറെ മലയാളികള്‍ക്കു പോലും അയച്ചിരുന്നു.എന്നിട്ടും വേണ്ടത്രയാളുകളെ അവര്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

എന്നാല്‍ യെസ് പക്ഷക്കാരാവട്ടെ പ്രചാരണം നടത്തി ജാഗ്രത കാട്ടിയില്ലെങ്കിലും പോളിങ്,കൗണ്ടിംഗ് ഏജന്റുമാരെ കൃത്യമായി നിയോഗിക്കാന്‍ പൂര്‍ണ്ണ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ആജ്ഞാനുവര്‍ത്തികളായ പോളിങ് ഉദ്യോഗസ്ഥന്മാരുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ ആര്‍ക്കും ജയിക്കാനാവുന്ന സാഹചര്യമാണ് അയര്‍ലണ്ടിലെ ഇലക്ഷന്‍ വേദികളിലുള്ളത്.പൊതു തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയക്കാരുടെ സാന്നിധ്യവും,പരസ്പര വൈരവും ഇത്തരത്തിലുള്ള കളികള്‍ക്ക് അവധി കൊടുക്കുമെങ്കിലും,റഫറണ്ടങ്ങളില്‍ സര്‍ക്കാര്‍ പക്ഷത്തിന് ജയിക്കാനുള്ള സാധ്യതകള്‍ തുറക്കാനുള്ള അവസരമുണ്ട്.

എക്‌സിറ്റ് പോളുകള്‍ നടത്തിയ ഏജന്‍സികളില്‍ ഒന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ടിഇ യാണ്.മറ്റൊന്ന് ഗര്‍ഭച്ഛിദ്ര വാദികളുടെ ജിഹ്വയെന്ന് അറിയപ്പെടുന്ന ഐറിഷ് ടൈംസ്.ഇന്നലെ പത്തു മണിയോടെ പുറത്തു വന്ന രണ്ടു എക്‌സിറ്റ് പോളുകളിലും 70 ശതമാനത്തോളം പിന്തുണ യെസ് പക്ഷത്തിനാണ്.ഇത്തരം സര്‍വേകളില്‍ വിശ്വസിച്ച് ”തോല്‍വിയില്‍ നാണം കെടാന്‍’ മനസ്സ് വരാതെ നോ പക്ഷക്കാരുടെ സജീവ പ്രവര്‍ത്തകര്‍ പോലും ഇന്ന് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ പോകാതെ വിട്ടു നില്‍ക്കുകയും ഏകപക്ഷീയ വിജയമൊരുക്കാന്‍ യെസ് പക്ഷക്കാര്‍ക്ക് അവസരം ഒരുങ്ങുകയും ചെയ്‌തേക്കാം.

ഒരു രാജ്യത്തിന്റെ ജനാധിപത്യ സംവീധാനത്തില്‍ പരമ പ്രധാനമായത് വോട്ടെടുപ്പിലെ സുതാര്യതയും വിശ്വസ്തതയുമാണ്. അയര്‍ലണ്ടിലെ റഫറണ്ടത്തില്‍ വോട്ടു ചെയ്യേണ്ടത് ഐറിഷ് പൗരന്മാരാണ്.എന്നാല്‍ പൗരത്വം ലഭിക്കാത്തവരായ ആയിരക്കണക്കിന് പേരാണ് വോട്ടര്‍ പട്ടികയില്‍ കയറിക്കൂടുന്നതെന്ന് നിസ്തര്‍ക്കമാണ്.ഇന്നലെയും ആയിരക്കണക്കിന് വോട്ടര്‍മാര്‍ ഇങ്ങനെ വോട്ടു ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ അയയ്ക്കുന്ന പോളിങ് കാര്‍ഡുകളുമായി വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തുമ്പോള്‍ മറ്റൊരു തിരിച്ചറിയല്‍ രേഖയും ഹാജരാക്കേണ്ടതില്ല.അതിനാല്‍ തന്നെ ഗൂഡാലോചന നടത്തുന്നവര്‍ക്ക് വന്‍ തോതില്‍ പോളിങ് കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഏതൊരു റഫറണ്ടവും അട്ടിമറിയ്ക്കാനുളള സാധ്യത അയര്‍ലണ്ടിലുണ്ട്.

മാത്രമല്ല,ഒരാള്‍ക്ക് വ്യത്യസ്ഥ പോളിങ് കാര്‍ഡുമായി നിരവധി പോളിങ് സ്റ്റേഷനുകളില്‍ കയറിപ്പോയി എത്ര വോട്ടുകള്‍ ചെയ്താലും,അതിനെതിരെ ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പാണ്.ഡബ്ലിനിലെ തൊട്ടടുത്തുള്ള ആയിരക്കണക്കിന് പോളിങ് സ്റ്റേഷനുകളില്‍ അയ്യായിരം പേരെങ്കിലുമുള്ള ഒരു ‘കൂലിപട’യുണ്ടെകില്‍ ആര്‍ക്കും റഫറണ്ടങ്ങള്‍ ജയിക്കാവുന്നതെയുള്ളൂ എന്ന് ചുരുക്കം!

ഇന്നലെയും മിക്ക പോളിങ് സ്റ്റേഷനുകള്‍ക്ക് പരിസരത്തും ഇത്തരം കൂലിക്കാരെ കാണാമായിരുന്നു.ആയിരക്കണക്കിന് പ്രൊ ചോയിസ് പ്രവര്‍ത്തകരാണ് റഫറണ്ടം പ്രമാണിച്ച് അയര്‍ലണ്ടില്‍ ടൂറിസ്റ്റുകളായി എത്തിയത് എന്നും ഓര്‍ക്കുക.

ഭവനമേഖലയില്‍ എന്നത് പോലെ സര്‍ക്കാറിന്റെയും ,മാധ്യമങ്ങളുടെയും പണമിറക്കി കളിക്കുന്ന അബോര്‍ഷന്‍ ഇന്‍ഡസ്ട്രിക്കാരുടെയും സിന്‍ഡിക്കേറ്റ് ജയിച്ചില്ലെങ്കിലേ അതിശയമുള്ളൂ.അത് ജനഹിതമൊന്നും ആയിരിക്കില്ലെന്ന് മാത്രം.

ഇനി ഇതിനെയെല്ലാം അതി ജീവിച്ചു പരിമിതമായ കൗണ്ടിംഗ് ഏജന്റുമാരുടെ ജാഗ്രതയില്‍,എക്‌സിറ്റ് പോളുകളെ തകര്‍ത്ത് നോ വോട്ടുകാര്‍ ജയിച്ചെങ്കില്‍ അതിനെ ദൈവഹിതമെന്നെ വിളിക്കാനാവു.അത്തരമൊരു നിര്‍വചനം മാത്രമേ അതിന് നല്കാനാവുകയുള്ളു എന്നതാണ് യാഥാര്‍ഥ്യം .

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top