Friday January 19, 2018
Latest Updates

പ്രതീക്ഷിച്ചതിലും അധികം സാമ്പത്തിക വളര്‍ച്ച നേടി അയര്‍ലണ്ട് കുതിയ്ക്കുന്നു,കണക്കിലെ കളികളെന്ന ആരോപണവുമായി വിദഗ്ദര്‍ 

പ്രതീക്ഷിച്ചതിലും അധികം സാമ്പത്തിക വളര്‍ച്ച നേടി അയര്‍ലണ്ട് കുതിയ്ക്കുന്നു,കണക്കിലെ കളികളെന്ന ആരോപണവുമായി വിദഗ്ദര്‍ 

ഡബ്ലിന്‍ :ഐറിഷ് സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം ക്വാര്‍ട്ടറില്‍ 10.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍.വ്യക്തിഗത ഉപഭോഗത്തിലും കയറ്റുമതിയിലും കൂടുതല്‍ വളര്‍ച്ച കൈവരിച്ചതിന് തൊട്ടുപിന്നാലെയാണ് മൂന്നാം ത്രൈമാസത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) 4.2 ശതമാനം ഉയര്‍ന്നത്. യൂറോ മേഖലയിലെ വളര്‍ച്ചാ നിരക്കിന്റെ എട്ടു മടങ്ങ് ആണ് ഇത്.

ബഹുരാഷ്ട്ര ലാഭവിഹിതത്തിനനുസൃതമായി ആഭ്യന്തര ദേശീയോല്‍പ്പാദനത്തില്‍ (ജി.എന്‍.പി), ഈ ത്രൈമാസത്തില്‍ 11.9 ശതമാനം വര്‍ദ്ധനയുണ്ടായി.

ജിഡിപി വളര്‍ച്ചയില്‍ ഉത്പാദന മേഖലയും വാര്‍ത്താവിനിമയ മേഖലയും ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.ഉല്‍പ്പാദനമേഖല 5.1 ശതമാനവും വാര്‍ത്താവിനിമയ മേഖല 5.8 ശതമാനവും വളര്‍ച്ച കൈവരിച്ചു.ആഭ്യന്തര ആവശ്യകതയുടെ ഒരു പ്രധാന ഘടകമായ വ്യക്തിഗത ഉപഭോഗം, ത്രൈമാസത്തില്‍ 1.9 ശതമാനം ഉയര്‍ന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി 4.4 ശതമാനം വര്‍ധിച്ചു.

സേവന ഇറക്കുമതിയില്‍ ഉണ്ടായ കുറവ് (9.7 ശതമാനം) മൂലം റോയല്‍റ്റി ഇറക്കുമതിയില്‍ കുറവുണ്ടായി. അതേസമയം റോയല്‍റ്റി കയറ്റുമതിയില്‍ ഇരട്ടി വര്‍ധനവുണ്ടായി. ഇവിടെയുള്ള ബൗദ്ധിക സ്വത്തവകാശ ഉത്പന്നങ്ങളുടെ വര്‍ദ്ധനയുടെ നിലവാരവുമായി ബന്ധപ്പെട്ടതാണ് ഈ വര്‍ധനവെന്ന് സിഎസ്ഒ പറയുന്നു.ലോകത്തിലെ മറ്റു രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ അയര്‍ലണ്ടിന്റെ സാമ്പത്തിക വരവില്‍ 14.5 ബില്യണ്‍ യൂറോ മിച്ചമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആദ്യ പാദത്തില്‍ 3.4 ശതമാനമായിരുന്ന ജി ഡിപി വളര്‍ച്ച രണ്ടാം പാദത്തില്‍ 2.7 ശതമാനമായും
മൂന്നാം ത്രൈമാസത്തില്‍ 4.2 ശതമാനവുമായാണ് ഉയര്‍ന്നത്.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം പൂര്‍ത്തിയാകുമ്പോഴേക്കും 2017ല്‍ ആഭ്യന്തര മൊത്ത ഉല്‍പ്പാദനം 6.5 ശതമാനമായിരിക്കുമെന്നാണ് കരുതുന്നതെന്ന് കെബിസി ബാങ്ക് പറഞ്ഞു.ധനകാര്യ വകുപ്പിന്റെ വളര്‍ച്ച പ്രതീക്ഷയായ 5.1 ശതമാനത്തെക്കാള്‍ മുന്നിലായിരിക്കും അതെന്നും ബാങ്ക് വിലയിരുത്തുന്നു.അതേസമയം,, ഈ കണക്കുകള്‍ പൊലിപ്പിച്ചുണ്ടാക്കുന്നതാണോയെന്ന ആശങ്കയും വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നു.
‘അയര്‍ലണ്ടിനുള്ള ദേശീയ അക്കൗണ്ടുകള്‍ അതിന്റെ പ്രവചനാതീതമായ സവിശേഷതയാല്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്,’ ഗുഡ്ബോഡി അനലിസ്റ്റ് ഡര്‍മോട്ട് ഓ’ലീയര്‍ പറഞ്ഞു.

അയര്‍ലണ്ടിലെ വലിയ ബഹുരാഷ്ട്ര കുത്തകകളുടെ സാന്നിധ്യം മൂലമുണ്ടാകുന്ന ബൗദ്ധിക സ്വത്തവകാശം, കയറ്റുമതി-ഇറക്കുമതി, റോയല്‍റ്റി, കരാര്‍ നിര്‍മ്മാണം എന്നീ പ്രശ്നങ്ങളാണ് ഈ പ്രത്യേകതകള്‍ക്ക് കാരണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.ആപ്പിള്‍,ഫേസ് ബുക്ക്,ഗൂഗിള്‍ എന്നിവ അടക്കമുള്ള കമ്പനികള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും നേടുന്ന വരുമാനത്തിന് അയര്‍ലണ്ടില്‍ നാമമാത്രമായ തോതിലെങ്കിലും നികുതി ലഭിക്കുന്നുണ്ട്.എന്നാല്‍ പ്രധാനകമ്പനികളുടെയെല്ലാം നികുതി വെട്ടിപ്പിനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നു എന്ന പഴിയും രാജ്യത്തിന് കേള്‍ക്കേണ്ടി വന്നു.

‘ഇന്നത്തെ ഡാറ്റയുടെ ഒരു സവിശേഷതകളില്‍ നിന്ന് അടിസ്ഥാനപരമായ പ്രവണതകളെ തിരിച്ചറിയുന്നത് വളരെ പ്രയാസമാണ്. വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 10.5 ശതമാനം എന്ന കണക്ക് അയര്‍ലണ്ടിലെ വളര്‍ച്ചയുടെ യഥാര്‍ഥ സ്ഥിതിയല്ല’ അദ്ദേഹം പറയുന്നു.

ബഹുരാഷ്ട്ര കമ്പനികളും മറ്റും എയര്‍ക്രാഫ്ട് മേഖലയുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ ബൗദ്ധികസ്വത്തുക്കള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്.ഈ കണക്കുകള്‍ മൂന്നാം പാദത്തില്‍നിന്നും വിട്ടുപോയിട്ടുണ്ടാകാമെന്നു സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസും(സിഎസ്ഒ) പറയുന്നു.

ദേശീയ വരുമാനത്തിന്റെ അളവുകോലായി ആഭ്യന്തര ദേശീയ വരുമാനമെന്ന (ജിഎന്‍ഐ) പുതിയൊരു പദ്ധതി പുറത്തിറക്കിയിട്ടുണ്ട്.ബഹുരാഷ്ട്ര കുത്തകകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അത് നീക്കം ചെയ്യുമെന്നാണ് കരുതുന്നതെന്നും സിഎസ്ഒ റിപ്പോര്‍ട്ട് പ്രത്യാശിക്കുന്നു

Scroll To Top