Wednesday April 26, 2017
Latest Updates

പ്രതീക്ഷയോടെ ഇന്ത്യ ,ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ഇന്ന്

പ്രതീക്ഷയോടെ ഇന്ത്യ ,ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ഇന്ന്

മിര്‍പുര്‍: അതിവേഗ ക്രിക്കറ്റിന്റെ ലോക കിരീടം സ്വന്തമാക്കാന്‍ ഇന്ത്യയും ശ്രീലങ്കയും ഇന്ന് നേര്‍ക്കുനേര്‍. മഹേന്ദ്ര സിംഗ് ധോണിയാണ് കിരീടം ഉയര്‍ത്തുന്നതെങ്കില്‍ അത് പുതിയ ക്രിക്കറ്റ് ചരിത്രമാകും. ഐ സി സിയുടെ മൂന്ന് പ്രധാന കിരീടങ്ങളും ഒന്നിന് പിറകെ ഒന്നായി നേടിയ ആദ്യ ടീമാകും ഇന്ത്യ.
2011 ല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യ കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയിലും മുത്തമിട്ടിരുന്നു. 2014 ല്‍ ആദ്യ ഫൈനല്‍ കളിക്കുന്ന ഇന്ത്യ കിരീട വിജയം കൂടി നുകര്‍ന്നാല്‍ ക്യാപ്റ്റന്‍ ധോണിയും അപൂര്‍വ സൗഭാഗ്യവാനാകുംമൂന്ന് ലോകകിരീടങ്ങള്‍ ഉയര്‍ത്തിയ ആദ്യ ക്യാപ്റ്റന്‍.2007 ല്‍ പ്രഥമ ടി20 ലോകകപ്പില്‍ മുത്തമിട്ടാണ് ധോണിപ്പട ക്രിക്കറ്റ് ലോകം അടക്കിവാഴാന്‍ ആരംഭിച്ചത്.

ഐ പി എല്‍ വാതുവെപ്പ് വിവാദ പശ്ചാത്തലത്തില്‍ ഏറെ പരിഹാസ്യമായി നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിന് ലോകകിരീടം പുതിയൊരു ഉയിര്‍പ്പായേക്കാം. എല്ലാ കളിയും ജയിച്ച് ഫൈനലിലെത്തിയ ഇന്ത്യക്ക് വലിയ സാധ്യത കല്പിക്കപ്പെടുന്നു. ഇതേ മണ്ണില്‍ ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായതാണ് ശ്രീലങ്കയുടെ ആത്മവിശ്വാസം. മാത്രമല്ല, നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിന്റെ പടയോട്ടം സെമിയില്‍ അവസാനിപ്പിച്ചതും ലങ്കക്ക് ആത്മബലമേകുന്നു.
വെറ്ററന്‍ താരങ്ങളായ കുമാര സങ്കക്കാര, മഹേല ജയവര്‍ധനെ എന്നിവരുടെ അവസാന ടി20 മത്സരം കൂടിയാണ് ഇന്നത്തേത്. മികച്ചൊരു പ്രകടനത്തോടെ അവരും, കിരീട വിജയം സമ്മാനിച്ച് സഹതാരങ്ങളും വിടപറല്‍ ഉജ്വലമാക്കാന്‍ പരിശ്രമിക്കും.

തുടരെ നാല് ലോകകപ്പ് ഫൈനലുകളില്‍ പരാജയപ്പെട്ടത് കരിയറിലെ വലിയ വേദനയായി സങ്കക്കാര അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഞ്ചാം അവസരമാണിത്. അവസാന ഊഴം. സങ്കക്കാരയും ജയവര്‍ധനെയും കൊടുങ്കാറ്റാകുമോ ? അതേ സമയം, ലോകകപ്പ് ഫൈനലുകളില്‍ തുടരെ പരാജയപ്പെട്ട ചരിത്രം ലങ്കയെ വേട്ടയാടുന്നുണ്ട്. 2007 ഏകദിന ലോകകപ്പ് ഫൈനലില്‍ ആസ്‌ത്രേലിയക്ക് മുന്നില്‍ പതറിയ ശ്രീലങ്ക 2011 ല്‍ ഇന്ത്യക്ക് കിരീടം അടിയറ വെച്ചു. ടി20 ലോകകപ്പിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2009 ലോകകപ്പ് ഫൈനലില്‍ കലമുടച്ചവര്‍ 2012 ലും കലാശപ്പോരില്‍ ലോകകിരീടം കൈവിട്ടു.
ഫോം നഷ്ടമായ ദിനേശ് ചാണ്ടിമാല്‍ ഫൈനലിലും കളിച്ചേക്കില്ല. ഇതേത്തുടര്‍ന്ന് ലസിത് മലിംഗ് തന്നെ ടീമിനെ നയിക്കും. വെസ്റ്റിന്‍ഡീസിനെതിരെ ഓപണര്‍മാരെ ക്ലീന്‍ ബൗള്‍ഡാക്കി മലിംഗ ലങ്കയെ മുന്നില്‍ നിന്ന് നയിച്ചിരുന്നു. ഇന്ത്യയുടെ ലീഡിംഗ് ഫാക്ടര്‍ വിരാട് കോഹ്‌ലിയാണ്.
ഏത് മുനയുള്ള ബൗളിംഗ് നിരയെയും തച്ചുതകര്‍ക്കുന്ന കോഹ്‌ലി സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ അനുസ്മരിപ്പിക്കും വിധമാണ് രാജ്യാന്തര ക്രിക്കറ്റില്‍ റണ്ണൊഴുക്കുന്നത്.

മലിംഗയും കോഹ്‌ലിയും തമ്മിലുള്ള പോരാട്ടമായി ഫൈനല്‍ മാറിയേക്കാം. മാനസിക മുന്‍തൂക്കം നേടാനുള്ള വാക്‌യുദ്ധത്തില്‍ മലിംഗ സ്‌കോര്‍ ചെയ്തു നില്‍ക്കുകയാണ്. വിരാട് കോഹ്‌ലി അസാധ്യ ബാറ്റ്‌സ്മാനാണ്. പക്ഷേ, ഇത്തരം മികച്ച ബാറ്റ്‌സ്മാന്‍മാരെയൊക്കെ വീഴ്ത്താന്‍ നല്ലൊരു പന്ത് മതി. ഫൈനലില്‍ തന്റെ ടീമിലുള്ള ഏതെങ്കിലുമൊരു ബൗളര്‍ ആ പന്തെറിയും – ആത്മവിശ്വാസത്തോടെ മലിംഗ പറയുന്നു. ഇന്ത്യക്ക് ഏഴ് മികച്ച ബാറ്റ്‌സ്മാന്‍മാരുണ്ട്.

ഇരുപതോവറും കളിക്കേണ്ടി വരും എന്ന തിരിച്ചറിവിലാണ് ടീം ഒരുങ്ങുന്നത്. ഇരുപത് ഓവറും ഒന്നിനൊന്ന് മെച്ചപ്പെട്ടതാക്കാന്‍ പരിശ്രമിക്കും. മത്സരം നിയന്ത്രണത്തിലാക്കാനുള്ള കഠിനയത്‌നം ലങ്കയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മലിംഗ.

സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 44 പന്തില്‍ 72 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 242 റണ്‍സടിച്ച് ടോപ് സ്‌കോറര്‍ ആണ് കോഹ്‌ലി.ആസ്‌ത്രേലിയക്കെതിരെ ഫോം കണ്ടെത്തിയ യുവരാജ് സിംഗിന് ഇന്ന് 43 റണ്‍സടിക്കാന്‍ സാധിച്ചാല്‍ ടി20യില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന പതിനേഴാമത്തെ താരമാകാം കോഹ്‌ലി.

Scroll To Top