Thursday September 21, 2017
Latest Updates

പ്രതിസന്ധി സമയത്ത് വാടക വീടുകള്‍ പ്രശ്‌നമാവുമ്പോള്‍ (വീട് വേണോ വീട്..ഭാഗം 4 )

പ്രതിസന്ധി സമയത്ത് വാടക വീടുകള്‍ പ്രശ്‌നമാവുമ്പോള്‍ (വീട് വേണോ വീട്..ഭാഗം 4 )

‘ഞങ്ങള്‍ വീടിന് അഡ്വാന്‍സ് കൊടുക്കാന്‍ ഒരുങ്ങിയിരുന്നതാണ് ,നിങ്ങള്‍ പരമ്പര തുടങ്ങി, വീട് ഇപ്പോള്‍ വാങ്ങേണ്ട എന്ന് എഴുതിയതിനാല്‍ എന്റെ ഭര്‍ത്താവ് ഇപ്പോള്‍ അതും പറഞ്ഞു നടക്കുകാ ..ഇങ്ങനെ ചതിക്കണ്ടായിരുന്നു സാറേ..’വീട് വേണോ വീട് എന്ന പരമ്പര തുടങ്ങിയതിന് ശേഷം ലേഖകന് നിരവധി ഫോണ്‍ കോളുകളില്‍ ഒന്നാണ്.

ഡബ്ലിനിലെ ഒരു കുടുംബനാഥയുടെതാണ് പരാതി.2003 ല്‍ അയര്‍ലണ്ടില്‍ വന്നതാണ്.അന്ന് ശരാശരി 2.5 ലക്ഷം യൂറോയ്ക്ക് ഡബ്ലിന്‍ മാര്‍ക്കറ്റില്‍ നല്ല വീടുകളുണ്ടായിരുന്നു.അയര്‍ലണ്ടിനെ കുറിച്ച് നല്ലത് പോലെ ഒന്ന് പഠിച്ചിട്ടു വീടുവാങ്ങാമെന്ന് കരുതി ഇരുന്നപ്പോഴെയ്ക്ക് വില കൂടാന്‍ തുടങ്ങി.2006ല്‍ വില പരമകോടിയില്‍ എത്തി.2003 ല്‍ കൊടുത്തിരുന്ന വാടകയ്ക്ക് പകരം 300യൂറോയോളം കൂടുതല്‍ 2006ല്‍ കൊടുക്കേണ്ടിവന്നു.വീണ്ടും വീട് വാങ്ങാനൊരുങ്ങിയപ്പോഴെയ്ക്കും റിസഷന്‍ വന്നു.എങ്ങനെയെങ്കിലും ആസ്‌ട്രേലിയയ്‌ക്കോ ,കാനഡയ്‌ക്കോ ,അല്ലെങ്കില്‍ നാട്ടിലെയ്‌ക്കോ തന്നെ തിരിച്ചുപോയാലോ എന്നായി.ശമ്പളവും കുറഞ്ഞു.

അയര്‍ലണ്ട് വിട്ടു പോകേണ്ടെന്ന മക്കളുടെ നിര്‍ബന്ധം കൂടിയപ്പോള്‍ ഇവിടെ തന്നെ തുടര്‍ന്നേക്കാം എന്ന് കരുതി.അങ്ങനെ ഡിപ്പോസിറ്റ് മണിയ്ക്കായി പണം ശേഖരിക്കാന്‍ തുടങ്ങി.ബാങ്ക് ചെയ്യുന്നത് കൂട്ടി.ഏകദേശം 20000 യൂറോ വീട് വാങ്ങാനായി സ്വരൂക്കൂട്ടി.ഈ സമ്മറിനു മുന്‍പേ വീടുവാങ്ങാനിരുന്നതാണ്.വീട് വില പരമാവധി കുറയുന്നതും നോക്കിയിരുന്നപ്പോഴാണ് ഇപ്പോഴിതാ ഇടിത്തീ പോലെ വില കൂടി തുടങ്ങിയത്.

എങ്കിലും ഭര്‍ത്താവിനെ പറഞ്ഞു സമ്മതിപ്പിച്ചു വീട് നോട്ടം തുടങ്ങിയപ്പോഴാണ് നിങ്ങടെ ഒരു പരമ്പര !.’അങ്ങേരു പറയുന്നത് ഇപ്പോള്‍ എന്തായാലും വീട് വാങ്ങുന്നില്ലെന്നാണ്.നിങ്ങള്‍ ഞങ്ങളെ ആകെ ആശയക്കുഴപ്പത്തിലാക്കി.’

ഐറിഷ് ഭവനമേഖലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി താല്ക്കാലികമായ ഒന്നാണ് എന്ന് ഉറപ്പുള്ളതിനാലാണ് ലേഖകന്‍ വിദഗ്ദരുടെ സഹായത്തോടെ അത്തരമൊരു അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത്.2003 ല്‍ ഉണ്ടായിരുന്ന ഭവനവില പെര്‍മനന്റ് ടി എസ്ബി യുടെ കണക്കുകള്‍ പ്രകാരം 2006 ആയപ്പോഴേയ്ക്കും 311,078 ആയി വര്‍ദ്ധിച്ചിരുന്നു.2010 ല്‍ ഇതേ സ്വഭാവമുള്ള ഡബ്ലിനിലെ പ്രോപ്പാര്‍ട്ടിയുടെ വില 191,776 യൂറോയായി താഴ്ന്നു.38%കുറവ് !.തുടര്‍ന്ന് മൂന്ന് വര്‍ഷക്കാലം ക്രമാനുഗതമായ കുറവ് ഭവന വിപണിയില്‍ ഉണ്ടായിക്കൊണ്ടിരുന്നു.ഈ കാലയളവില്‍ (കൂടിയ പലിശ നല്‍കിയിട്ടാണെങ്കിലും) വീട് വാങ്ങിച്ചവരെ ഭാഗ്യവാന്‍മാരെന്ന് വിളിയ്ക്കാം.

അയര്‍ലണ്ടില്‍ ഉള്ളത് ഒരു ഫ്‌ലോട്ടിംഗ് മലയാളി കൂട്ടം ആണെന്ന് പറയാറുണ്ട്.താല്ക്കാലിക ഇടമായി മാത്രം രാജ്യത്തെ സ്വീകരിച്ചവരില്‍ മിക്കവരും ഇവിടെനിന്നും പോയിക്കഴിഞ്ഞു.ആസ്‌ട്രേലിയയ്ക്ക് പോയവരില്‍ ബഹുഭൂരിപക്ഷവും ഈ യൂറോപ്പ്യന്‍ രാഷ്ട്രത്തിന്റെ പൌരത്വം സ്വീകരിച്ചശേഷമാണ് രാജ്യം വിട്ടത്.ഇനി പോകാനിരിക്കുന്നവരും ഐറിഷ് പൗരത്വം നിലനിര്‍ത്താന്‍ ഉള്ളിന്റെയുള്ളില്‍ തീരുമാനിച്ചിട്ടുള്ളവരാണെങ്കില്‍ അതിന്റെ കാരണം മറ്റേതു രാജ്യത്തെക്കാള്‍ അയര്‍ലണ്ടിന്റെ ശുഭഭാവി കാണുന്നത് കൊണ്ട് തന്നെയാണ്.

അയര്‍ലണ്ടില്‍ വീട് വാങ്ങണോ വാടകയ്ക്ക് എടുക്കണോ? പ്രവാസികളെയും കുഴയ്ക്കുന്ന ചോദ്യമാണിത്.വീട് വാങ്ങുന്നതും വാടകയ്ക്ക് എടുക്കുന്നതും വ്യത്യസ്തമാണ്. രണ്ടിനും ഗുണവും ദോഷവുമുണ്ട്. വാടകയ്ക്ക് താമസം ലാഭകരമല്ലെന്നു ഒരു വിശ്വാസമുണ്ട്. എന്നാല്‍ പ്രോപ്പര്‍ട്ടി വിലയും അത്വാങ്ങുന്നതുമായി ബന്ധപ്പെട്ട മറ്റ് ചെലവുകളും കണക്കാക്കിയാല്‍ വാടകയ്ക്ക് താമസിക്കുന്നത് താല്‍ക്കാലികമായി ഒരു പരിധി വരെ ലാഭകരമാണ്. പ്രോപ്പര്‍ട്ടി വിലയും മറ്റ് വാങ്ങല്‍ ചെലവുകളും കണക്കാക്കിയാല്‍ വാടക വീട് തീരെ നഷ്ടമല്ല. 140,000 യൂറോ വിപണി വിലയുള്ള ഒരു പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ 235,000 യൂറോ വിലയാകാന്‍ സാധ്യതയുണ്ട്.

മോര്‍ട്ട്‌ഗെജിന്റെ പലിശ നിരക്കാണ് വീട് വാങ്ങാന്‍ ശ്രമിക്കുന്നവരെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു ഘടകം. വാടകയ്ക്ക് എടുക്കുന്ന ഒരു പ്രോപ്പര്‍ട്ടിക്ക് ഒരു മാസത്തെ വാടക ഡെപ്പോസിറ്റായി നല്‍കിയാല്‍ മതിയാകും. എന്നാല്‍ ശരാശരി നിലവാരത്തിലുള്ള ഒരു വീട് വാങ്ങുന്നതിനായി 20000 യൂറോ വരെ ഡെപ്പോസിറ്റ് നല്‌കേണ്ടി വരും. സ്ഥലനികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയും ഇതോടൊപ്പം കണക്കാക്കേണ്ടതുണ്ട്. ഒട്ടുമിക്ക പ്രോപ്പര്‍ട്ടി ഉടമകളും നേരിടുന്ന ഒരു പ്രശ്‌നമാണ് നെഗറ്റീവ് ഇക്വുറ്റി.വീട് വാങ്ങിയ സമയത്തെ വിലയും തുടര്‍ന്ന് വര്‍ഷങ്ങളിലെ വിലക്കയറ്റത്തെ തുടര്‍ന്നുള്ള യൂറോയുടെ വിലയും തമ്മിലുള്ള അനുപാതമാണിത് വഴി ഉദ്ദേശിക്കുന്നത്., ഇത് നിങ്ങള്‍ക്കും നേരിടാനിടായുണ്ടെന്ന കാര്യം ഓര്‍ക്കുക.

അതേസമയം വീട് വാങ്ങുന്നതിനും നിരവധി ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഹോം
ഇന്‍ഷുറന്‍സ്, നവീകരണ ചാര്‍ജുകള്‍ തുടങ്ങിയവയും കണക്കിലെടുക്കേണ്ടതുണ്ട്. എങ്കിലും പ്രതിമാസ മോര്‍ട്ട്‌ഗേജ് പെയ്‌മെന്റ്,വാടക നിരക്കിനേക്കാള്‍ കുറവായിരിക്കുമെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ ഡബ്ലിന്‍ ഉള്‍പ്പെടെ ചില ഇടങ്ങളില്‍ വാടക നിരക്ക് കൂടുതലാണ്.

എങ്കിലും ദീര്‍ഘകാലത്തേയ്ക്കും മറ്റും വര്‍ഷത്തേക്കും മറ്റും വീട് വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് വാടക കാലാവാശികഴിയുമ്പോഴേയ്ക്ക് വീടിന്റെ വിലയേക്കാള്‍ കൂടുതല്‍ പണം നല്‌കേണ്ടി വരും.ഉദാഹരണമായി ,2003 ല്‍ അയര്‍ലണ്ടില്‍ എത്തി വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയ ഒരു കുടുംബം 1000 യൂറോ മാസം വാടക അടച്ചുവെങ്കില്‍ പോലും കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഇപ്പോഴത്തെ ഡബ്ലിന്‍ മാര്‍ക്കറ്റിലെ ഭവനവിലയുടെ വിലയുടെ 40 % എങ്കിലും അടച്ചു കഴിഞ്ഞിരുന്നെനെ.2003 ല്‍ ഭവന വില ഇത്ര കണ്ട് കൂടിയിരുന്നില്ല താനും.ഇത്തരം സാഹചര്യത്തില്‍ വീട് വാങ്ങുന്നത് തന്നെയാണ് നല്ലത്. നിങ്ങള്‍ ആദ്യമായി വീട് വാങ്ങുന്ന ആളാണെങ്കില്‍ പ്രോപ്പര്‍ട്ടി ടാക്‌സും സ്റ്റാമ്പ് ഡ്യൂട്ടിയും നല്‌കേണ്ടി വരുമെന്ന് ഓര്‍ക്കുക.

അയര്‍ലണ്ടില്‍ ഇനിയും വീട് വാങ്ങാന്‍ കഴിയാഞ്ഞ മലയാളികള്‍ ഹൗസിംഗ് ലോണിനായി ബാങ്കുകളേയും ,മറ്റ് റിയല്‍ എസ്‌റ്റേറ്റ്‌മോര്‍ട്ട്‌ഗേജ് ഏജന്‍സികളെയും സമീപിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് ഇപ്പോഴത്തെ പ്രതിസന്ധി.എങ്കിലും ഇപ്പോഴത്തെ ബൂമിംഗില്‍ തന്നെ പങ്ക് ചേര്‍ന്ന് കൂടുതല്‍ പണനഷ്ട്ടം വരുത്തുന്നതിനേക്കാള്‍ ഉത്തമം ഒരു വര്‍ഷം കൂടി വാടക വീട്ടില്‍ തുടരുക എന്നതായിരിക്കും.

ഇപ്പോഴാകട്ടെ നഗരമേഖലയില്‍ വാടക വീടുകള്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്.മറ്റൊരു വീട് ലഭിക്കാനില്ലാത്ത അവസ്ഥ.മാര്‍ക്കറ്റില്‍ ഉള്ള വീടുകളുടെ ഉടമസ്ഥരാവട്ടെ ലേലത്തിലൂടെ ഉയര്‍ന്ന വാടകവീട് വാങ്ങാന്‍ കാത്തുനില്‍ക്കുകയാണ്.ഈ അവസ്ഥയില്‍ മലയാളികള്‍ ,താമസിച്ചു കൊണ്ടിരിക്കുന്ന വീടുകള്‍ വിട്ടുകൊടുക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ പരിചയപ്പെടെണ്ടത് അത്യാവശ്യമാണ്.

അയര്‍ലണ്ടിലെ കുടിയേറ്റക്കാരില്‍ അധികവും ഇത്തരം ഒരു പ്രതിസന്ധിയുണ്ടാവുമ്പോള്‍ ഹൗസ് ഓണര്‍ പറയുന്നത് കേട്ട് വീടുകള്‍ ഒഴിഞ്ഞു കൊടുക്കാറില്ലയെന്ന് മലയാളിസമൂഹം അറിയണം.താമസക്കാരന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും പരമാവധി അനുവദിച്ചു കൊടുത്തുകൊണ്ടുള്ള ഒരു നിയമമാണ് അയര്‍ലണ്ടില്‍ നിലവിലുള്ളത്.നിശ്ചിതമായ കാരണങ്ങളാലല്ലാതെ ഒഴിവായി കൊടുക്കേണ്ട കാര്യമില്ല. .Private Residential Tenancies Board അപ്രകാരമുള്ള കാരണങ്ങളായി പറഞ്ഞിരിക്കുന്നത് ഇനി പറയുന്നവയാണ്.(ഒന്ന്)അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ലാന്‍ഡ് ലോര്‍ഡിന് വീട് വില്‍ക്കേണ്ടി വരിക (രണ്ട് )താമസക്കാരന്റെ ആവശ്യങ്ങള്‍ക്ക് വീട്ടിലെ സൗകര്യങ്ങള്‍ ഉചിതമല്ലാതെ വരുന്നുവെന്ന് ഉടമസ്ഥന് ബോധ്യം വരുക(മൂന്ന്)സ്വന്തം ആവശ്യത്തിനോ ഫാമിലിയിലെ ഉറ്റ ബന്ധുക്കളുടെയോ താമസത്തിനോ വീട് ആവശ്യമായി വരിക,(നാല് )ആവശ്യമായ അറ്റകുറ്റ പണികളോ ,നവീകരണ പ്രവര്‍ത്തനങ്ങളോ നടത്തേണ്ടി വരിക (അഞ്ച് )മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി വീട് ഉപയോഗിക്കാന്‍ വീട്ടുടമസ്ഥന്‍ നിശ്ചയിക്കുക (ആറ്)കരാര്‍ പ്രകാരമുള്ള നിബന്ധനകള്‍ ,മുന്നറിയിപ്പ് നല്കിയിട്ടും പാലിക്കാന്‍ താമസക്കാരന്‍ കൂട്ടാക്കാതെ വരിക.

ഈ ആറ് കാരണങ്ങളാലല്ലാതെ സാധാരണ ഗതിയില്‍ വീട്ടുടമയ്ക്ക് താമസക്കാരനോട് മാറാന്‍ പറയാന്‍ നിയമപരമായി അധികാരമില്ല.ഇവയില്‍ പോലും ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ പി ടി ആര്‍ ബിയില്‍ പരാതി കൊടുക്കാന്‍ വാടകക്കാരന് അവകാശമുണ്ട്.പെട്ടന്നുള്ള വില്‍പ്പന ഉദ്ദേശ്യം അല്ലാത്ത മറ്റേത് ആവശ്യങ്ങളിലും സാധാരണയായി വാടകക്കാര്‍ക്ക് അനുകൂലമായാണ് 90 % വിധികളും വരുന്നതെന്ന് ട്രഷ്‌ഹോള്‍ഡ് എന്ന ഏജന്‍സി കണ്ടെത്തിയിരുന്നു.വാടകക്കാരന് താമസിക്കാന്‍ പകരം സംവിധാനങ്ങള്‍ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണിത്.

ലീസ് കാലാവധി തീരുന്നതോടെ വീട് ഒഴിവാകേണ്ട സാഹചര്യമുള്ളവര്‍ക്ക് വീട്ടുടമ സാവകാശം നല്‍കുന്നില്ലെങ്കില്‍ തീര്‍ച്ചയായും പി ടി ആര്‍ ബിയെ സമീപിക്കണം.വിധി തീര്‍പ്പാവാന്‍ സ്വാഭാവികമായും കുറച്ചുമാസങ്ങള്‍ താമസമെടുക്കും.ഇതിനിടയില്‍ മറ്റൊരു വീട് കണ്ടു പിടിക്കാനായില്ലെങ്കില്‍ പി ടി ആര്‍ ബി തീരുമാനത്തിനായി കാത്തിരിക്കാം.വിധി പരാതിക്കാരന് എതിരായാല്‍ വീട് മാറേണ്ടി വരികതന്നെ ചെയ്യും.

ഒരു വര്‍ഷത്തെ ലീസ് കാലാവധിയാണ് ഉള്ളതെങ്കില്‍ അത് കഴിഞ്ഞാല്‍ വാടകക്കാരന്‍ മാറേണ്ടതുണ്ടെങ്കില്‍ ഉടമ ചുരുങ്ങിയത് 35 ദിവസം മുന്‍പെങ്കിലുംനോട്ടീസ് എഴുതി നല്‍കേണ്ടതുണ്ട്.ഇപ്രകാരം നോട്ടീസ് ലഭിച്ചിട്ടില്ലെങ്കില്‍ പോലും ലീസ് പുതുക്കാതെ തന്നെ വീട്ടില്‍ മാസാടിസ്ഥാനത്തില്‍ വാടക നല്കി കൊണ്ട് തുടരുന്നതിനുള്ള അനുവാദം സാധാരണഗതിയില്‍ വാടക ചീട്ടുകളില്‍ എഴുതി ചേര്‍ക്കാറുണ്ട്. ഒരു വര്‍ഷം കൊണ്ട് വീട് ഒഴിവായിരിക്കണം എന്ന് കരാറില്‍ പ്രത്യേകമായി എഴുതി ചേര്‍ത്തിട്ടില്ലെങ്കിലോ ,ഉടമ നോട്ടിസ് മുഖാന്തിരം ആവശ്യപ്പെടാത്ത സാഹചര്യത്തിലോ നാല് വര്‍ഷം വരെ ഇപ്രകാരം കരാര്‍ പുതുക്കാതെ താമസിക്കുവാന്‍ താമസക്കാരന് പി ടി ആര്‍ ബി അനുവാദം നല്‍കിയിട്ടുണ്ട്.നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ കാരാര്‍ ഉണ്ടാക്കേണ്ടതാണ്.മുന്‍പ് അതെ വീട്ടില്‍ താമസിച്ചിരുന്നപ്പോള്‍ ലഭിച്ചിരുന്ന നിയമ പരിരക്ഷാ അവകാശങ്ങളുടെ കാലാവധിയും അതോടെ തീരും.പുതിയ കരാര്‍ ഉണ്ടാക്കിയ ശേഷം ആറ് മാസങ്ങള്‍ക്ക് ശേഷമേ പിന്നീട് റ്റെനന്റ് എന്ന രീതിയിലുള്ള പ്രത്യേക പരിഗണന താമസക്കാരന് ലഭിക്കുകയുള്ളൂ.

താമസിച്ചുകൊണ്ടിരിക്കുന്ന വാടകവീടുകളില്‍ നിന്നും നിസാരമായി നിങ്ങളെ മാറ്റാന്‍ ഉടമയ്ക്ക് കഴിയില്ലെന്ന് അറിയുക.കൃത്യമായ നിയമ പരിരക്ഷ വാടകക്കാരന് ഉറപ്പു വരുത്തിയിട്ടുള്ളതിനാല്‍ നേരിട്ട് പി ടി ആര്‍ ബിയെ സമീപിക്കാന്‍ പോലും മടിയ്‌ക്കേണ്ടതില്ല.ഐറിഷ് നിയമസംവിധാനത്തെ പരിചയമില്ലാത്തതിനാല്‍ നേരിട്ട് പി ടി ആര്‍ ബിയ്ക്ക് പരാതി നല്‍കുന്നതിനേക്കാള്‍ സോളിസിറ്റര്‍മാരെ പ്രയോജനപ്പെടുത്തുകയാവും നല്ലത്.മലയാളിയായ അഡ്വ.ജയ ജയദേവ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഡോരന്‍ ഡബ്ല്യൂ ഓ ടൂളീ &കമ്പനി സോളിസിറ്റെഴ്‌സ് (Tel: (01) 2042780/2042990  Fax:(01)2042782 ,E-Mail: jaya@doranwotoole.com) അടക്കം നിരവധി നിയമ സ്ഥാപനങ്ങള്‍ വാടക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമെങ്കില്‍ നിയമ സഹായം നല്‍കുന്നുണ്ട്. Threshold (21 Stoneybatter,Dublin 7,Tel: (01) 678 6096) ഈ രംഗത്ത് സൗജന്യ നിയമോപദേശ സഹായം നല്‍കുന്ന മറ്റൊരു സ്ഥാപനമാണ്. 

ഭവന പ്രതിസന്ധി ഗുരുതരമായെങ്കില്‍ താമസിച്ചുകൊണ്ടിരിക്കുന്ന വാടകവീടുകള്‍ പരിരക്ഷിച്ചു നിര്‍ത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.ഒരു വീട് വാങ്ങാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കാന്‍ നമുക്കായേക്കും.നിരവധി മലയാളികള്‍ക്ക് നിലവില്‍ താമസം മാറ്റാന്‍,മറ്റൊരു വാടകവീട് ലഭിക്കാതെ വന്നിരിക്കുന്ന ഗുരുതരമായ സാഹചര്യത്തിലാണ് മുന്‍പ് ഉദ്ദേശിക്കാതിരുന്ന മേല്‍പ്പറഞ്ഞ ഭാഗം കൂടി ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത്.(തുടരും )

-റെജി സി ജേക്കബ്

Scroll To Top