Monday October 22, 2018
Latest Updates

പോളിങ് 55 ശതമാനത്തിലധികം,വിജയം അവകാശപ്പെട്ട് ഇരു പക്ഷവും : ഇനി ആകാംക്ഷയുടെ മണിക്കൂറുകള്‍

പോളിങ് 55 ശതമാനത്തിലധികം,വിജയം അവകാശപ്പെട്ട് ഇരു പക്ഷവും : ഇനി ആകാംക്ഷയുടെ മണിക്കൂറുകള്‍

ഡബ്ലിന്‍:ഇന്ന് രാവിലെ 7 മണിയ്ക്ക് ആരംഭിച്ച അബോര്‍ഷന്‍ റഫറണ്ടത്തിന്റെ വോട്ടെടുപ്പ് രാത്രി 10 മണിയ്ക് അവസാനിച്ചപ്പോള്‍ രാജ്യത്തൊട്ടാകെയുള്ള അമ്പത്തഞ്ചു ശതമാനത്തിലധികം വോട്ടര്‍മാര്‍ അഭിപ്രായം രേഖപ്പെടുത്തി വോട്ടു ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍.അവസാന കണക്കുകള്‍ ലഭിക്കുമ്പോള്‍ 60-65 ശതമാനത്തോളം വരെ ഇത് ഉയര്‍ന്നേക്കുമെന്നാണ് അധികൃതരുടെ നിഗമനം.

ഡബ്ലിന്‍,വിക്‌ളോ,ലോംഗ്‌ഫോര്‍ഡ്,അത്‌ലോണ്‍,കില്‍ഡെയര്‍ കൗണ്ടികളില്‍ മികച്ച പോളിങ് നിരക്കാണ് അന്തിമമായി പ്രതീക്ഷിക്കുന്നത്.

രാത്രി 10 മണി മുതല്‍ ദേശീയ ടെലിവിഷനില്‍ ഫല അവലോകനചര്‍ച്ചകള്‍ ആരംഭിക്കും.11.30 ന് ഡേവിഡ് മക്കോളയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യ എക്‌സിറ്റ് പോളുകളുടെ റിസള്‍ട്ട് പ്രഖ്യാപിക്കും.രാജ്യമൊട്ടാകെയുള്ള 3000 പേരെ ഉള്‍പ്പെടുത്തിയാണ് ആര്‍ടിഇ എക്‌സിറ്റ് പോള്‍ സംഘടിപ്പിച്ചത്.

ഐറിഷ് ടൈംസ് പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫല പ്രകാരം യെസ് പക്ഷം 62 ശതമാനം വോട്ടു നേടി റഫറണ്ടം പാസാകുമെന്നാണ്    പ്രവചനം.

ഐറിഷ് ടൈംസ് എക്‌സിറ്റ് പോള്‍ പ്രകാരം ഗ്രാമമേഖലകളില്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഡബ്ലിനിലെ സ്ത്രീകളും യുവജനങ്ങളും യെസ് പക്ഷത്തെ മുമ്പിലെത്തിച്ചു എന്നാണ് സൂചനകള്‍.18 നും 24 നും ഇടയ്ക്കുള്ള 84 ശതമാനം വോട്ടര്‍മാരും യെസ് വോട്ടിനെയും ഭരണഘടനാ ഭേദഗതിയെയും അനുകൂലിച്ചു.

160 കേന്ദ്രങ്ങളിലായി നാലായിരത്തോളം പേരാണ് ഐറിഷ് ടൈംസ് എക്‌സിറ്റ് പോളില്‍ പങ്കെടുത്തത്.രാജ്യത്തൊട്ടാകെ യെസ് വോട്ടിന് അനുകൂലമായ തരംഗം ഉണ്ടായെന്നാണ് എക്‌സിറ്റ് പോള്‍ വിലയിരുത്തുന്നത്.

2015 ല്‍ നടന്ന ഇക്വളിറ്റി റഫറണ്ടത്തില്‍ സമ്മതിദായകര്‍ പുലര്‍ത്തിയ ആവേശം ഇത്തവണ ഒരിടത്തും ദൃശ്യമല്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.യെസ് പക്ഷക്കാര്‍ മിക്കയിടത്തും നിശബ്ദമായ പ്രവര്‍ത്തനമാണ് ഇന്ന് നടത്തിയത്.എന്നാല്‍ നോ പക്ഷക്കാര്‍ പോളിങ് ബൂത്തുകളില്‍ നിന്നും നിശ്ചിത ദൂരത്തില്‍ എല്ലാ സ്ഥലത്തും പരസ്യമായി രംഗത്തുണ്ടായിരുന്നു.

രാജ്യത്താകെയുള്ള 3.2 മില്യണ്‍ വോട്ടര്‍മാര്‍ക്കും ,പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെട്ട 118,389 പേര്‍ക്കുമാണ് വോട്ടവകാശം ഉണ്ടായിരുന്നത്.

ഡബ്ലിന്‍ നഗരത്തിന്റെ സൗത്ത് /തീരദേശ മേഖലയില്‍ എട്ടു രാത്രി മണിയോടെ 60 ശതമാനത്തില്‍ അധികം പേരും വോട്ടു രേഖപ്പെടുത്തിയപ്പോള്‍ ബാലിമൂണ്‍,ഫിംഗല്‍ മേഖലകളില്‍ നാല്പത് ശതമാനം വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിയുള്ളു.

ഡോണഗേല്‍ കൗണ്ടിയിലെ മിക്ക പ്രദേശങ്ങളിലും കനത്ത പോളിങ് നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.കാരിക്കില്‍ 6 മണിയോടെ തന്നെ അമ്പതു ശതമാനം പേര്‍ വോട്ടെടുപ്പിനെത്തി.

കോര്‍ക്ക്(45 ശതമാനം)കില്‍ക്കെനി(40 ശതമാനം)എന്നിങ്ങനെയാണ് മറ്റു കൗണ്ടികളിലെ ആറു മണി വരെയുള്ള വോട്ടിംഗ് നില.

ഉച്ചകഴിഞ്ഞതോടെ പന്തയക്കാര്‍ക്കിടയില്‍ നോ പക്ഷത്തിന് പ്രിയമെത്തിയിട്ടുണ്ട്. പക്ഷെ നിലവിലുള്ള ഒപ്പീനിയന്‍ പോളുകളില്‍ കൂടുതലും യെസ് പക്ഷത്തിന്റെ വിജയമാണ് പ്രവചിക്കുന്നത്.

വോട്ടെണ്ണല്‍ നാളെ രാവിലെ 9 മണി മുതല്‍ ,ഉച്ചയോടെ ഫലം അറിയാം

രാവിലെ 9 മണിയ്ക്ക് അതാത് കൗണ്ടി കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

ഡബ്ലിന്‍ കാസിലിലിലെ മുഖ്യ കൌണ്ടിംഗ് കേന്ദ്രത്തില്‍ ഓരോ കൌണ്ടികളില്‍ നിന്നുമുള്ള ഫലം അന്തിമമായി ലഭിക്കുമ്പോള്‍ ലോക ചരിത്രത്തില്‍ തന്നെ ഇതാദ്യമായി ഒരു രാജ്യത്തെ ജനത വോട്ടെടുപ്പിലൂടെ അബോര്‍ഷന്‍ തങ്ങള്‍ക്ക് വേണോ വേണ്ടയോ എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.9 45 മുതല്‍ പൊതു ജനങ്ങള്‍ക്കും ഡബ്ലിന്‍ കാസില്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാകും .

ലോകമെമ്പാടും നിന്നുമായി നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകരാണ് ഡബ്ലിനില്‍ ഹിതപരിശോധനയുടെ റിസല്‍ട്ട് കാത്ത് എത്തിയിരിക്കുന്നത്.ഹോട്ടലുകള്‍ ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രൊ ചോയിസ്‌കാരും ആഹ്ലാദ പൂര്‍വ്വം വിജയം പ്രതീക്ഷിച്ചു ഡബ്ലിനില്‍ ഉണ്ട്.ഇവരില്‍ പലരും ഹിത പരിശോധനയുടെ പ്രചാരണ ഘട്ടം മുതല്‍ ഇവിടെയുള്ളവരാണ്.

ഹിത പരിശോധനയുടെ ഫല പ്രഖ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ വാര്‍ത്തകള്‍ വായനക്കാര്‍ക്ക് എത്തിക്കാനുള്ള സൌകര്യങ്ങള്‍ ‘ഐറിഷ് മലയാളി’യും ചെയ്തിട്ടുണ്ട്. 9.30 മുതല്‍ വായനക്കാര്‍ക്ക് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ലഭ്യമാക്കും.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top