Thursday February 23, 2017
Latest Updates

പോപ്പ് ഫ്രാന്‍സിസ് അയര്‍ലണ്ട് സന്ദര്‍ശിച്ചേക്കും :ഡബ്ലിനിലെ പഴയ ഇംഗ്ലീഷ് പഠന കേന്ദ്രം പൂര്‍വവിദ്യാര്‍ഥിയെ കാത്തിരിക്കുന്നു

പോപ്പ്  ഫ്രാന്‍സിസ് അയര്‍ലണ്ട് സന്ദര്‍ശിച്ചേക്കും :ഡബ്ലിനിലെ പഴയ ഇംഗ്ലീഷ് പഠന കേന്ദ്രം പൂര്‍വവിദ്യാര്‍ഥിയെ കാത്തിരിക്കുന്നു

ഡബ്ലിന്‍ : മാര്‍പാപ്പയുടെ പഴയ ഇംഗ്ലീഷ് പാഠശാലയായ ഡബ്ലിനിലെ റാനിലയിലുള്ള ഈശോസഭാ കേന്ദ്രമായ മില്‍ട്ടന്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പടിവാതുക്കലേയ്ക്ക് ഒരിക്കല്‍ കൂടി അദ്ദേഹം എത്തുമോ ?അത്തരം ഒരു പ്രതീക്ഷയിലാണ് ഡബ്ലിനിലെ അദ്ദേഹത്തിന്റെ ആരാധകരിപ്പോള്‍ . പോപ്പ് ഫ്രാന്‍സിസ് ഈ വര്‍ഷമോ അടുത്തവര്‍ഷം ആദ്യമോ അയര്‍ലണ്ട് സന്ദര്‍ശിച്ചേക്കുമെന്ന് സൂചനകള്‍ .ഇത്തവണ ഐറിഷ് സര്‍ക്കാര്‍ നേരിട്ടാണ് ഇത്തരമൊരു ഉദ്യമത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍. എമ്പസി തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം പ്രാവര്‍ത്തികമാക്കിയ ശേഷമായിരിക്കും പോപ്പിനെ ഒദ്യോഗികമായി അയര്‍ലണ്ടിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

1980 ലാണ് അര്‍ജന്റീനകാരന്‍ സാധാരണ ഒരു പുരോഹിതന്‍ മാത്രമായിരുന്ന ജോര്‍ജി മരിയോ ബര്‍ഗോഗ്ലിയ ഡബ്ലിനില്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയത് .മരക്കൂട്ടങ്ങള്‍ നിഴല്‍ വീഴ്ത്തിയ റാനിലയില്‍ നിന്നും മില്‍ട്ടണിലേയ്ക്കുള്ള വഴിയിലൂടെ നടന്നുപോയ ആ നാണം കുണുങ്ങി വൈദികന്‍ ഒരു വേള ലോകാരാധ്യനാകുമെന്ന് അന്നാരും വിചാരിച്ചിരിക്കില്ല.തങ്ങളുടെ ഒപ്പം മില്‍ട്ടന്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡൈനിംഗ് ഹാളില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച് ,ഹോസ്റ്റലില്‍ താമസിച്ച ആ ചെറുപ്പക്കാരന് പോപ്പാകാനുള്ള ഭാഗ്യം കൂട്ടുകാരാരും കണ്ടതേയില്ല .

ഈശോസഭാ കേന്ദ്രമായ മില്‍ട്ടന്‍

ഈശോസഭാ കേന്ദ്രമായ മില്‍ട്ടന്‍

ജോര്‍ജ് ബര്‍നാഡ് ഷായുടെയും ;ജെയിംസ് ജോയ്‌സിന്റെയും ,ഓസ്‌കാര്‍ വൈല്‍ഡിന്റെയും നഗരത്തില്‍ അദ്ദേഹം ഇംഗ്ലിഷ് ഭാഷയെ കൈവശപ്പെടുത്താന്‍ ആദ്യ ശ്രമങ്ങള്‍ നടത്തി. ഡബ്ല്യൂ ബി ഈസ്റ്റും ,സാമുവല്‍ ബക്കറ്റും കൊരുത്തെടുത്ത ഭാഷയെ അദ്ദേഹം പ്രണയിച്ചു.പക്ഷേ ഡബ്ലിനിലെ ഭാഷാ പഠനം കഴിഞ്ഞ് തിരികെ പോകുമ്പോള്‍ ബര്‍ഗോഗ്ലിയ ദുഖിതനായിരുന്നിരിക്കണം .കാരണം പരിമിതമായ സമയം കൊണ്ട് ഭാഷയെ കൈപ്പിടിയില്‍ ഒതുക്കാന്‍ അദ്ദേഹത്തിനായില്ല.ഇന്നും പോപ്പ് ഫ്രാന്‍സിസ് ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കുന്നത് അപൂര്‍വമായാണ്.

എന്തായാലും പഴയ വിദ്യാര്‍ഥിയെ വീണ്ടും നഗരത്തിലേയ്ക്ക് ക്ഷണിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ പുരോഗമിക്കുകയാണിപ്പോള്‍ .വത്തിക്കാനുമായിയുള്ള ബന്ധം ഊഷ്മളമാക്കാനാണ് തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നത്.വത്തിക്കാന്‍ എമ്പസിയുടെ പുനര്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യത്തിലെ അന്തിമ തീരുമാനം കഴിഞ്ഞ ദിവസം ഉപ പ്രധാനമന്ത്രി ഇമന്‍ ഗില്‍മോര്‍ ആണ് ഒദ്യോഗികമായി അറിയിച്ചത്. രാഷ്ട്രീയക്കാരും സഭാ അധികാരികളും ഒരേപോലെ സ്വാഗതം ചെയ്ത തീരുമാനമായിരുന്നു അത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമ്പത്തിക പ്രതിസന്ധികള്‍ കാരണമാണ് വത്തിക്കാന്‍ എമ്പസി ഇവിടെ അടച്ചിടേണ്ടി വന്നത്.

സര്‍ക്കാരുമായി നിലവില്‍ ഐറിഷ് കത്തോലിക്കാ സഭയ്ക്കുള്ള നീരസം പോപ്പിനെ സ്വാഗതം ചെയ്യുന്നതിലൂടെ മാറ്റിയെടുക്കാമെന്നാണ് ഭരണ മുന്നണിയുടെ ഉദ്ദേശം .വളരെയധികം ജനപിന്തുണ ഇക്കാര്യത്തില്‍ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് സെനേറ്റര്‍ ഫിഡല്‍മ ഹീലി എയിംസ് പറഞ്ഞു.

പോപ്പ് ഫ്രാന്‍സിസിനെ അയര്‍ലണ്ടില്‍ വളരെ സ്‌നേഹത്തോടെതന്നെ സ്വാഗതം ചെയ്യപ്പെടുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും പോപ്പിന് ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിക്കാനുള്ള പ്രത്യേക പ്രാവീണ്യം ഉണ്ടെന്നും ഫിഡല്‍മ ഹീലി എയിംസ് പറയുന്നു.

റിഫോം അലയന്‍സിലേക്ക് മാറിയ ഹീലി എയിംസ് കഴിഞ്ഞ മാസം പോപ്പിനെ അയര്‍ലണ്ടിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെനേറ്റര്‍ ഡേവിഡ് നോറിസ് കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചിരുന്നു.

കത്തോലിക്ക സഭയുടെ എതിര്‍പ്പിന് പാത്രമായിക്കൊണ്ടായിരുന്നു 2011 നവംബറില്‍ വത്തിക്കാന്‍ എമ്പസി അടച്ചിടണമെന്ന് സര്‍ക്കാരിന് തീരുമാനിക്കേണ്ടി വന്നത്. വത്തിക്കാനുമായുള്ള ബന്ധത്തിന്റെ പുനസ്ഥാപനം കൂടിയാണ് ഇപ്പോഴത്തെ എമ്പസി റീഓപണിംഗ് എന്നാണ് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പായ ഡര്‍മട്ട് മാര്‍ടിന്‍ അഭിപ്രായപ്പെട്ടത്.സഭയും പോപ്പ് ഫ്രാന്‍സിസിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

Scroll To Top