Wednesday April 26, 2017
Latest Updates

പൊരുത്തപ്പെടലിന്റെ പൊരുത്തക്കേടുകള്‍

പൊരുത്തപ്പെടലിന്റെ പൊരുത്തക്കേടുകള്‍

athijeevanam

 

‘സ്‌ട്രെസ്സ്'(stress) എന്ന വാക്ക് ദിവസവും ഒരുപാട് തവണ കേള്‍ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഈ വാക്കിന്റെ അര്‍ത്ഥവ്യാപ്തി ശരിയായ രീതിയില്‍ നാം മനസ്സിലാക്കിയിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് നല്ലതാണ്.

ജീവിതത്തില്‍ വന്നുഭവിക്കുന്ന അഭികാമ്യമല്ലാത്ത (undesirable) കാര്യങ്ങള്‍/സംഭവങ്ങള്‍ നമുക്ക് നല്‍കുന്ന മനോവ്യഥയാണ് സ്‌ട്രെസ്സ് എന്നാണ് സാധാരണ നാം മനസ്സിലാക്കിയിരിക്കുന്നത്. ഭാഗികമായി ഇത് ശരിയാണെങ്കിലും സ്‌ട്രെസ്സിന്റെ അര്‍ത്ഥതലം ഇതിനുമപ്പുറമാണെന്ന് അറിയുന്നത് സ്‌ട്രെസ്സിനെ നേരിടാന്‍ നമുക്ക് സഹായകമാകും.

‘മാറ്റത്തിനായുള്ള സമ്മര്‍ദ്ദം’ (Demand for adjustment) എന്നു ലളിതമായി സ്‌ട്രെസ്സിനെ വിശേഷിപ്പിക്കാം. ഒരു കുഞ്ഞിനെ അമര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കുഞ്ഞ് കുതറി മാറാന്‍ ശ്രമിക്കുന്നത് സ്‌ട്രെസ്സ് അനുഭവിക്കുന്നതുകൊണ്ടുതന്നെയാണ്. പൂര്‍വസ്ഥിതിയിലെത്താനുള്ള കുഞ്ഞിന്റെമേലുള്ള മാനസികശാരീരിക സമ്മര്‍ദ്ദം(demand) ആണ് കുഞ്ഞിനു സ്‌ട്രെസ്സ് ആയി അനുഭവപ്പെടുന്നത്. പൂര്‍വസ്ഥിതിയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കുഞ്ഞ് നിലവിളിക്കുന്നത് സ്‌ട്രെസ്സിനോട് പൊരുത്തപ്പെടാന്‍(coping with stress) കഴിയാത്തതുകൊണ്ടു മാത്രമാണ്. എന്നാല്‍ കുതറി മാറാന്‍ ശ്രമിക്കുന്ന കുഞ്ഞിനെ ഭയപ്പെടുത്തി ഒതുക്കാന്‍ നോക്കിയാല്‍ കുഞ്ഞ് ഒരുപക്ഷേ മനപൂര്‍വം ഒതുങ്ങിത്തന്നേക്കാം.

ഇത് ഒരുതരത്തില്‍ സ്‌ട്രെസ്സിനോടുള്ള പൊരുത്തപ്പെടലാണെങ്കിലും ഭയമെന്ന വികാരമാണ് ഇത്തരം പൊരുത്തപ്പെടലിന് കുഞ്ഞിനെ നിര്‍ബന്ധിച്ചതെന്നതിനാല്‍ ഇത് മറ്റ് പല മാനസിക പ്രശ്‌നങ്ങളിലേക്കും(personality issues or related disorders, social withdrawal, anxiety problems or disorders, insecurity feeling, etc.) കുഞ്ഞിനെ നയിച്ചേക്കാം. എന്നാല്‍, കുതറി മാറാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ശ്രദ്ധ ഒരു കളിപ്പാട്ടം നല്‍കി അതിലേക്കു തിരിച്ചുവിട്ടാലും കുഞ്ഞ് ഒതുങ്ങിത്തന്നേക്കാം. ഇത് ആരോഗ്യകരമായ പൊരുത്തപ്പെടലായി (coping with stress through switching attention towards positive things/events) പരിഗണിക്കാവുന്നതാണ്.

ഡബ്ലിനില്‍ നിന്നും ജീന ജോണ്‍(pseudo name)എഴുതിയിരിക്കുന്നതും ഇത്തരം പൊരുത്തക്കേടുകളുടെ അനുഭവം തന്നെയാണ്:jinajon

നാട്ടില്‍ വലിയ ശമ്പളത്തോടെ ജോലി ചെയ്തിരുന്ന ജീനയുടെ ഭര്‍ത്താവ്, ജോണ്‍, അയര്‍ലണ്ടില്‍ വന്നു ഗൃഹഭരണത്തിലും ശിശു പരിപാലനത്തിലും ഒത്തുങ്ങേണ്ടിവന്നപ്പോള്‍ അനുഭവിച്ച മാനസിക വ്യഥ ഈ കത്ത് വായിക്കുന്ന പല പുരുഷ സുഹൃത്തുക്കള്‍ക്കും എളുപ്പം മനസ്സിലാകും. ഇവിടെ ജോണ്‍ അനുഭവിക്കുന്ന സ്‌ട്രെസ്സ്(demand for adjustment towards the changed environment) എന്താണെന്ന് വ്യക്തമാണല്ലോ. തുടക്കത്തില്‍ പരാമര്‍ശിച്ച കുഞ്ഞിനെപ്പോലെ കുതറി മാറാന്‍ ജോണ്‍ നടത്തുന്ന ശ്രമം തന്നെയാണ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ കാണുന്ന ദേഷ്യപ്പെടലും കുറ്റം പറച്ചിലുമൊക്കെ. പൂര്‍വസ്ഥിതിയിലെത്താനുള്ള (ഉയര്‍ന്ന ശമ്പളം, സോഷ്യല്‍ സ്റ്റാറ്റസ്, ആത്മാഭിമാനം, etc. ) ജോണിന്റെ മനസ്സ് അടിച്ചേല്‍പ്പിക്കുന്ന ഡിമാന്‍ഡ് ജോണിന് താങ്ങാനാവുന്നതിലും വലുതായി ജോണിനു തോന്നുന്നുണ്ടാവണം.

‘ഇത്തരം കുറ്റപ്പെടുത്തലുകള്‍ കേട്ടാല്‍ എനിക്കും ചിലപ്പോള്‍ അരിശം വരും. ഞാനും എന്തെങ്കിലും തിരിച്ചുപറഞ്ഞാല്‍…’ ജീനയുടെ പ്രതികരണം മുകളില്‍ പറഞ്ഞ ഉദാഹരണത്തിലെ കുഞ്ഞിനെ ഭയപ്പെടുത്തി ഒതുക്കാന്‍ നോക്കിയതുപോലെയാണ്. ഭയപ്പെടുത്തുന്ന വ്യക്തിയെക്കാള്‍ താന്‍ ചെറുതാണെന്ന് കുഞ്ഞിനു അറിയാവുന്നതുകൊണ്ടു കുഞ്ഞ് ഒതുങ്ങിത്തന്നു. (ചില ഭര്‍ത്താക്കന്‍മാര്‍ ഇതുപോലെ ഒതുങ്ങിപ്പോവാറുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. High BP, cardiac problems, mental health problems തുടങ്ങി പല പ്രശ്‌നങ്ങളും ഇവരെ കാത്തിരിപ്പുണ്ടെന്നു മനസ്സിലാക്കുന്നത് നല്ലതായിരിക്കും. Suppression, repression, തുടങ്ങിയ ഡിഫന്‍സ് മെക്കനിസത്തെക്കുറിച്ച് മറ്റൊരാവസരത്തില്‍ പറയാം). ഇവിടെ ഭാര്യയെക്കാള്‍ ചെറുതല്ല താനെന്ന (അഭിമാന/ദുരഭിമാന) ബോധം ജോണിനുള്ളതുകൊണ്ടു ജീന പറയുന്നതുപോലെ ജോണിന് ജീനയെ ‘കൊല്ലാന്‍ വരുന്ന വാശിയാണ്.’

ജീനയുടെ ചോദ്യം പ്രസക്തമാണ്: ‘ഞാന്‍ എന്ത് പറഞ്ഞാണ് അദ്ദേഹത്തെ സമാധാനിപ്പിക്കേണ്ടത്? അതോ അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടണോ?’ ലളിതമായി പറഞ്ഞാല്‍ ജീന ചോദിക്കുന്നത് അവര്‍ എന്തെങ്കിലും ചെയ്യണോ, അതോ ഒന്നും സംഭവിക്കാത്തതുപോലെ മുന്നോട്ടു പോകണോ എന്നാണ്.

ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ആ പ്രശ്‌നം നമ്മുടെ നേരെ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്: നിങ്ങള്‍ക്ക് ഇതില്‍ എന്തു ചെയ്യാനാവും?
‘എനിക്കൊന്നും ചെയ്യാനാവില്ല’ അല്ലെങ്കില്‍ ‘എനിക്കെന്തു ചെയ്യണമെന്നറിയില്ല’ എന്നാണ് ഉത്തരമെങ്കില്‍ നാം പ്രശ്‌നത്തെ പ്രശ്‌നമായിത്തന്നെ തുടരാനനുവദിക്കുകയാണ് ചെയ്യുന്നത്. പ്രശ്‌ന പരിഹാരത്തിനായി ഒന്നും ചെയ്യുന്നില്ലങ്കില്‍ (ജോണിനെ ജോണിന്റെ വഴിക്കു വിടുന്നതിലൂടെ) ജീന പ്രശ്‌നത്തെ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്കാണ് തള്ളിവിടുന്നത് എന്നു മനസ്സിലാക്കുക. ജീന, ജോണിനോട് വഴക്കു കൂടുന്നതിനെക്കാള്‍ ജോണിന്റെ മനസ്സുതന്നെ ജോണിനോട് തുടര്‍ച്ചയായി വഴക്കു കൂടിക്കൊണ്ടിരിക്കുന്നുവെന്ന് ജീന ആദ്യമേതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഇത് തന്നെയാണ് ജോണ്‍ അനുഭവിക്കുന്ന സ്‌ട്രെസ്സും. സ്വയം പുകഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തിയുടെ ബാഹ്യ ലക്ഷണങ്ങളാണ് അമിതമായ കോപവും വെറുപ്പും വിരക്തിയുമൊക്കെ. ‘നിന്നെ കെട്ടിയ സമയത്ത് നാട്ടില്‍ വല്ല കമ്പ്യൂട്ടറും പഠിച്ച പിള്ളേരെ കെട്ടിയാല്‍ മതിയായിരുന്നു’ എന്നു ജോണ്‍ പറയുന്നതു ജീനയോടുള്ള വെറുപ്പുകൊണ്ടാവണമെന്നില്ല. സ്വന്തം മനസ്സ് വേദനിക്കുന്നതിനൊപ്പം ഭാര്യയുടെ കുറ്റപ്പെടുത്തലും കൂടെയാകുമ്പോള്‍ ജോണ്‍ ഇങ്ങനെ പ്രതികരിക്കുന്നതില്‍ അല്‍ഭുതപ്പെടേണ്ട കാര്യമില്ല.
‘ഞാന്‍ കാണുന്നത് എന്റെ ഭാര്യ കാണുന്നില്ല,’ ‘ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ ഭാര്യ മനസ്സിലാക്കുന്നില്ല’ തുടങ്ങിയ ചിന്തകള്‍ ഭര്‍ത്താക്കന്മാരെ ഏറെ വേദനിപ്പിക്കുമെന്നറിയുക

‘ഇത് നമ്മുടെ മാറിയ സാഹചര്യമാണ്; ഇവിടെ എന്തു ചെയ്യാന്‍ പറ്റുമെന്ന് നമുക്കൊരുമിച്ചു ചിന്തിക്കാം; എന്തായാലും എനിക്കൊരു ജോലിയുണ്ടല്ലോ, നമുക്ക് സാവധാനം ഒരു പരിഹാരത്തിലെത്താം’ തുടങ്ങിയ ധൈര്യപ്പെടുത്തലും ആശ്വസിപ്പിക്കലും മിക്ക ഭര്‍ത്താക്കന്മാരും ഇഷ്ടപ്പെടും.
പൂര്‍വസ്ഥിതി പ്രാപിക്കാന്‍ ശ്രമിച്ചു കുതറിയ കുഞ്ഞിനു കളിപ്പാട്ടം കാണിച്ചു ശ്രദ്ധ തിരിച്ചുവിട്ടതുപോലെ ഭര്‍ത്താക്കന്മാരെ ആരോഗ്യപരമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടാന്‍ മിടുക്കികളായ ഭാര്യമാര്‍ക്ക് സാധിയ്ക്കും. ജോലി ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് അഭിമാനം നഷ്ടപ്പെട്ടുവെന്നു ഭര്‍ത്താവിന് തോന്നുന്നുവെങ്കില്‍ സമൂഹത്തില്‍ അഭിമാനം നേടിക്കൊടുക്കുന്ന പല കാര്യങ്ങളിലേക്കും ഭര്‍ത്താക്കന്മാരെ തിരിച്ചുവിടാവുന്നതുമാണ്. ഇഷ്ടപ്പെട്ട ജോലി ലഭിക്കുന്നതുവരെ ഭര്‍ത്താക്കന്‍മാര്‍ക്ക് ഏതെങ്കിലും ഹ്രസ്വകാല പരിശീലന പരിപാടികളില്‍ (short-term career programme) ചേരാനുള്ള സാഹചര്യം അയര്‍ലണ്ടിലുണ്ട്. സന്നദ്ധ പരിപാടികളിലേര്‍പ്പെടുന്നത് (voluntary work) ഊര്‍ജസ്വലരായിരിക്കാന്‍ സഹായിക്കും.

സ്‌ട്രെസ്സ് അനുഭവിക്കുന്ന ഭര്‍ത്താവിന് വൈകാരികമായ താങ്ങാണ് (emotional support) പ്രധാനമായും ആവശ്യമെന്ന് ജീന തിരിച്ചറിയുക. എന്തു ചെയ്തിട്ടും കുടുംബജീവിതം നന്നായിപ്പോകുന്നില്ലെന്ന് തോന്നുന്നുവെങ്കില്‍ ജീവിതം കൈവിട്ടുപോകുന്നതിനുമുന്‍പുതന്നെ വിദഗ്ദ്ധ സഹായം തേടുക. Accord (www.accord.ie) പോലുള്ള കൌണ്‍സലിങ് സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനമാണ് അയര്‍ലണ്ടില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കുന്നതിന് മറ്റൊരു കാരണമായി ദമ്പതികള്‍ ചൂണ്ടിക്കാണിക്കാറുള്ളത് ഈഗോ പ്രോബ്ലം (ego problem) അഥവാ ഈഗോ ക്ലാഷ് (ego clash) എന്നതാണ്. അതിനെപ്പറ്റി മറ്റൊരവസരത്തില്‍ ചര്‍ച്ച ചെയ്യാം.
ഭാവുകങ്ങള്‍!

കത്തുകള്‍ അയക്കേണ്ട വിലാസം

counselor@proventherapy.com
https://www.proventherapy.com
like-and-share

Scroll To Top