Thursday February 23, 2017
Latest Updates

പൊന്നാനിയില്‍ ഒരു അട്ടിമറി വിജയം ഉണ്ടാകാന്‍ സാധ്യതയെന്ന് ഡബ്‌ളിന്‍ ലൂക്കനിലെ ഉണ്ണികൃഷ്ണന്‍ എറുകാട്ടില്‍ ….

പൊന്നാനിയില്‍ ഒരു അട്ടിമറി വിജയം ഉണ്ടാകാന്‍ സാധ്യതയെന്ന് ഡബ്‌ളിന്‍ ലൂക്കനിലെ ഉണ്ണികൃഷ്ണന്‍ എറുകാട്ടില്‍ ….

ലൂക്കന്‍ ഗ്രിഫീന്‍വാലിയിലെയോ ,ഞാന്‍ ജോലിചെയ്യുന്ന ഏവന്‍ ഇന്‍ഷ്വറന്‌സിലെയൊ എന്റെ സുഹൃത്തുക്കളുമായി തിരഞ്ഞെടുപ്പിനെ സംബന്ധിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ,പൊന്നാനി മണ്‍ഡലത്തില്‍ നിന്നുള്ള ആളാണ് ഞാനെന്ന് അറിയുമ്പോള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.’അവിടെ ലീഗ് ജയിക്കുമല്ലേ ?’കേരള സമൂഹത്തിന്റെ പൊതുവായുള്ള ഒരു വിചാരമാണ് ,മലപ്പുറം പോലെ തന്നെ യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ് പൊന്നാനിയെന്ന്.

പക്ഷേ 1962 ല്‍ ഇകെ ഇമ്പിച്ചി ബാവയും, 1967 ല്‍ സികെ ചക്രപാണിയും 1971 ല്‍ എം കൃഷ്ണനും  പൊന്നാനിയില്‍ നിന്ന് വിജയിച്ച ചരിത്രം അറിയുമ്പോഴാണ് പൊന്നാനി അത്ര ഉറപ്പൊന്നും യൂ ഡി എഫിന് നല്കുന്നില്ല എന്നറിയേണ്ടത്. ബാക്കി എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളാണ് പൊന്നാനിയില്‍ നിന്ന് ലോക്‌സഭയില്‍ എത്തിയിട്ടുള്ളത്. മലയാളം പോലും അറിയാത്ത ജിഎം ബനാത്ത് വാലയെ ഏഴു തവണയാണ് പൊന്നാനിക്കാര്‍ പാര്‍ലമെന്റിലേക്ക് അയച്ചത്.

തിരൂര്‍ നിയോജകമണ്‍ഡലത്തിലെ മംഗലം പഞ്ചായത്തില്‍ ആണ് എനിക്ക് വോട്ടുള്ളത് .തിരൂരിന് പുറമേ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍, തിരൂരങ്ങാടി, താനൂര്‍, തവനൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ ത്യത്താല മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. ഇതില്‍ തിരൂര്‍, തിരൂരങ്ങാടി, താനൂര്‍ നിയോജക മണ്ഡലങ്ങള്‍ മുസ്സീം ലീഗിന്റെ കയ്യിലും,ത്യാത്താലയില്‍ കോണ്‍ഗ്രസും, പൊന്നാനി, തവനൂര്‍ എന്നിവടങ്ങളിലും എല്‍ഡിഎഫുമാണ് വിജയിച്ചിരിക്കുന്നത്. നിലവിലെ എംപി ഇ.ടി മുഹമ്മദ് ബഷീറിനെ നേരിടുന്നത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.അബ്ദുറഹ്മാനാണ്..

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്നേ തന്നെ ഇ ടിയും പ്രവര്‍ത്തകരും ഇത്തവണയും മണ്ഡലത്തില്‍ സജീവമാണ്. കാര്യമായ വെല്ലുവിളികള്‍ ഇല്ലാതെ വിജയിച്ച് കയറാനാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടാവും.മണ്ഡലത്തിന്റെ ചില മേഖലകളില്‍ ലീഗ്, കോണ്‍ഗ്രസ് തര്‍ക്കവും കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങള്‍ തന്നെയാണ്.എന്നാല്‍ അത്തരം തര്‍ക്കങ്ങള്‍ ഒന്നും തന്നെ വിജയത്തെ ബാധിക്കത്തക്ക വിധം വളര്‍ന്നിട്ടില്ലെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നുണ്ട്.

മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് എല്‍ഡിഎഫ് ഇക്കുറി പൊന്നാനിയില്‍ മത്സരിപ്പിക്കുന്ന വി അബ്ദുറഹ്മാന്‍.പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മത്സരരംഗത്ത് വന്‍ മുന്നേറ്റം നടത്തുന്നുണ്ട് അദ്ദേഹം എന്നാണ് വാര്‍ത്തകള്‍.

കഴിഞ്ഞ തവണ ഹുസൈണ്‍ രണ്ടത്താണിയെ രംഗത്തിറക്കിയ പരീക്ഷണം ഇടതുമുന്നണിക്ക് കുറച്ചൊക്കെ ക്ഷീണം ചെയ്തു. വിജയിക്കാനായില്ലെന്നു മാത്രമല്ല രണ്ടത്താണിയുടെ സ്ഥാനാര്‍ത്ഥിത്വം മുന്നണിയില്‍ തര്‍ക്കമുണ്ടാക്കുകയും ചെയ്തു. ഇത്തവണ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ വന്ന അബ്ദുറഹ്മാന്‍ തിരൂര്‍ മുനിസിപ്പാലിറ്റിയില്‍ പതിനഞ്ച് വര്‍ഷം കൌണ്‍സിലറായിരുന്നു. കൂടാതെ മണ്ഡലത്തില്‍ നല്ല വ്യക്തിബന്ധമുള്ള നേതാവ് കൂടിയാണ് അബ്ദുറഹ്മാന്‍.അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ വ്യക്തിപ്രഭാവം വോട്ടായി മാറുമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷയില്‍ അടിസ്ഥാനമുണ്ട് താനും.അഴിമതിയ്ക്കും വിലക്കയറ്റത്തിനും പുറമേ കോണ്‍ഗ്രസ് ലീഗ് തര്‍ക്കങ്ങളും മുസ്ലീം ലീഗ് സ്ഥാനാര്‍ഥിക്ക് വിനയാകാന്‍ സാധ്യതയുണ്ട്.

ബിജെപിക്ക് വേണ്ടി കെ നാരായണന്‍ മാസ്റ്ററും, ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി ഷൈലോക്ക് പിവിയും മത്സരരംഗത്തുണ്ട് എങ്കിലും ഇവര്‍ക്ക് വലിയ സ്വാധീനമൊന്നും ഇവിടെ ഉണ്ടാക്കാനാവില്ല.

ആരും വിചാരിക്കാത്തത്ര സങ്കീര്‍ണ്ണമായ ഘടകങ്ങള്‍ പൊന്നാനിയില്‍ വിധി നിര്‍ണ്ണയിക്കും.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും(81918) ,ലോകസഭാ തിരഞ്ഞെടുപ്പിലും (82684 )ഏകദേശ സാമ്യമുള്ള ഭൂരിപക്ഷം യൂ ഡി എഫ് ഈ മണ്‍ഡലത്തില്‍ നേടിയിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായ അടിയൊഴുക്കുകള്‍ ഇടതുമുന്നണിയ്ക്ക് അനുകൂലമായ അട്ടിമറികള്‍ സൃഷ്ട്ടിച്ചെക്കുമെന്ന ധാരണയാണ് എനിക്കുള്ളത്.

Scroll To Top