Monday February 20, 2017
Latest Updates

പെനാലിറ്റി പോയിന്റ് വിവാദം :അലന്‍ ഷാറ്റര്‍ മാപ്പ് പറഞ്ഞു ,എന്ടാ കെന്നി സര്‍ക്കാര്‍ പ്രതിസന്ധിയിലേയ്ക്ക്

പെനാലിറ്റി പോയിന്റ് വിവാദം :അലന്‍ ഷാറ്റര്‍ മാപ്പ് പറഞ്ഞു ,എന്ടാ കെന്നി സര്‍ക്കാര്‍ പ്രതിസന്ധിയിലേയ്ക്ക്

ഡബ്ലിന്‍:സ്വന്തക്കാര്‍ക്കും പ്രമുഖര്‍ക്കും വേണ്ടി ഗാര്‍ഡ പെനാലിറ്റി പോയിന്റുകളില്‍ തിരിമറി നടക്കുന്നുണ്ടെന്ന രഹസ്യാന്വേഷകരുടെ കണ്ടെത്തലിനെ തുടര്‍ന്ന് എന്റകെന്നി സര്‍ക്കാര്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.ഈ ആരോപണം കത്തിനില്‍ക്കവേ ,ഗൌരവമേറിയ മറ്റൊരു കണ്ടെത്തല്‍ കൂടി വന്നതോടെ ഗാര്‍ഡാഫോഴ്‌സിന്റെ തലവന്‍ മാര്‍ട്ടിന്‍ കള്ളിനാന്‍ ഇന്നലെ രാജിവെച്ചിരുന്നു.

പെനാലിറ്റി പോയിന്റ് വിവാദത്തിന് പുറമേ, രാജ്യത്തെ ഗാര്‍ഡ സ്റ്റേഷനുകളില്‍ നിന്നും അവിടേക്കും വരുന്ന ഫോണ്‍ കോളുകള്‍ നിയമ വിരുദ്ധമായി ടേപു ചെയ്യപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തയാണ് രണ്ടാമത് വിവാദമായി മാറിയത്.ആരോപണം ശക്തമാണെന്നും ഇത് പല കേസുകളെയും പുനരന്വേഷിക്കാനുള്ള നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ഒട്ടേറെ വികസിത രാജ്യങ്ങളില്‍ ഇത്തരത്തില്‍ പെട്ടെന്നുള്ള രാജി സ്വാഭാവികമായിരുന്നുവെങ്കിലും അയര്‍ലണ്ടില്‍ പതിവില്ലാത്തതു തന്നെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു പത്രപ്രവര്‍ത്തകയുടെ ജോലി തന്നെ തെറിച്ചിട്ടുമുണ്ട്

വിവാദങ്ങളെ ചൊല്ലി രാജ്യത്ത് പ്രധാനമന്ത്രിയ്ക്കും,നീതിന്യായ മന്ത്രി അലന്‍ ഷാറ്റര്‍ക്കുമെതിരെ പ്രതിഷേധം ഉയരുകയാണ്, പ്രധാനമന്ത്രി എന്റ കെന്നി കഴിവേറിയ ഒരു രാഷ്ട്രീയ നേതാവും ഭാഗ്യം വേണ്ടുവോളം അനുഗ്രഹിച്ചിട്ടുള്ള ഒരു വ്യക്തിയുമാണ്. പലപ്പോഴും കഴിവും ഭാഗ്യവും അദ്ദേഹത്തിന്റെ കൂടെ നിന്നതിനാലാവാം പല വിവാദങ്ങളും ഉയരും മുന്നേ തന്നെ പരിഹരിക്കാന്‍ എന്റ കെന്നിക്ക് സാധിച്ചത്. മൂന്നു വര്‍ഷക്കാലമായി ഭരണത്തില്‍ കയറിയ മുതല്‍ തന്നെ ഈ ഒരു രീതിയാണ് കെന്നി തുടര്‍ന്നു പോന്നത്.എന്നാല്‍ ഇന്നലെ മന്ത്രിസഭയിലെ ഉന്നതനായ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ലിയോ വരെദ്കര്‍ പോലും സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട രീതിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.

ആദ്യമായി ഒരു കുടുക്കിലേയ്ക്ക് പോവുകയാണ് പ്രധാനമന്ത്രി. മുതിര്‍ന്ന ഗാര്‍ഡ ഉദ്യോഗസ്ഥനായ മാര്‍ട്ടിന്‍ കള്ളിനാന്റെ രാജിയാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്ക് തലവേദനയായി മാറിയിരിക്കുന്നത്. ഇതിനകം തന്നെ കള്ളിനാന്റെ രാജി ഒട്ടേറെ വാര്‍ത്തകള്‍ സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്.
കള്ളിനാന്റെ രാജി ഏറ്റവും കൂടുതല്‍ പ്രശ്‌നത്തിലാക്കിയത് നിയമവകുപ്പ് മന്ത്രി അലന്‍ ഷാറ്ററിനെയാണ്. കള്ളിനാനുമായി കൂടുതല്‍ അടുപ്പമുണ്ടായിരുന്ന ഷാറ്ററിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുകയുണ്ടായി.

രണ്ട് വിസ്ല്‌ബ്ലോവര്‍മാര്‍ (സര്‍ക്കാര്‍ സംവിധാനത്തിലെ പോരായ്മകളും അസ്വാഭാവികമായ നീക്കങ്ങളും രഹസ്യമായി അന്വേഷിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ നിയുക്തരായ ഉദ്ദ്യോഗസ്ഥര്‍) ഗാര്‍ഡ കമ്മീഷണറുടെ ഓഫീസില്‍ ബന്ധപെട്ട് പെനാലിറ്റി പോയിന്റുകളില്‍ നടക്കുന്ന കൃത്രിമ നടപടികളെ കുറിച്ചു റിപ്പോര്‍ട്ട് നല്കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത്. എന്നാല്‍ നന്ദി പറയേണ്ടതിന് പകരമായി അവരുടെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുകയാണ് കള്ളിനാന്‍ ചെയ്തത്.കള്ളിനാനെ പിന്തുണച്ച് രംഗത്തുവന്ന മന്ത്രി അലന്‍ ഷാറ്റര്‍ രഹസ്യന്വേഷകരെ കുറ്റപ്പെടുത്തി ഡയലില്‍ ആദ്യം പ്രതീകരിച്ചെങ്കിലും അതിന്റെ പേരില്‍ ഇന്നലെ പരസ്യമായി ക്ഷമായാചനം ചെയ്യേണ്ടിവന്നു.

ഇപ്പോള്‍ കെന്നി പറയുന്നത് ഇതിന്റെ പേരില്‍ താന്‍ ഒരിക്കലും നിയമമന്ത്രി അലന്‍ ഷാറ്ററിന്റെ രാജി ആവശ്യപ്പെടില്ലെന്നാണ്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ ചൂടുപിടിക്കവേ കെന്നി തന്നെ അത് ചെയ്യേണ്ടി വരും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയുമാണ്

മുന്‍ ഭരണങ്ങളെയൊക്കെ കണക്കിലെടുക്കുമ്പോള്‍ വളരെ സുതാര്യമായ ഒരു സര്‍ക്കാരായിരുന്നു എന്റ കെന്നിയുടേത് എന്ന് വ്യക്തമാണ്. എന്നാല്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും എന്നും കെന്നി ഭരണത്തിന് കൂട്ടായിട്ടുണ്ടായിരുന്നു

ലേബര്‍ പാര്‍ട്ടിയില്‍ നിന്നും മറ്റുമായി പല നേതാക്കളും കൊഴിഞ്ഞുപോയത് വരുന്ന ഇലക്ഷനുകളെ ബാധിച്ചേക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ നീക്കിക്കൊണ്ടുപോയിരിക്കുകയാണ്. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചേക്കാനും ഇത്തരത്തിലുള്ള പ്രശ്‌നം ലേബര്‍ പാര്‍ട്ടിക്ക് പ്രചോദനമായേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്

Scroll To Top