Monday January 22, 2018
Latest Updates

പുതിയ പ്രസിഡണ്ടിനെ കാട്ടി സംസ്ഥാന സര്‍ക്കാരിന് മൂക്ക് കയറിടാന്‍ ബി ജെ പി ശ്രമമെന്ന് ആരോപണം,തിരുവനന്തപുരത്തെ ഞൊടിയിടയ്ക്കുള്ളില്‍ ശാന്തമാക്കി പിണറായി 

പുതിയ പ്രസിഡണ്ടിനെ കാട്ടി സംസ്ഥാന സര്‍ക്കാരിന് മൂക്ക് കയറിടാന്‍ ബി ജെ പി ശ്രമമെന്ന് ആരോപണം,തിരുവനന്തപുരത്തെ ഞൊടിയിടയ്ക്കുള്ളില്‍ ശാന്തമാക്കി പിണറായി 

തിരുവനന്തപുരം:പുതിയ രാഷ്ട്രപതിയെ കാട്ടി വൃത്തികെട്ട രാഷ്ട്രീയകളിയ്ക്ക് ബി ജെ പി കേന്ദ്രനേതൃത്വം മുതിരുന്നതായി സൂചനകള്‍.

ആര്‍എസ്എസ് നേതാവ് രാജേഷിന്റെ കൊലപാതകം ഉള്‍പ്പെടെ, കേരളത്തില്‍ രൂക്ഷമാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ ഇതേ അളവില്‍ മുന്നോട്ടു പോയാല്‍ ഇടതു സര്‍ക്കാരിനു കനത്ത നഷ്ടം പേറേണ്ടിവന്നേക്കുമെന്ന ശക്തമായ സൂചനകളാണ് തിരുവനന്തപുരത്തെ സംഭവവികാസങ്ങളുടെ പിന്നാലെ ഇന്നലെ ഉണ്ടായത്.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് ഏതു തരത്തിലും വരുത്തിത്തീര്‍ക്കാന്‍ ബിജെപി നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. മൂന്നുനാലു ദിവസമായി തലസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഘര്‍ഷം കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ പ്രശ്നങ്ങള്‍ക്കു തുടക്കം കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നിന്നുണ്ടായ പ്രശ്നങ്ങളാണ്. അവിടെ വച്ചുതന്നെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ആറ്റുകാലില്‍ സിപിഎം കൗണ്‍സിലറുടെ വീട് ആക്രമിക്കുന്നതു വരെ കാര്യങ്ങള്‍ എത്തിയത്.

പക്ഷേ, ഭരണം കൈയാളുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഎം സംയമനം കാട്ടേണ്ടതുണ്ടായിരുന്നു. പക്ഷേ, സിപിഎമ്മിന്റെ കൗണ്‍സിലറും എസ് എഫ് ഐ നേതാവുമടക്കം പോയാണ് ബിജെപി ഓഫീസ് ആക്രമിച്ചത്. സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ അകത്ത് ഉറങ്ങുമ്പോഴാണ് ഓഫീസ് ആക്രമിക്കപ്പെട്ടത്.

കാര്യങ്ങള്‍ കൈവിട്ടു പോകുമായിരുന്നുവെങ്കിലും കൈയോടെ തന്നെ സ്വന്തം നേതാക്കളെ മുഖം നോക്കാതെ പിടിച്ച് അകത്തിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആ ഊരാക്കുടുക്കില്‍ നിന്നു തലയൂരിയത്. കോടിയേരി ബാലകൃഷ്ണന്റെ വീട് ആക്രമിച്ചവരെ പിന്നീടാണ് പൊലീസ് തിരഞ്ഞിറങ്ങിയത്.

അവിടെയും കാര്യങ്ങള്‍ നില്ക്കാതെയാണ് ആര്‍എസ്എസ് കാര്യവാഹകിനെ കണ്ണൂര്‍ ശൈലിയില്‍ മാരകമായി വെട്ടിക്കൊന്നിരിക്കുന്നത്. ഇനി ഇതിനു കണക്കു തീര്‍ക്കാന്‍ ബിജെപി പക്ഷം ആരെയെങ്കിലും വകവരുത്തിയാല്‍ സംഘര്‍ഷം ഇനിയും മൂര്‍ച്ഛിക്കും.

കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ചു തീര്‍ച്ചയായും ഗവര്‍ണര്‍ക്ക് കേന്ദ്രത്തിനു റിപ്പോര്‍ട്ട് കൊടുക്കേണ്ടതുണ്ട്. മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളും റിപ്പോര്‍ട്ട് കൊടുക്കും. വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ചീഫ് സെക്രട്ടറിയില്‍ നിന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയും നേരിട്ടു വിവരം ശേഖരിക്കും.

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കേന്ദ്രം ആഗ്രഹിക്കുന്ന വടി കേരളം തന്നെ കൊടുക്കുന്നതിനു തുല്യമായി മാറും. ഭരണഘടനയുടെ 356 ാം വകുപ്പ് പ്രയോഗിക്കാന്‍ കേന്ദ്രത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നു ചുരുക്കം.

ഇത്രകാലവും രാഷ്ട്രപതി ഭവനില്‍ കോണ്‍ഗ്രസുകാരനായ പ്രണബ് മുഖര്‍ജി ഉണ്ടായിരുന്നത് പല കക്ഷികള്‍ക്കും ആശ്വാസമായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നതും സിപിഎം നേതൃത്വം ഓര്‍ക്കേണ്ടതുണ്ട് എന്നത് തന്നെ.
ജമ്മു കശ്മീരില്‍ പോലും ഭരണ പങ്കാളിത്തം നേടിയ ബിജെപിയെ സംബന്ധിച്ച് ബാലികേറാ മലയായി ശേഷിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും പശ്ചിമ ബംഗാളും. രണ്ടിടത്തും കയറിപ്പറ്റാന്‍ അവര്‍ സാദ്ധ്യമായ വഴികളൊക്കെ തിരയുമെന്നിരിക്കെ, ചില ഓര്‍മകള്‍ സിപിഎം-സിപിഐ നേതൃത്വങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കുമെന്നാണ് മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകരെ പിണറായി വിജയന്‍ ഇറക്കി വിട്ടിരുന്നു.ക്ഷോഭം നിയന്ത്രിക്കാനാവാത്ത മുഖ്യമന്ത്രിയുടെ സ്വരം പെട്ടന്ന് പൊട്ടി പുറപ്പെട്ട അസാധാരണ സംഘര്‍ഷങ്ങളുടെ ബാക്കി പത്രമായാണ് വിലയിരുത്തപ്പെട്ടത്.

Scroll To Top